മൂന്നാറിലെ KSEB ഭൂമി നടത്തിപ്പിന്‌ വിട്ടു നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍; സംഭവം UDF സര്‍ക്കാരിന്റെ കാലത്ത്‌

കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നാറില്‍ കെ.എസ്‌.ഇ.ബിയുടെ ഭൂമിയും ക്വാര്‍ട്ടേഴ്‌സുകളും നടത്തിപ്പിനായി വിട്ടു കൊടുത്തതില്‍ ഗുരുതര ക്രമക്കേടുകള്‍. ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരിക്കെ കോണ്‍ഗ്രസ്‌ നേതാക്കളുടെ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഭൂമി കൈമാറി.

മുന്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നടത്തിപ്പ്‌ ചുമതല വിട്ടു നല്‍കിയത്‌ ടെണ്ടര്‍ വിളിക്കാതെ. ബോര്‍ഡിന്റെ അനുമതി കൂടാതെ നടത്തിയ ഇടപാടുകള്‍ കെ.എസ്‌.ഇ.ബിയ്‌ക്ക്‌ കോടികളുടെ നഷ്ടമുണ്ടാക്കി. ഇത്‌ സംബന്ധിച്ച നിര്‍ണായക രേഖകള്‍ കൈരളി ടിവിയ്‌ക്ക്‌ ലഭിച്ചു.

ആര്യാടന്‍ മുഹമ്മദ്‌ വൈദ്യുത മന്ത്രിയായിരിക്കെ മാട്ടുപ്പെട്ടിയിലെ 12 ക്വാര്‍ട്ടേഴ്‌സുകള്‍ ജി.ജി മാനേജ്‌മെന്റ്‌ സൊല്യൂഷന്‍സ്‌ എന്ന സ്വകാര്യ കമ്പനിക്ക്‌ നടത്തിപ്പിനായി വിട്ടു നല്‍കിയതിന്റെ കരാര്‍ രേഖകളാണിത്‌. വ്യവസ്ഥകള്‍ പരിശോധിക്കാം.

30 വര്‍ഷത്തേക്ക്‌ ദീര്‍ഘകാല അടിസ്ഥാനത്തിലാണ്‌ ഈ കെട്ടിടങ്ങള്‍ കൈമാറുക. ഇവയുടെ നവീകരണച്ചുമതലകളും കെ.എസ്‌.ഇ.ബി സ്വന്തം നിലയില്‍ വഹിക്കണം. ഏതാണ്ട്‌ രണ്ടരക്കോടിയിലധികം രൂപയാണ്‌ അക്കാലത്ത്‌ ബോര്‍ഡിന്‌ ഇതിനായി ചിലവാക്കേണ്ടി വന്നത്‌.

പത്താം വര്‍ഷം 28ശതമാനമാകുന്ന റവന്യൂ ഷെയര്‍ പിന്നീട്‌ പിറകിലേക്ക്‌ പോയി 25 ശതമാനമായി മാറുന്ന വിചിത്രമായ കാഴ്‌ചയും ഈ രേഖകളില്‍ കാണാം. ഒരു രൂപ പോലും ഡപ്പോസിറ്റ്‌ വാങ്ങാതെയാണ്‌ വന്‍വരുമാനമുള്ള ഈ കെട്ടിടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക്‌ വിട്ടു നല്‍കുന്നതെന്നതും ഗുരുതര അഴിമതിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. കുണ്ടള ഭാഗത്തെ ഭൂമി കമ്പനിക്ക്‌ കൈമാറുന്നു എന്നല്ലാതെ സ്ഥലത്തിന്റെ അതിര്‍വരമ്പുകള്‍ രേഖയില്‍ വ്യക്തമാക്കുന്നില്ല. അതിനര്‍ഥം ഏറ്റെടുത്തവര്‍ക്ക്‌ യഥേഷ്ടം എവിടം വരെയും ഭൂമി ഉപയോഗിക്കാമെന്നത്‌ തന്നെ.

മാട്ടുപ്പെട്ടിയിലെ കെ.എസ്‌.ഇ.ബി ക്യാന്റീനും രണ്ട്‌ ബില്‍ഡിങ്ങുകളും നടത്തിപ്പിനായി വിട്ടുകൊടുത്തത്‌ ഇടുക്കി ലേബര്‍ സൊസൈറ്റിക്കായിരുന്നു. മുന്‍ ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായുള്ള തട്ടിക്കൂട്ട്‌ സൊസൈറ്റി.

ചീഫ്‌ പ്രമോട്ടര്‍ സി.എസ്‌ മഹേഷ്‌. ബോര്‍ഡ്‌ മീറ്റിംഗ്‌ കൂടാതെ, ടെണ്ടര്‍ വിളിക്കാതെ, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ ഇതും നടത്തിയെടുത്തത്‌. ഏറ്റെടുത്ത കോണ്‍ഗ്രസ്‌ നേതാക്കള്‍ മറ്റുള്ളവരെ നടത്തിപ്പ്‌ ചുമതല ഏല്‍പ്പിക്കുകയും ചെയ്‌തു. ഉദ്ദേശിച്ച വരുമാനമുണ്ടായില്ലെന്ന്‌ മാത്രമല്ല വന്‍നഷ്ടവും സംഭവിച്ചു.

കൗബോയ്‌ പാര്‍ക്കിന്‌ അഞ്ചേക്കര്‍ സ്ഥലത്ത്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ തുടങ്ങാനുള്ള അനുമതി നല്‍കിയതും ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരിക്കെ. ഈ തീരുമാനവും ബോര്‍ഡ്‌ മീറ്റിംഗ്‌ കൂടാതെയായിരുന്നുവെന്ന്‌ വ്യക്തം. അന്നത്തെ ഹൈഡല്‍ ടൂറിസം ഡയറക്ടറാണ്‌ കരാറില്‍ ഒപ്പ്‌ വെച്ചിട്ടുള്ളത്‌. ടെണ്ടര്‍ വിളിക്കുകയോ ചെയര്‍മാന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയോ ചെയ്‌തിട്ടില്ല. ഉന്നതകോണ്‍ഗ്രസ്‌ നേതാക്കളുടെ ബന്ധുക്കളുടെ ബിനാമികളാണ്‌ ഇവയില്‍ പലതിന്റെയും ഉടമസ്ഥരെന്ന ആരോപണം ശക്തമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here