78 ടെസ്റ്റുകള്‍… പോസിറ്റീവായി തുടരുന്ന 56കാരന്‍

തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കയാസര്‍ എന്ന 56കാരന്‍ ഇതുവരെ നടത്തിയത് 78 കൊവിഡ് ടെസ്റ്റുകളാണ്. എന്നാല്‍ ഇതുവരേയും കൊവിഡ് നെഗറ്റീവ് ആയിട്ടില്ല. 14 മാസമായി പോസിറ്റീവായി തുടരുന്ന മുസാഫര്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

2020ല്‍ കൊവിഡ് സ്ഥിരീകരിക്കുമ്പോള്‍ ലുക്കീമിയ ബാധിതന്‍ കൂടിയായിരുന്നു മുസാഫര്‍. അന്നു മുതല്‍ കൃത്യമായി എല്ലാ മാസവും അദ്ദേഹം ടെസ്റ്റ് നടത്താന്‍ ആശുപത്രിയില്‍ പോകാറുമുണ്ട്. എന്നാല്‍ പരിശോധനാഫലം എന്നും പോസിറ്റീവ്. ഇതുകൊണ്ടുതന്നെ വാക്‌സിന്‍ സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

തുര്‍ക്കിയിലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കൊവിഡ് രോഗികള്‍ പൂര്‍ണമായും മുക്തി നേടിയാല്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു. ആദ്യതവണ മുസാഫര്‍ മരിച്ചു പോകുമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ 14 മാസമായി പോസിറ്റീവായി തുടരുന്ന, 78 ടെസ്റ്റുകള്‍ നടത്തിയ മുസാഫര്‍ ഇപ്പോഴും ജീവനോടെയുണ്ട്, ആരോഗ്യവാനായി തന്നെ.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, മുസാഫര്‍ ഒന്‍പതു മാസം ആശുപത്രിയിലും അഞ്ചു മാസം ഇസ്താംബൂളിലെ അദ്ദേഹത്തിന്റെ വസതിയിലും കഴിഞ്ഞു. രോഗബാധയെ തുടര്‍ന്ന് ഭാര്യയേയും മക്കളേയും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് മുസാഫര്‍.

ഞാന്‍ സുഖം പ്രാപിച്ചു. എന്നാല്‍, ശരീരത്തില്‍ ഇപ്പോഴും കൊവിഡ് അണുക്കളുണ്ട്. ഇതാണ് കൊവിഡ് ടെസ്റ്റുകള്‍ എനിക്ക് തരുന്ന വിശദീകരണം. എന്റെ പ്രിയപ്പെട്ടവരെ തൊടാന്‍ കഴിയുന്നില്ല എന്നതൊഴികെ എനിക്ക് മറ്റൊരു പ്രശ്‌നവുമില്ല. അതു തന്നെയാണ് കഠിനവും. ഇതുകൊണ്ട് തന്നെ വാക്‌സിനെടുക്കാനും കഴിയുന്നില്ല. – മുസാഫര്‍ പറഞ്ഞു.

തുര്‍ക്കിയിലെ ദൈര്‍ഘ്യമേറിയ കൊവിഡ് ബാധിതനാണ് മുസാഫര്‍ കയാസര്‍ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലുക്കീമിയ ബാധിച്ചപ്പോള്‍ ദുര്‍ബലമായ പ്രതിരോധ ശേഷിയാകാം കൊവിഡ് ബാധ വിട്ടുമാറാത്തതിന് കാരണമെന്നും ആരോഗ്യ വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റിലും മുസാഫര്‍ പോസിറ്റീവ് ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News