കല്യാണത്തിനെത്തി ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’; വിനയത്തോടെ വധുവിന്റെ അച്ഛന്‍, ഒപ്പ്, ആ വൈറലായ വിവാഹ ക്ഷണക്കത്ത് ഇതാണ്

ഇപ്പോൾ മിക്ക കല്യാണങ്ങൾക്കും മാതാപിതാക്കളെക്കാളും കൂടുതൽ വരന്റേയോ വധുവിന്റെയോ സുഹൃത്തുക്കളാണ് താരം. ചിലപ്പോൾ ഈ കാഴ്ചകൾ ഉൾക്കൊണ്ടുകൊണ്ടാവാം ഇങ്ങനൊരു ക്ഷണക്കത്ത് വെറൈറ്റി ആവുന്നതും.

മകള്‍ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്ഷണിച്ചയാളുടെയോ, ക്ഷണിക്കപ്പെട്ടവരുടെയോ, വിവാഹിതരാകുന്നവരുടെയോ സവിശേഷതകളോ, ക്ഷണക്കത്തിന്റെ ഭംഗിയോ ഒന്നുമല്ല സോഷ്യല്‍മീഡിയയെ ആകര്‍ഷിച്ചിരിക്കുന്നത്. ക്ഷണക്കത്തിലെ പതിവ് വാചകങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന പ്രത്യേക അറിയിപ്പാണ് അതിലെ ഹൈലൈറ്റ്. വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ്, ക്ഷണക്കത്തിന് സ്വീകാര്യതയേറുന്നത്.

പ്രിയരേ, ഫെബ്രുവരി 28ന് കല്ലാടി ശ്രീവിദ്യാ ആഡിറ്റോറിയത്തില്‍വെച്ച് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ മകള്‍ മാലതി വിവാഹിതയാവുകയാവുന്നു. ചെറുവത്തൂര്‍ മുക്കൂട്ട് കവലയില്‍ ശ്രീനാരായണവിലാസത്തില്‍ നാരായണന്‍ നായരുടെ മകന്‍ രാജശേഖരനാണ് വരന്‍. തദവസരത്തില്‍ താങ്കളുടെ കുടുംബസമേതമുള്ള സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു. എന്ന്, മാതാപിതാക്കളായ ബാലകൃഷ്ണന്‍ നായര്‍, അശ്വതീ രാജമ്മ, സഹോദരന്‍ രാജകൃഷ്ണന്‍ നായര്‍, മാലതീ മന്ദിരം, കല്ലാടി പോസ്റ്റ് കിനാവല്ലൂര്‍ എന്നാണ് ക്ഷണകത്തിന്റെ ആദ്യ ഭാഗം.

പ്രത്യേക അറിയിപ്പെന്ന നിലയിലാണ് രണ്ടാമത്തെ ഭാഗം ചേര്‍ത്തിരിക്കുന്നത്. അതില്‍ ഇങ്ങനെ വായിക്കാം, മംഗളമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് കഴിഞ്ഞയിടെയായി പല സ്ഥലങ്ങളിലും സുഹൃദ് വ്യൂഹങ്ങള്‍ ചേര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടത്തിവരുന്നതായി കാണാറുണ്ട്. ഈ ആഡിറ്റോറിയത്തിലോ, വീട്ടിലോ, പരിസരങ്ങളിലോവച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലുള്ള ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍, അത് ആരാണെങ്കിലും അവര്‍ അന്ന് നടന്ന് വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും എന്ന് മനസിലാക്കുക. എന്ന് വിനീതമായി വധുവിന്റെ അച്ഛന്‍, ബാലകൃഷ്ണന്‍ നായര്‍, ഒപ്പ് -എന്നു പറഞ്ഞാണ് ക്ഷണക്കത്ത് അവസാനിക്കുന്നത്.

അതേസമയം, ക്ഷണക്കത്ത് എവിടെനിന്ന് എങ്ങനെ വന്നു എന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍, ക്ഷണക്കത്ത് യഥാര്‍ത്ഥമാണോ, അല്ലയോ എന്നൊന്നും ആലോചിക്കാതെയാണ് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇക്കാര്യം ഇപ്പോഴെങ്കിലും പറയാന്‍ കാണിച്ച അച്ഛനാണ് മക്കളോട് സ്‌നേഹമുള്ള അച്ഛന്‍ എന്നൊക്കെ കമന്റുകളും വരുന്നുണ്ട്. അക്ഷരത്തെറ്റും വ്യാകരണപിശകുമൊക്കെ ഉള്ളതിനാല്‍, ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്ത് മാത്രമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തുതന്നെയായാലും, സംഗതി ക്ലിക്കായി. വിവാഹചടങ്ങിലെ അതിരുകടന്ന ആഘോഷങ്ങളോടുള്ള അനിഷ്ടം തന്നെയാണ് ക്ഷണക്കത്തിന് സ്വീകാര്യത വര്‍ധിക്കാന്‍ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here