അറസ്റ്റ് തടയാന്‍ പ്രതിയും അഭിഭാഷകനും ഹൈക്കോടതിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസ് ഇന്ന് പരിഗണിക്കും

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് തടയാന്‍ പ്രതിയും അഭിഭാഷകനും ചേര്‍ന്ന് ഹൈക്കോടതിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ് ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന്‍, ഹൈക്കോടതി രജിസ്ട്രാറിന് കൈമാറിയ പരാതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് പരിഗണിക്കുക.

ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഉത്തരവില്‍ കൃത്രിമം നടത്തി തിരുവനന്തപുരം സ്വദേശി പ്രശാന്ത് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും അഭിഭാഷകന്‍ മോചിപ്പിച്ചെന്നാണ് പരാതി. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം 20നാണ് പ്രശാന്ത് കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

21ന് അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് കേസ് മാറ്റി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച കരമന പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തൊട്ടുപിന്നാലെയാണ് ഷാനു എന്ന അഭിഭാഷകന്‍ പൊലീസ് സ്റ്റേഷനിലെത്തുകയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് അറിയിച്ചത്.

ഹൈക്കോടതി വെബ്‌സൈറ്റില്‍ ലഭിക്കുന്ന കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് കോപ്പിയും വാട്‌സ് ആപ്പ് വഴി പൊലീസിന് കൈമാറി പ്രതിയെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതി വെബ്‌സൈറ്റില്‍ പരിശോധിച്ചെങ്കിലും അറസ്റ്റ് തടഞ്ഞുളള ഇടക്കാല ഉത്തരവ് കണ്ടെത്താനായില്ല.

പൊലീസ് ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറെ ബന്ധപ്പെട്ടപ്പോഴാണ് ഇടക്കാല ഉത്തരവിറക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ കൈമാറിയത് വ്യാജരേഖയാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഉത്തരവില്‍ കൃത്രിമം കാണിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതി രജീസ്ട്രാര്‍ ജനറലിന് പരാതി നല്‍കുകയായിരുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്റ ബെഞ്ചാണ് പ്രോസിക്യൂഷന്റെ പരാതി പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here