കോട്ടയം പ്രദീപിന്റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

കോട്ടയം പ്രദീപിന്റെ മരണത്തില്‍ സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ അനുശോചനം അറിയിച്ചു. പ്രശസ്ത സിനിമാ, നാടക നടൻ കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും കഴിഞ്ഞ പത്തുവർഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നിൽക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനിയുമേറെ ഉയരങ്ങളിൽ എത്തുവാനും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അവസരം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം വിടവാങ്ങിയത് മലയാള സിനിമയുടെ കൂടെ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും കലാലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ…. മന്ത്രി പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

 രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്.

ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് 1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍ അഭിനയിച്ചു. 2009 ല്‍ ഗൗതം മേനോന്റെ ”വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാള്‍ വഴി ഒഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു.

അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ മായ, മക്കള്‍ വിഷ്ണു, വൃന്ദ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News