ADVERTISEMENT
പൂന്തുറയിൽ ജിയോട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ പൂന്തുറ തീരത്ത് നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. തീരത്തിനു സമാന്തരമായി ആറു മീറ്റർ ആഴത്തിൽ സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കും. നിലവിൽ മൂന്നു ട്യൂബുകൾ സ്ഥാപിച്ചു കഴിഞ്ഞു. പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യ ഘട്ടം വിജയം കണ്ടാൽ ശംഖുമുഖം വരെയുള്ള തീരക്കടലിൽ ഇതേ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതിവേഗത്തിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മാർച്ചിനു മുൻപു തന്നെ 700 മീറ്റർ ട്രയൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.പൂന്തുറ മുതൽ വലിയതുറ വരെയുള്ള തീരസംരക്ഷണത്തിനായി ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതിന് 150 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിട്ടുള്ളത്.
പൂന്തുറ പ്രദേശത്തെ 700 മീറ്റർ തീരസംരക്ഷണത്തിനായി മാത്രം 19 കോടി വകയിരുത്തിയിട്ടുണ്ട്.ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ റ്റി) യുടെ സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.കൗൺസിലർ മേരി ജിപ്സി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.