കൈരളി ന്യൂസ് ഇംപാക്ട്…..ജനറൽ ആശുപത്രിയിലെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം

കൈരളി ന്യൂസ് ഇംപാക്ട്. കാസർകോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ളയിൽ നടപടി. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. പൊലീസ് കേസെടുത്തു.

കാസർകോഡ് ജനറൽ ആശുപത്രി വളപ്പിനകത്ത് നിന്നും ലക്ഷക്കണക്കിന് രൂപയുടെ മരം കടത്തിയ സംഭവത്തിൽ ആശുപത്രിയിലെത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ മരങ്ങളുടെയും കുറ്റി അളന്ന് കണക്കുകൾ രേഖപ്പെടുത്തി.

നഗരസഭാ അധികൃതർ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും സമഗ്രമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും വിജിലൻസ് ഡി വൈ എസ് പി കെ വി വേണുഗോപാൽ പറഞ്ഞു.

ടെൻഡർ നടപടി പൂർത്തിയാകും മുമ്പേ നഗരസഭാ ഭരണ സമിതിയുടെ ഒത്താശയോടെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.സംഭവത്തിൽ ആശുപത്രി സൂപ്രണ്ട്‌ ഡോ. രാജാറാമിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മുറിച്ച മരത്തടികളിൽ 28 കഷണം നഗരസഭയുടെ കീഴിൽ വിദ്യാനഗറിലുള്ള ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ അന്വേഷണത്തിൽ കണ്ടെത്തി. മരം കൊണ്ടുപോയ ലോറി തിരിച്ചറിഞ്ഞിട്ടുണ്ട്.

റവന്യു, വനം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിലും നഗരസഭാ ഓഫീസിലും തെളിവെടുപ്പ്‌ നടത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ച്‌ തേക്ക്‌, രണ്ട്‌ വാക ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയ സംഭവം കൈരളി ന്യൂസാണ് പുറത്തു കൊണ്ട് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News