സ്വപ്‌ന സുരേഷ്‌ RSS അനുകൂല എൻജിഒ യിൽ ചുമതലയേറ്റു

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ ആര്‍.എസ്‌.എസ്‌ അനുകൂല എന്‍.ജി.ഒ ആയ എച്ച്‌.ആര്‍.ഡി.എസിന്റെ സി.എസ്‌.ആര്‍ ഡയറക്ടറായി ചുമതലയേറ്റെടുത്തു. ഇടുക്കി തൊടുപുഴയിലെ പ്രൊജക്ട്‌ ഓഫീസിലെത്തിയാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌. കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെയും സ്‌ത്രീശാക്തീകരണത്തിന്റെ ചുമതലയും ഇനിമുതല്‍ സ്വപ്‌നയ്ക്കായിരിക്കും. സ്വപ്‌ന കുറ്റാരോപിത മാത്രമാണെന്നാണ്‌ ജോലി നല്‍കിയതിനെക്കുറിച്ച്‌ അധികൃതരുടെ വിശദീകരണം.

മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്‌. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ പാലക്കാട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ്‌ ഹൈറേഞ്ച്‌ റൂറല്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റി. പ്രധാന ചുമതലകളിലെല്ലാം ആര്‍.എസ്‌.എസ്‌ ബി.ജെ.പി നേതാക്കള്‍. രാവിലെ പത്ത്‌ മണിയോടെ തൊടുപുഴയിലെ ഓഫീസിലെത്തി സംഘടനയുടെ ഡയറക്ടര്‍ പദവി സ്വപ്‌ന ഏറ്റെടുത്തു. ദില്ലി , പാലക്കാട്‌ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.

എം. ശിവശങ്കറിന്റെ പുസ്‌തകം പുറത്തിറങ്ങിയതിന്‌ തൊട്ടു പിന്നാലെ ആരോപണങ്ങളുമായി സ്വപ്‌ന മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിയിരുന്നു. ശിവശങ്കറിനെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തി താന്‍ നിരപരാധിയാണെന്ന്‌ വാദിക്കാനായിരുന്നു ശ്രമം. രണ്ടാഴ്‌ച പിന്നിടും മുന്‍പ്‌ സ്വപ്‌ന ആര്‍.എസ്‌.എസ്‌ നേതൃത്വം നല്‍കുന്ന സംഘടനയുടെ തലപ്പത്ത്‌ എത്തി. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ സ്വപ്‌ന തയാറായില്ല.

സ്വപ്‌ന കുറ്റാരോപിത മാത്രമാണെന്നും അവര്‍ക്കെതിരെയുള്ള കുറ്റം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല എന്നുമാണ്‌ സംഘടനാ നേതൃത്വത്തിന്റെ വിശദീകരണം.പാലക്കാട്‌ ആദിവാസി ഭൂമി ഏറ്റെടുത്ത്‌ വീട്‌ നിര്‍മിച്ചതിലും കൊവിഡ്‌ കാലത്ത്‌ അനധികൃത മരുന്ന്‌ വിതരണം നടത്തിയ സംഭവത്തിലും ആരോപണം നേരിടുന്ന എന്‍.ജി.ഒ കൂടിയാണ്‌ എച്ച്‌.ആര്‍.ഡി.എസ്‌. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം മോഡലില്‍ സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കുകയും ചെയ്‌തിരുന്നു.

സ്വര്‍ണക്കടത്ത്‌ വിവാദ കാലത്ത്‌ തന്നെ സ്വപ്‌നയെ നിയന്ത്രിക്കുന്നത്‌ ബി.ജെ.പി നേതൃത്വമാണെന്ന്‌ പലരും ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. അത്‌ ശരിവെയ്‌ക്കും വിധമാണ്‌ കേസ്‌ നടപടികള്‍ തുടരുന്നതിനിടെ സ്വപ്‌നയ്‌ക്ക്‌ ജോലി നല്‍കി സംരക്ഷിക്കാനുള്ള എച്ച്‌.ആര്‍.ഡി.എസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News