കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രം

കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവസാനം ചട്ടത്തിൽ മാറ്റങ്ങൾ നിർദേശിച്ച് ഒരു കരട് വിജ്ഞാപനം കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്‍തു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാ​ലു വ​യസി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​രു​ച​ക്ര​വാ​ഹന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റും ഡ്രൈ​വ​റു​​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബെ​ൽ​റ്റും നി​ർ​ബ​ന്ധ​മാ​ക്കിയാണ് കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം വിജ്ഞാപനം പുറത്തിറക്കിയത്. കു​ട്ടി​ക​ളു​മാ​യി പോ​വു​മ്പോ​ൾ പ​ര​മാ​വ​ധി വേ​ഗം 40 കി​ലോ​മീ​റ്റ​റി​ൽ കൂ​ട​രു​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം നി​ർ​ദേ​ശി​ക്കു​ന്നു. 1989ലെ ​കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്‍താണ് പു​തി​യ നി​ബ​ന്ധ​ന ഉ​ൾ​​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പുതിയ ട്രാഫിക് നിയമങ്ങൾ റൈഡർമാർക്ക് ഹെൽമെറ്റും ഹാർനെസ് ബെൽറ്റും ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നു. മാത്രമല്ല കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പുതിയ ട്രാഫിക് നിയമം ലംഘിച്ചാൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം ഉൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്. നാലു വയസ് വരെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷാ ഹാർനെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവൻ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാൻ റൈഡർ കുട്ടിയെ സുരക്ഷാ ഹാർനെസ് ഉപയോഗിച്ച് ബന്ധിച്ചിരിക്കണം. അതായത് കു​ട്ടി​യെ ഓ​വ​ർ​കോ​ട്ടു​പോ​ലു​ള്ള ര​ക്ഷാ​ക​വ​ചം ധ​രി​പ്പി​ച്ച ശേ​ഷം അ​തി​​ന്റെ ​ബെ​ൽ​റ്റ് ഡ്രൈ​വ​റു​ടെ ദേ​ഹ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം.

ഇരുചക്രവാഹനങ്ങൾക്കുള്ള പുതിയ നിയമങ്ങൾ നാലു വയസ്സുവരെയുള്ള കുട്ടികൾ ക്രാഷ് ഹെൽമെറ്റോ സൈക്കിൾ ഹെൽമെറ്റോ ധരിക്കുന്നത് നിർബന്ധമാക്കുന്നു. ഹെൽമെറ്റുകൾ സർക്കാർ നിഷ്‍കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾക്കായി ഹെൽമറ്റ് നിർമിക്കാൻ കേന്ദ്രം നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിയമം നിർബന്ധമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here