ജനറൽ ആശുപത്രിയിലെ മരംകൊള്ള; നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

കാസർകോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ളയിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.  അനധികൃതമായി തേക്ക് മരമുൾപ്പെടെ മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തി.

റോഡ് വികസനത്തിന്റെ മറവിൽ ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാതെ ജനറൽ ആശുപത്രി വളപ്പിലെ തേക്ക് മരങ്ങളും വാക മരങ്ങളും മുറിച്ച് കടത്തിയതിന് പിന്നിൽ ഗൂഡാലോചന കാസർകോഡ് നഗരസഭയിലെ യു ഡി എഫ്  ഭരണ സമിതിയുടെയും ചില ഉദ്യോഗസ്ഥരുടെയും അറിവോടെയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

മരം കൊള്ളയിൽ പ്രതിഷേധിച്ച് സി പി ഐ എം ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മരം മുറിച്ച് കടത്തിയവർക്കെതിരെയും ഒത്താശ ചെയ്തവർക്കെതിരെയും നടപടിയെടുക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

നഗരസഭയിലെ ഉന്നതരുമായി ബന്ധമുളള കരാറുകാരിലൊരാളാണ്‌ മരം മുറിക്ക്‌ പിന്നിൽ. അഞ്ച് തേക്ക് മരവും രണ്ട് വാക മരവുമുൾപ്പെടെയാണ് മുറിച്ച് കടത്തിയത്. മുറിച്ച മരങ്ങൾ നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ സൂക്ഷിച്ചതായാണ് വിവരം.

നഗരസഭ ഭരണ സമിതിയുടെ അറിവോടെയാണ് മരം മുറിച്ച് കടത്തിയതെന്ന് ഇതിലൂടെ വ്യക്തമാവുന്നു. മരം മുറിച്ച് കടത്തിയെന്ന വാർത്തയെ തുടർന്ന് ആശുപത്രി വളപ്പിലെത്തി പരിശോധന നടത്തിയ വിജിലൻസ് സംഘം നഗരസഭാ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.

കാസർകോഡ് വിജിലൻസ്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here