‘ മോശം പെരുമാറ്റം പാടില്ല’ ; എല്‍ജിബിറ്റി സമൂഹത്തെ ചേര്‍ത്തു പിടിച്ച് തമിഴ്‌നാട് സർക്കാർ

ലിംഗ-ലൈംഗിക ന്യൂനപക്ഷ (എല്‍ജിബിറ്റി ക്യൂ) സമൂഹത്തിനുവേണ്ടി മാതൃകാപരമായ മറ്റൊരു ചുവടുമായി തമിഴ്‌നാട് സര്‍ക്കാര്‍. എല്‍ജിബിറ്റി സമൂഹത്തില്‍പ്പെട്ട വ്യക്തികളോട് യാതൊരു വിധത്തിലും മോശം പെരുമാറ്റം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുന്ന നിയമ ഭേദഗതി നടത്തിയിരിക്കുകയാണ് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍.

ലിംഗ-ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളവരോട് മാത്രമല്ല, അവരെ സഹായിക്കാനും പിന്തുണയ്ക്കാനും മുന്നോട്ടുവരുന്നവരെയും ഒരുതരത്തിലും ഉപദ്രവിക്കരുതെന്നാണ് 1964 ലെ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ പലഭാഗങ്ങളിലായി ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊലീസ് അതിക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിപ്ലവകരമായ നീക്കം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നിയമനിര്‍മാണം നടത്തി തമിഴ്‌നാട് മാതൃകയായിരിക്കുന്നത്. രാജ്യത്തെ പൊലീസ് സേനകളില്‍ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടറെ നിയമിച്ചും തമിഴ്‌നാട് ചരിത്രം സൃഷ്ടിച്ചിരുന്നു.

തമിഴ്‌നാട് ആഭ്യന്തരവകുപ്പ് വ്യാഴാഴ്ച്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്, പൊലീസ് പെരുമാറ്റ ചട്ടത്തില്‍ നിലവിലുണ്ടായിരുന്ന 24 ബി റൂളിനൊപ്പം ചേര്‍ത്തിരിക്കുന്ന 24 സി റൂള്‍ പ്രകാരം പൊലീസ് യാതൊരുവിധത്തിലുമുള്ള പീഢനങ്ങള്‍ക്കും എല്‍ജിബിറ്റി സമൂഹത്തില്‍ നിന്നുള്ളവരെയോ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരെയോ വിധേയരാക്കരുതെന്നാണ്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി അന്വേഷണം നടത്താനുള്ള പൊലീസിന്റെ അവകാശത്തില്‍ പീഢനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.

അതേസമയം, മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കഴിഞ്ഞവര്‍ഷം ഉണ്ടായ ഉത്തരവാണ് ഇങ്ങനെയൊരു നിയമഭേദഗതിയിലേക്ക് സര്‍ക്കാരിനെ നയിച്ചത്. എല്‍ജിബിറ്റി വ്യക്തികളെയോ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരെയോ പീഢിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ പൊലീസ് പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. പൊലീസിന്റെ പീഡനം നേരിടേണ്ടി വന്ന ഒരു ലെസ്ബിയന്‍ ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here