‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

തന്റെ മകള്‍ മാലതിയുടെ കല്യാണത്തിനായി അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹചടങ്ങിനെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് കത്തിലൂടെ വധുവിന്റെ അച്ഛന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിവാഹ ദിനത്തില്‍ വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശകള്‍ അതിരുകടക്കുന്നത് ഇതിനുമുമ്പും ചര്‍ച്ചയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് പ്രസക്തമാകുന്നത്. മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാംഭാഗത്തിലാണ് വൈറല്‍ കുറിപ്പ് നല്‍കിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:- ”മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഇടയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍, ഒപ്പ്’. കുറിപ്പില്‍ പറയുന്നു’.

കുറിപ്പില്‍ അക്ഷരത്തെറ്റും വ്യാകരണപിശകുമൊക്കെ ഉള്ളതിനാല്‍ ഇത് ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താകാമെന്നാണ് പലരുടെയും അഭിപ്രായം. എന്തായാലും സമീപകാലത്തായി ഏറിവരുന്ന വിവാഹ റാഗിങ്ങുകള്‍ക്കെതിരെയുള്ള കൃത്യമായ പ്രതിഷേധം തന്നെയാണ് ക്ഷണക്കത്തിന് ഇത്രയേറെ സ്വീകാര്യത നേടാനുള്ള കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here