ട്വന്റി-20 പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ; പി വി ശ്രീനിജന്‍ എംഎല്‍എ നിയമ നടപടിക്ക് ഒരുങ്ങുന്നു

ട്വന്റി-20 പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യക്തിഹത്യയില്‍ പി വി ശ്രീനിജന്‍ എംഎല്‍എ നിയമ നടപടിക്ക് ഒരുങ്ങുന്നു. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുള്ള നീക്കങ്ങളാണിതെന്നും എംഎല്‍എ കൈരളി ന്യൂസിനോടു പറഞ്ഞു.

ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരം നടക്കുന്നത്. അന്നൊന്നും ഇങ്ങനെയൊരു വിഷയം ആരുടെയും ശ്രദ്ധിയില്‍ വന്നിട്ടില്ല. അന്ന് നടന്നുവെന്ന ആരോപിക്കപ്പെടുന്ന സംഭവത്തിന്റെ പേരില്‍ തിങ്കളാഴ്ചയാണ് ദീപു ആശുപത്രിയില്‍ പോകുന്നത്. ആദ്യം പോയത് പഴങ്ങനാട് ഒരു ആശുപത്രിയിലായിരുന്നു,’ ശ്രീനിജന്‍ വിശദീകരിച്ചു. അവിടുത്തെ ഡോക്ടറോട് ദീപു പറഞ്ഞത് വീണ് പരിക്കു പറ്റിയെന്നാണ്. ഡോക്ടറുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഇവിടെ നിന്ന് ബ്ലീഡിങ് ഉണ്ടെന്ന് കണ്ട് റഫര്‍ ചെയ്യുകയായിരുന്നു. ദീപുവിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ എംഎല്‍എ ഇതൊരു രാഷ്ട്രീയായുധമാക്കുകയാണ് ട്വന്റി-ട്വന്റിയെന്ന് ആരോപിച്ചു. സിപിഎം ഭീഷണിപ്പെടുത്തിയെന്നും മറ്റും പറയുന്നത് പരിഹാസ്യമാണ്. കിഴക്കമ്പലത്ത് ട്വന്റി-ട്വന്റിക്ക് വലിയ ശക്തിയുണ്ടെന്നാണല്ലോ അവര്‍ തന്നെ പറയുന്നത്. ഒരു പ്രധാന പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിക്കാന്‍ അവര്‍ക്ക് എന്തായിരുന്നു തടസ്സം? അദ്ദേഹം പേടിച്ചിരുന്നുവെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, നേരിട്ട് കണ്ടുവെന്ന് പറയുന്ന വാര്‍ഡ് മെമ്പര്‍ക്ക് പേടിക്കേണ്ട കാര്യമില്ലല്ലോ. അവര്‍ക്ക് ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമായിരുന്നല്ലോയെന്നും എംഎല്‍എ ചോദിച്ചു.

വാര്‍ഡ് മെമ്പര്‍ക്ക് ദീപുവിനെ ആശുപത്രിയിലെത്തിക്കാനും പൊലീസില്‍ പരാതി കൊടുക്കാനും ഒരു തടസ്സവും ഇല്ലായിരുന്നു. രണ്ട് ദിവസം അവര്‍ സൈലന്റായിരുന്നത് എന്തുകൊണ്ടാണ്? ഇതെല്ലാം കാണുമ്പോഴാണ് ഇതിലൊരു ആസൂത്രിത നീക്കമുണ്ടെന്ന് പറയുന്നത്.

ദീപു മരിച്ചതില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഒപ്പം വസ്തുതകള്‍ പുറത്തുവരണമെന്നും ശ്രീനിജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here