വേനല്‍ക്കാല രോഗങ്ങള്‍ ; കരുതല്‍ വേണം ഒപ്പം ജാഗ്രതയും

പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥ പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു.

വൈറല്‍പ്പനിയും ചര്‍മരോഗങ്ങളുമാണ് കൂടുതലായി കണ്ടുവരുന്നത്. വെയിലേറ്റ് വിയര്‍പ്പുതാണുണ്ടാകുന്ന ജലദോഷവും പനിയും കുറവല്ല. ഇത്തരം രോഗങ്ങളുമായി ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. കുട്ടികളിലും വയോജനങ്ങളിലുമാണ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

പകല്‍ പുറത്തിറങ്ങി വീട്ടിലെത്തിയാല്‍ ഫാനോ എ.സി.യോ ഇല്ലാതെപറ്റില്ലെന്ന അവസ്ഥയുമുണ്ട്. ഇതു നീരിറക്കത്തിനു കാരണമായി രോഗമായി മാറാന്‍ സാധ്യതയുണ്ട്.

എന്തെല്ലാമാണ് വേനല്‍ക്കാലരോഗങ്ങള്‍?

വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും അസുഖങ്ങളുണ്ടാകാം. മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് വയറിളക്കം, ചിക്കന്‍പോക്‌സ് എന്നിവയുണ്ടാകാം.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞും രോഗസാധ്യതയില്‍നിന്നകന്നുനിന്നും ഇവയെ പ്രതിരോധിക്കാം. കൂടാതെ, സൂര്യതാപമുണ്ടാകുന്നതിനും നേത്രരോഗങ്ങള്‍ക്കും സാധ്യതയുണ്ട്. വെയില്‍കൊള്ളുന്നവര്‍ക്ക് ഉയര്‍ന്ന ശരീരതാപമനുഭവപ്പെടും. ശരീരത്തിലെ ജലാംശം പെട്ടെന്നു കുറയും.

ശുചിത്വവും ശ്രദ്ധയും വേണം

ശുചിത്വംപാലിക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്തുണ്ടാകുന്ന ചര്‍മരോഗങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. വസ്ത്രങ്ങള്‍ അലക്കിയുണക്കി ഉപയോഗിക്കണം. കട്ടികുറഞ്ഞതും ഇളംനിറമുള്ളതുമായ അയഞ്ഞ വസ്ത്രങ്ങളാണു നല്ലത്. കുട്ടികള്‍ ഇറുകിയ നൈലോണ്‍ വസ്ത്രങ്ങളുപയോഗിക്കുന്നതൊഴിവാക്കണം. പ്ലാസ്റ്റിക് ഷീറ്റുകളില്‍ കുഞ്ഞുങ്ങളെ കിടത്തുന്നതൊഴിവാക്കണം.

പുറംപണി ചെയ്യുന്നവര്‍ക്ക് സൂര്യാതപമേല്‍ക്കാതിരിക്കാന്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുന്നതു നന്ന്. കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായാല്‍ ഉടനെ തണുപ്പു കിട്ടുന്നിടത്തേക്കു മാറ്റുക. ആവശ്യമായ വായുസഞ്ചാരം ലഭ്യമാക്കിയും നനഞ്ഞ തുണിയുപയോഗിച്ചു ശരീരം തണുപ്പിച്ചും പ്രാഥമിക ചികിത്സ നല്‍കാം.

വെയിലത്തു നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തരുത്. ചൂടു കൂടുതലുള്ള സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിവതും നില്‍ക്കാതിരിക്കുക. എട്ടുപത്തു ഗ്ലാസ് വെള്ളംകുടിക്കുക.നിര്‍ജലീകരണമൊഴിവാക്കാന്‍ വെള്ളം ധാരാളം കുടിക്കണം.

സോഡിയത്തിന്റെ കുറവുപരിഹരിക്കാന്‍ ഉപ്പിട്ട നാരാങ്ങവെള്ളമാകാം.
പുറത്തുനിന്നുള്ള ശീതളപാനീയങ്ങള്‍ പരമാവധി ഒഴിവാക്കി കരിക്കിന്‍വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം തുടങ്ങിയവ ശീലമാക്കാം.
ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം

പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ കൊവിഡാണെന്നുകരുതി സ്വയംചികിത്സിക്കരുത്. ഡോക്ടറുമായി വിവരം പങ്കുവെക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചികിത്സ പാടുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News