കര്‍ണാടകയിലെ ഹിജാബ് വിലക്ക് ; ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം

കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അല്‍ അസല ബ്ലോക്ക് പ്രസിഡന്റും സര്‍വീസെസ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ അന്‍സാരി, എംപി അബ്ദുല്‍ റസാഖ് അല്‍ ഹത്തബ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം പാര്‍ലമെന്റ് ഐക്യകണേ്ഠനെ അംഗീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി ശക്തി കേന്ദ്രമായ സംസ്ഥാനത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത്. ഓരോ വ്യക്തികള്‍ക്കും ഇഷ്ടമുളള വസ്ത്രം ധരിക്കാനും ഇഷ്ടമുളള മതം സ്വീകരിക്കാനും അവകാശം നല്‍കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ.

ഇങ്ങനെയൊരു രാജ്യത്തെ സംസ്ഥാനത്താണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ വിലക്കുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കണമെങ്കില്‍ ഹിജാബ് അഴിച്ചുവെക്കേണ്ട സാഹചര്യമാണുളളത്. ഇത് മനുഷ്യവിരുദ്ധവും നീതികരിക്കാനാകാത്തതും പക്ഷപാതപരവുമാണെന്നും അടിയന്തിരമായി അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ മൗനസമ്മതത്തോടു കൂടിയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് എംപിമാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അത് അവരുടെ മതപരമായ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കില്‍, അവര്‍ ഇഷ്ടപ്പെട്ടത് ധരിക്കാനുള്ള അവകാശം ഉണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി. മതപരമായ സഹിഷ്ണുതയും സ്വാതന്ത്ര്യവും അടിസ്ഥാന അന്താരാഷ്ട്ര മനുഷ്യാവകാശമാണ്. ഈ വിഷയം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ലോകം ഇതിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളുമായി നല്ല ബന്ധമാണ് ബഹ്‌റൈനുളളതെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കൈകൊളളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പ്രമേയമവതരിപ്പിച്ച് എംപിമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News