സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടര്‍ച്ചയായി നാലാം തവണയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം വീണ്ടും പ്രശംസ പിടിച്ചു പറ്റി. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപകാരപ്രദമായ മികച്ച പദ്ധതികള്‍ നടപ്പാക്കല്‍ തുടങ്ങി പൊതുവായ ഭരണപരമായ കാര്യങ്ങളില്‍ പുലര്‍ത്തിയ കൃത്യത ഇവയൊക്കെയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

2020-21 സാമ്പത്തിക വര്‍ഷം ജില്ലാപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ പൊതുവിഭാഗത്തില്‍ 99 ശതമാനവും, പ്രത്യേക ഉപപദ്ധതി വിഭാഗത്തില്‍ 98 ശതമാനവും, പട്ടികവര്‍ഗ ഉപപദ്ധതി വിഭാഗത്തില്‍ 92 ശതമാനവും വിനിയോഗിക്കാന്‍ സാധിച്ചു. ഉത്പാദന മേഖലയില്‍ മാത്രം 32 ശതമാനത്തോളവും വിവിധ ഘടക പദ്ധതികളില്‍ വനിതകള്‍, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കായി മികവുറ്റ പദ്ധതികള്‍ നടപ്പാക്കാനുമായി. പാര്‍പ്പിടമേഖലക്കും, ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ പദ്ധതികള്‍ എല്ലാം തന്നെ ജില്ലാ പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് സഹായിച്ചു.

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന 2020-21 വര്‍ഷത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ സാധിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികളില്‍ പ്രത്യേക കൊവിഡ് വാര്‍ഡുകള്‍ സജ്ജീകരിക്കുകയും ആവശ്യമായ ഉപകരണങ്ങള്‍, കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവ യഥാസമയം നല്‍കുകയും രോഗികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു വരുന്നുണ്ട്.

ഡയാലിസിസ് ചെയ്യുന്ന വൃക്കാരോഗികള്‍ക്ക് ആശ്വാസമായി ‘ആശ്വാസ’് എന്ന സൗജന്യ ഡയാലിസിസ് പദ്ധതി ജില്ലാപഞ്ചായത്ത് നടപ്പാക്കി. കൂടാതെ വൃക്ക, കരള്‍ മാറ്റിവയ്ക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യ മരുന്നും നല്‍കി. ഇതിനായി ഒരു കോടി രൂപയോളം വകയിരുത്തി. പരമ്പരാഗത കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പട്ടികജാതി, ജനറല്‍ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ 3 കോടിയിലധികം രൂപ ചെലവഴിച്ചു. കൂടാതെ വനിതകള്‍ക്കുള്ള തൊഴില്‍ സംരംഭങ്ങള്‍ക്കായി 42 ലക്ഷം രൂപ ചെലവഴിച്ചു.

അഗതികള്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കുന്ന പാഥേയം പദ്ധതിക്കായി 4 കോടി 25 ലക്ഷം രൂപ പദ്ധതി വര്‍ഷം ചെലവഴിക്കുകയുണ്ടായി. ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്കായി 4.5 ലക്ഷം രൂപ ചെലവഴിച്ചു. സ്വന്തമായി ഭൂമിയുള്ള ട്രാന്‍സ്‌ജെന്റേഴ്‌സിന് ഭവനനിര്‍മാണത്തിനായി 8 ലക്ഷം രൂപ ചെലവഴിക്കുകയും സ്ഥലം വാങ്ങി നല്‍കലിന് 2 ലക്ഷം രൂപയും ചെലവഴിച്ചു.

കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍ക്കുള്ള സംയാജിത ചികിത്സാ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ കാര്യക്ഷമമായി നടക്കുന്ന പദ്ധതിയാണ്. ഇതിനായി പദ്ധതിവര്‍ഷം 50 ലക്ഷം രൂപ ചെലവഴിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിക്കായി 2 കോടിയിലേറെ രൂപ ചെലവഴിക്കുകയുണ്ടായി.

ജില്ലാ പഞ്ചായത്തിന്റെ കീഴിലെ വിവിധ ഫാമുകളിലെ ഉത്പാദന വര്‍ദ്ധനവിനുതകും വിധം വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ തനത് വരുമാനവും വര്‍ദ്ധിക്കാനിടയായി. ശുദ്ധമായ പാല്‍ ജനങ്ങളിലെത്തിക്കുന്ന ഗ്രീന്‍മില്‍ക്ക്, ഗുണമേന്മയുള്ള മുട്ടക്കോഴികള്‍, ജനങ്ങള്‍ക്ക് നല്‍കുന്ന ഹാച്ചറി യൂണിറ്റ് എന്നിവ ഉദാഹരണങ്ങളാണ്. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം, ചിറയിന്‍കീഴിലെയും ഉള്ളൂരിലെയും സീഡ് ഫാമുകള്‍, കഴക്കൂട്ടത്തെയും വലിയതുറയിലെയും കോക്കനട്ട് നഴ്‌സറികള്‍, പാറശ്ശാലയിലെ പിഗ് ബ്രീഡിംഗ് ഫാം, വിതുര ജഴ്‌സി ഫാം, ജഴ്‌സിഫാമിന്റെ ചെറ്റച്ചല്‍ എക്സ്റ്റന്‍ഷന്‍ യൂണിറ്റ് എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ മേഖലകളില്‍ നടപ്പിലാക്കുന്ന പഠനമുറി, മെരിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് എന്നിവ വളരെയധികം പ്രയോജനപ്പെട്ട പദ്ധതികളാണ്. പഠനമുറിയ്ക്കായി പട്ടികജാതി വിഭാഗത്തില്‍ 2020-21 വര്‍ഷം ഒരു കോടിയിലേറെ രൂപയും പട്ടികവര്‍ഗ്ഗ മേഖലയില്‍ 40 ലക്ഷം രൂപയും ചെലവഴിച്ചു. മെരിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ പട്ടികജാതി വിഭാഗത്തിന് ഒരു കോടിയിലേറെ രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് 12 ലക്ഷത്തോളം രൂപയും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ പട്ടികജാതി വിഭാഗത്തില്‍ വിദേശ തൊഴില്‍ ധനസഹായവും നല്‍കി.

ജില്ലയിലെ കായികവികസനം ലക്ഷ്യമാക്കി പെരിങ്ങമ്മലയില്‍ ഏറ്റവും മുന്തിയ സൗകര്യങ്ങളോടുകൂടിയ 2.5 കോടിയോളം രൂപ ചെലവിട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത് 2020- 21 വര്‍ഷമാണ്. കൂടാതെ പാലോട് ഗ്യാസ് ശ്മശാനം ആരംഭിച്ചത് വളരെയധികം പ്രയോജനപ്പെട്ട പദ്ധതിയാണ്.

വിദ്യാഭ്യാസ മേഖലയില്‍ സ്‌കൂള്‍ ലൈബ്രേറിയന്മാരെ നിയോഗിച്ച് ഗ്രന്ഥപ്പുര പദ്ധതിക്ക് 44 ലക്ഷം രൂപയോളം ചെലവിട്ടു. സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചതിന് 23 ലക്ഷം രൂപയും ആണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്ന ദിശ പദ്ധതിയും പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്ന രക്ഷ പദ്ധതിയും നടപ്പിലാക്കി. സ്‌കൂളുകളില്‍ ക്ലാസ്‌റൂം, ലൈബ്രറി എന്നീ പദ്ധതിക്കായി 42 ലക്ഷത്തോളം രൂപ ചെലവിട്ടു.

കേദാരം സമഗ്ര നെല്‍കൃഷി വികസനത്തിന് 3 കോടിയിലേറെ രൂപയും സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കിയ സഫല തരിശ് ഭൂമിയിലെ കൃഷി പദ്ധതിക്ക് 40 ലക്ഷം രൂപയും ചെലവഴിച്ചു. സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നിതലേക്ക് വിവിധ പദ്ധതികളിലായി 2 കോടിയോളം രൂപ ചെലവഴിച്ചു. ക്ഷീരസമൃദ്ധി പദ്ധതിയിനത്തില്‍ 2 കോടിയോളം രൂപയും സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടിനത്തില്‍ 1 കോടി 28 ലക്ഷം രൂപയും ചെലവിട്ടു.

എച്ച്.ഐ.വി ബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനായി 22 ലക്ഷത്തോളം രൂപ ചെലവിട്ടു. പാര്‍പ്പിട മേഖലയില്‍ ലൈഫ് മിഷനായി ജനറല്‍, SCP, TSP വിഭാഗത്തിലായി 7 കോടിയോളം ചെലവഴിക്കുകയുണ്ടായി. പട്ടികജാതി വിഭാഗത്തിനുള്ള ഭവനസമുച്ഛയത്തിനായി 70 ലക്ഷം രൂപ ചെലവഴിച്ചു. ലക്ഷം വീട് കോളനികളുടെ നവീകരണത്തിനും ഇരട്ടവീട് ഒറ്റവീടാക്കല്‍ പദ്ധതികള്‍ക്കുമായി 4 കോടിയിലേറെ രൂപ പൊതുവിഭാഗത്തിലും പ്രത്യേക ഘടക പദ്ധതിയിലും ചെലവഴിച്ചു. നാഷണല്‍ അവാര്‍ഡായി ലഭിച്ച തുക വിനിയോഗിച്ച് 2 ജില്ലാ ആശുപത്രികള്‍ക്ക് 2 ആംബുലന്‍സ് വാങ്ങി നല്‍കി.

ഇപ്രകാരം മാതൃകാപരമായ മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പുലര്‍ത്തിയ ആസൂത്രണ മികവാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്തിനെ തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വരാജ് ട്രോഫിക്കും രണ്ട് തവണ ദേശീയ പുരസ്‌കാരത്തിനും അര്‍ഹമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News