കേരളത്തിന്‍റെ ചരക്ക് ഗതാഗത ചരിത്രത്തില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത മേഖലയാണ് ജലഗതാഗതം. കാലംമാറിയപ്പോള്‍ കൈമോശം വന്ന ജലപാത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഭൂപ്രകൃതിയനുസരിച്ച് കേരളത്തോളം ജലപാതയുടെ സാധ്യതയുള്ള മറ്റൊരു സ്ഥലമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയപാതാ വികസനത്തോടൊപ്പം തന്നെ ജലപാതയും നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. നമ്മുടെ കനാലുകള്‍ വികസിപ്പിച്ച് അതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട കനാലാണ് കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍.
കോഴിക്കോടിനെ ഒരു കനാല്‍സിറ്റി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. കനോലി കനാലിനെ ആധുനിക നിലവാരത്തില്‍ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബി ധനസഹായത്തോടെ 1118 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.
1848 ല്‍ മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച് വി കനോലി മുന്‍കയ്യെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കനാലുകള്‍ നിര്‍മ്മിച്ചത്. പിന്നീട് നിര്‍മ്മാണത്തിന് മുന്‍കയ്യെടുത്ത കനോലിയുടെ പേരും ചേര്‍ത്ത് കനോലി കനാല്‍ എന്ന് അറിയപ്പെട്ടു. അക്കാലത്തെ വിശാലമായ ജലഗതാഗത മാര്‍ഗമായി ഇത് മാറിയെങ്കിലും കാലക്രമേണ കനാല്‍ ഉപയോഗശൂന്യമായി. കയ്യേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം കനാലിന്‍റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജലപാത വീണ്ടെടുക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം എന്ന പേരില്‍ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ വരെയാണ് ജലപാത വരുന്നത്. ചരക്ക് ഗതാഗതം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതയുടെ മുഖ്യആകര്‍ഷണമാണ്. നിലവിലുള്ള കനാല്‍ ആധുനികനിലവാരത്തില്‍ നവീകരിക്കുമ്പോള്‍ അത് കനാലിന്‍റെ വീണ്ടെടുപ്പ് കൂടിയാവും. അതോടെ കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ മനോഹരമായ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കനാല്‍തീരങ്ങളുടെ സൗന്ദര്യവല്‍കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക.
മലിനീകരണം ഒഴിവാക്കുന്നതിന് ഇന്‍റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്മെന്‍റ് സിസ്റ്റവും സ്ഥാപിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് ഒരു കനാല്‍സിറ്റിയായി അറിയപ്പെടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.