നടി ആക്രമിക്കപ്പെട്ട കേസ്: കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം

കേരളമനസാക്ഷിയെ ഞെട്ടിച്ച നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. യുവനടിക്കു നേരെ സഹപ്രവർത്തകൻ നൽകിയ ബലാത്സംഘ ക്വട്ടേഷന്റെ ഞെട്ടിക്കുന്ന ഓർമയാണ് നടിയെ അക്രമിച്ച കേസ്.

5 വർഷം പൂർത്തിയാകുമ്പോൾ അതിജീവിതയുടെ നിയമ പോരാട്ടം അനന്തമായി തുടരുകയാണ്. 2017 ഫെബ്രുവരി 17നാണ് എറണാകുളം അങ്കമാലിക്ക് അടുത്ത് വച്ച് യുവനടിക്കു നേരെ ആക്രമണം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നടിയുടെ കാർ തടഞ്ഞു നിർത്തി അക്രമികൾ നടിയെ തട്ടിക്കൊണ്ടുപോയി.

ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് അതിക്രൂരമായി ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചു. കേസിൽ ദിവസങ്ങൾക്കകം തന്നെ പ്രതി പൾസർ സുനിയെ പൊലീസ് പിടികൂടി. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് സുനി വെളിപ്പെടുത്തിയില്ല.

പക്ഷേ പള്‍സര്‍ സുനി ജയിലിൽ നിന്ന് ദിലീപുമായി ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ വഴിത്തിരിവായി. 2017 ജൂലൈ 10ന് ദിലീപിനെ  പൊലീസ് അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ദിലീപിന് ജാമ്യം. പിന്നിട് കേസില്‍ അതിനാടകീയ മായ സംഭവ വികാസങ്ങളാണ് നടന്നത്.

നിരവധി തവണ വിചാരണ നടപടികള്‍ നീണ്ടുപോയി. ഒപ്പം കോടതി നടപടികളില്‍ ഇരയാക്കപ്പെട്ട നടിയും പ്രോസിക്യൂഷനും അതൃപ്തി പരസ്യപ്പെടുത്തി.  പ്രോസിക്യൂട്ടര്‍ രാജിവച്ചു. പല സാക്ഷികളും കൂറുമാറി. ഇതിനിടയിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്ക് മുന്‍പില്‍ എത്തുന്നത്.

കേസ് വീണ്ടു വഴിത്തിരിവിലേക്ക്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം ആരംഭിച്ചു. ഒപ്പം നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപും സഹോദരൻ അനൂപുമുൾപ്പടെ 6 പേർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ഈ കേസിൽ  ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം 11 മണിക്കൂർ വീതം  ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപുൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിന്റെ വക്കിലെത്തിയെങ്കിലും ഹൈക്കോടതിയുടെ കനിവിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു.

നിലവിൽ നടിയെ അക്രമിച്ച കേസിൽ തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തിവെക്കണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിപ്പുറം ഇപ്പോഴും നീതികിട്ടാതെ അതിജീവിത നിയമപോരാട്ടത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News