വിഴിഞ്ഞം തുറമുഖ റെയിൽ ഇടനാഴി പദ്ധതിക്ക് തുരങ്കം വയ്ക്കാൻ റെയിൽവേ ശ്രമിക്കുന്നു: ജോൺ ബ്രിട്ടാസ് എംപി

നിർമാണം പൂർത്തിയാകുന്നതോടു കൂടി രാജ്യത്തെതന്നെ ഏറ്റവും ആഴമുള്ള തുറമുഖമായി മാറാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് റെയിൽ കണക്ടിവിറ്റി ഒരുക്കുന്നതിലും സാമ്പത്തിക സഹായം നൽകുന്നതിലും കേന്ദ്ര ഗവൺമെന്റും റെയിൽവേയും തുടരുന്ന ഉദാസീനതയും പ്രതികൂല മനോഭാവവും ചൂണ്ടിക്കാട്ടി രാജ്യസഭാഗം ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

നിർമാണം പൂർത്തിയാകുന്നതോടെ വലിപ്പം കൂടിയ മദർ ഷിപ്പുകൾ ഉൾപ്പെടെ അടുക്കുവാൻ കഴിയുന്ന തുറമുഖമായിട്ടുകൂടി വിഴിഞ്ഞം തുറമുഖത്തെ മേജർ പോർട്ടായി പരിഗണിച്ച് സാഗർമാല പദ്ധതിയിലുൾപ്പെടുത്തി റെയിൽ കണക്ടിവിറ്റിക്ക് വേണ്ട സാമ്പത്തിക സഹായം നൽകുവാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

തുറമുഖം പ്രവർത്തനസജ്ജമാക്കുവാൻ കേരള സർക്കാർ വർഷങ്ങൾക്കു മുമ്പ് തന്നെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മുഖേന വിഴിഞ്ഞം തുറമുഖത്ത് നിന്നു ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ റെയിൽ ലൈൻ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിരുന്നതാണ്.

ഇതിന് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. കൊങ്കൺ റെയിൽ കോർപ്പറേഷൻ വിശദമായ പഠനത്തിനുശേഷം 1053 കോടി രൂപയുടെ എസ്റ്റിമേറ്റോടു കൂടിയുള്ള ഡിപിആറും മറ്റും തയ്യാറാക്കി ദക്ഷിണ റെയിൽവേയ്ക്ക് അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.

തദ്ദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കുക, പാരിസ്ഥിതികാഘാതം പരമാവധി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയും മറ്റും ആകെയുള്ള 10.7 കിലോമീറ്റർ ദൂരത്തിൽ 9.02 കിലോമീറ്ററും ഭൂഗർഭ തുരങ്കമായിട്ടാണ് ഡിപിആറിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതുവഴി ഈ റൂട്ടിന്റെ ആരംഭ-അന്തിമ ഇടങ്ങളിൽ മാത്രം സ്ഥലങ്ങൾ ഏറ്റെടുത്താൽ മതിയാകും എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു.

ഇന്ത്യയിൽ റെയിൽ തുരങ്കങ്ങളുടെ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ 1053 കോടി രൂപയുടെ ഈ എസ്റ്റിമേറ്റ് വർഷങ്ങളുടെ കാലവിളംബത്തോടു കൂടി ദക്ഷിണ റെയിൽവേ ഏതാനും നാളുകൾക്കു മുമ്പ് അംഗീകരിക്കുന്ന സമയത്ത് അകാരണമായും ഏകപക്ഷീയമായും 2104 കോടി രൂപയായി ഉയർത്തി.

ഇങ്ങനെ ഇരട്ടിയിലധികം വർധന പദ്ധതി ചെലവിൽ വരുത്തിയത് സംബന്ധിച്ച് എംപി നേരത്തെ രാജ്യസഭയിൽ റെയിൽവേ മന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നുവെങ്കിലും വ്യക്തവും യുക്തിഭദ്രവുമായ വിശദീകരണം നൽകുവാൻ റെയിൽവേയ്ക്ക് കഴിഞ്ഞിരുന്നില്ല.

മറിച്ച് ദക്ഷിണ റെയിൽവേ ഈ റീജിയണിൽ നടത്തിവരുന്ന സമാന റെയിൽവേ പ്രോജക്ടുകളുടെ അനുഭവ പാഠങ്ങളിൽ നിന്നാണ് എസ്റ്റിമേറ്റ് തുക ഇരട്ടിയായി ഉയർത്തുവാൻ തീരുമാനമെടുത്തതെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് റെയിൽവേ നൽകിയത്.

കൊങ്കൺ റെയിൽ കോർപ്പറേഷൻ പോലെ പരിണിതപ്രജ്ഞമായ ഒരു സ്ഥാപനം തയ്യാറാക്കിയ ഡിപിആർ തുക ഇരട്ടിയോളം വർദ്ധിപ്പിക്കുന്നതിന്റെ കാര്യകാരണങ്ങൾ യുക്തിസഹമായി വിശദീകരിക്കുവാൻ പോലും റെയിൽവേയ്ക്ക് കഴിയുന്നില്ല എന്നത് കേരളത്തിന്റെ റെയിൽവേ പദ്ധതികളോടുള്ള കേന്ദ്രത്തിന്റെയും റെയിൽവേയുടേയും സമീപനം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ്.

1053 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ഏതാണ്ട് 536 കോടി രൂപയാണ് കൊങ്കൺ റെയിൽ കോർപ്പറേഷൻ തുരങ്ക നിർമാണ ചെലവിനത്തിൽ ഉൾക്കൊള്ളിച്ചിരുന്നതെങ്കിലും കാര്യകാരണങ്ങൾ വ്യക്തമായി വിശദീകരിക്കാതെ ദക്ഷിണ റെയിൽവേ അത് ഇരട്ടിയിലധികമായി വർധിപ്പിച്ചതായാണ് മനസ്സിലാകുന്നത്.

കൂടാതെ തുരങ്ക പാതയുടെ മുകളിലുള്ള ഭൂമിയുടെ റൈറ്റ് ഓഫ് വേ സംസ്ഥാനം വാങ്ങണമെന്ന തികച്ചും അനാവശ്യമായ ഒരു പുതിയ വ്യവസ്ഥ കൂടി ദക്ഷിണ റെയിൽവേ മുന്നോട്ടുവച്ചിട്ടുണ്ട്. റൈറ്റ് ഓഫ് വേ വാങ്ങുന്നതിനും മറ്റുമായി ഏതാണ്ട് 200 കോടി രൂപയോളം പദ്ധതി ചെലവിനത്തിൽ അധികമായി ഉൾക്കൊള്ളിച്ചിട്ടുള്ളതായും മനസ്സിലാക്കുന്നു.

ഇതിനോടകം കേരളത്തിൽ ദക്ഷിണ റെയിൽവേ നിർമ്മിച്ച് പ്രവർത്തിപ്പിച്ചുവരുന്ന തുരങ്കപാതകളുടെ മുകളിൽ റൈറ്റ് ഓഫ് വേ ദക്ഷിണ റെയിൽവേ വാങ്ങിയിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ഈ പദ്ധതിയോടുള്ള റെയിൽവേയുടെ തത്വദീക്ഷയില്ലാത്ത സമീപനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ കഴിയുക.

റെയിൽവേയുടെ വാദങ്ങൾ ഖണ്ഡിച്ചുകൊണ്ടും പദ്ധതിച്ചെലവ് 1060 കോടിയായി മരവിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടും കൊങ്കൺ റെയിൽവേ സമർപ്പിച്ച അപേക്ഷയിന്മേൽ നാളിതുവരെയായി ഒരു മറുപടിയും റെയിൽവേ നൽകിയിട്ടില്ല.

ഡിപിആർ അംഗീകരിക്കുന്നത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ കൈക്കൊണ്ട നടപടികൾ പുനഃപരിശോധിക്കണമെന്നും തുറമുഖ റെയിൽ നിർമാണത്തിന് വേണ്ടി സാഗർമാല പദ്ധതിയിൽ പ്രതിപാദിക്കും പ്രകാരമുള്ള സാമ്പത്തിക സഹായം കേന്ദ്രം നൽകണമെന്നും റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News