നഗരസഭ ഭരണ സമിതിയുടെ അനാസ്ഥ; കാസർകോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള

കാസർകോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രിക്കകത്തെ തേക്ക് മരമുൾപ്പെടെയാണ് മുറിച്ച് കടത്തിയത്. ആശുപത്രിയിലെ റോഡ് വികസനത്തിന്റെ മറവിലാണ് മരങ്ങൾ മുറിച്ച് കടത്തിയത്. നഗരസഭ ഭരണ സമിതിയുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് ആരോപണം.

കാസർകോഡ് ജനറൽ ആശുപത്രി വളപ്പിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ച് കടത്തിയത്. അഞ്ച്‌ തേക്ക് മരവും രണ്ട്‌ വാകയുമുൾപ്പെടെയുള്ള മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്.  രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും മുറിച്ച വലിയ മരങ്ങൾ അപ്പോൾ തന്നെ ലോറിയിൽ കടത്തികൊണ്ടു പോയി.

തേക്കുൾപ്പെടെയുള്ള മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിന് മുന്നോടിയായി വെട്ടി മാറ്റിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് വികസനം വർഷങ്ങളായി നഗരസഭയുടെ പരിഗണനയിലുള്ള കാര്യമാണ്. പ്രധാന ഗേറ്റിലൂടെ പ്രവേശിച്ച്‌ ആശുപത്രിയുടെ പിറകിലേക്ക് ഇറങ്ങുന്ന തരത്തിൽ വൺവേ ഗതാഗത സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

ആശുപത്രി വികസനത്തിന്‌ തടസ്സമാകുന്ന മരങ്ങൾ മുറിക്കാനും പഴ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനും കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ വി എം മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.  മൂന്ന്‌ തേക്ക്‌ മരവും രണ്ട്‌ വാകയും മുറിക്കാനാണ്‌ തീരുമാനമെടുത്തത്.

എന്നാൽ  ടെൻഡർ പൂർത്തിയാകും മുമ്പാണ്‌ അനുമതിയില്ലാതെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വലിയ മരങ്ങൾ മുറിച്ചുകടത്തിയത്‌. കാസർകോഡ് നഗരസഭാ ഭരണ സമിതിയുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

റോഡ് വികസനവുമായി ബന്ധമില്ലാത്ത ഭാഗത്തെ മരങ്ങളടക്കം നിലവിൽ മുറിച്ചു മാറ്റിയിട്ടുണ്ട്.  മരം കൊള്ളക്കെതിരെ പ്രതിഷേധമുയർന്നതോടെ മരം മുറി താത്ക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News