പഞ്ചാബ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ; സിഖ് നേതാക്കളെ കണ്ട് മോദി

പഞ്ചാബ് തെരഞ്ഞെടുപ്പിന് രണ്ടുനാൾ മാത്രം ശേഷിക്കേ സിഖ് നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരി 20ന് പഞ്ചാബിലെ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ചാണ്‌ മോദി സിഖ് പ്രമുഖരെ കണ്ടത്.

ബിജെപി നേതാവായ മൻജീന്ദർ സിംഗ് സിർസയുടെ ഒപ്പമാണ് സംഘമെത്തിയത്. ഡൽഹി ഗുരുദ്വാര കമ്മിറ്റി പ്രസിഡൻറ് ഹർമീന്ദർ സിങ് കൽക, ബാബാ ബൽബീർ സിങ്ജി സിച്‌വാൾ, മഹന്ത് കരംജിത്ത് സിങ്, ബാബാ ജോഗാ സിങ്, ദേരാ ബാബാ ജാഗ് സിങ്, സാൻറ് ബാബാ മേജർസിങ് വാ, മുഖി ദേരാ ബാബാ താരാ സിങ് വാ, ജതേന്ദർ ബാബാ സാഹിബ് സിങ്ജി തുടങ്ങിയവരാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്.

പുറത്തുവന്ന സന്ദർശത്തിന്റെ വീഡിയോയിൽ സിഖ് നേതാക്കൾ മോദിക്ക് കൃപാൺ നൽകുന്നത് കാണാം. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പറഞ്ഞ ഹർമീത് സിങ് കൽകാ സിഖ് സർവകലാശാല സ്ഥാപിക്കാൻ അപേക്ഷിച്ചതായി അറിയിച്ചു. രാഷ്ട്രീയക്കാരല്ലാത്തവരെ വിളിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടെന്ന് മോദി പറഞ്ഞതായി മൻജീന്ദർ സിങ് ഭാട്ടിയ പറഞ്ഞു. ഈ സന്ദർശനത്തിന് രാഷ്ട്രീയ സ്വഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിങ് പുതുതായി രൂപവത്കരിച്ച പഞ്ചാബ് ലോക് കോൺഗ്രസും ദീർഘകാല സഖ്യകക്ഷി അകാലിദളുമായി ചേർന്നാണ് ബിജെപി പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ സഖ്യത്തിന് സർവേകളിൽ വലിയ സാധ്യത കൽപ്പിക്കപ്പെടുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുൾപ്പെടെ ദേശീയ നേതാക്കൾ പഞ്ചാബിൽ വിവിധയിടങ്ങളിൽ റാലികൾ നയിച്ചു. ഇതിനു പുറമെ സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി പ്രചാരണ പരിപാടികളാണ് നടന്നത്. കോൺഗ്രസും ആംആദ്മി പാർട്ടിയും ഡോർ ടു ഡോർ കാമ്പയിനുകളിലാണ് ശ്രദ്ധ ഊന്നിയത്. ബി.എസ്.പിയെ കൂടെക്കൂട്ടിയുള്ള ശിരോമണി അകാലിദൾ സഖ്യം ദലിതു മേഖലകളിൽ സജീവ പ്രചാരണമാണ് നടത്തി വരുന്നത് ചിലയിടങ്ങളിലെങ്കിലും അവർ തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്. പ്രചാരണം അവസാനിക്കാനിരിക്കെ നേതാക്കൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്താൻ തന്നെയാണ് സമയം ചെലവഴിച്ചത്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജരിവാൾ ഇന്നും പഞ്ചാബിൽ തുടരും. മുഖ്യമന്ത്രി ഛന്നി വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രചാരണത്തിനായി എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News