വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി

നാടിനെ ഞെട്ടിച്ച വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി.അടുത്ത മാസം 9ന് സാക്ഷി വിസ്താരം ആരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ, കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വെച്ച് 13 കാരിയായ വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് സനു മോഹൻ അറസ്റ്റിലായ അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നാടിനെ നടുക്കിയ കൊലപാതകം നടന്ന് ഒരു വർഷം തികയാറാകുമ്പോഴാണ് കേസിൽ വിചാരണയുടെ ഭാഗമായ പ്രാരംഭ നടപടികൾ തുടങ്ങിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടപടികളാരംഭിച്ചത്.പ്രതിക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ സാക്ഷി വിസ്താരം ഉടൻ തുടങ്ങും.

മാർച്ച് 9ന് ഒന്നാം സാക്ഷിയെയും 15 ന് രണ്ടാം സാക്ഷിയെയും വിസ്തരിക്കും.കഴിഞ്ഞ വർഷം മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആലപ്പുഴയിലെ ബന്ധു വീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകൾ വൈഗയെ പിതാവ് സനുമോഹൻ കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം ഊർജ്ജിതമാണെന്ന് മനസിലാക്കിയ പ്രതി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.ഗോവ,കോയമ്പത്തൂർ,മൂകാംബിക,എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സനുമോഹനെ ഏപ്രിൽ 18 ന് കർണ്ണാടകയിൽ നിന്ന് പിടികൂടുകയായിരുന്നു.പിന്നീട് ജൂലൈ 9നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

അന്വേഷണത്തിൻറെ ഭാഗമായി ശേഖരിച്ച നൂറിൽപ്പരം റെക്കോഡുകളും എ‍ഴുപതിലധികം തൊണ്ടിമുതലുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.കൊലപാതകത്തിനു ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച കാർ,കൊലയ്ക്ക് ശേഷം വൈഗയുടെ ശരീരത്തിൽ നിന്നു അ‍ഴിച്ചെടുത്ത ആഭരണങ്ങൾ പ്രതിയുടെ മൊബൈൽഫോൺ എന്നിവയെല്ലാം കണ്ടെടുക്കാനായത് നിർണ്ണായക തെളിവുകളായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News