ആഴ്ചയിൽ 4 ദിവസം ജോലി, 6 മണിക്ക് ശേഷം ബോസ്സിനോട് പോകാൻ പറ! ഇവിടെ ഇങ്ങനെയാണ്

ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി. ജോലി സമയം കഴിഞ്ഞാൽ അപ്പോൾ ഫ്രീ ആവാൻ പറ്റണം. പിന്നീട് മേലധികാരി വിളിച്ചാലും മൈൻഡ് ചെയ്യണ്ട. ഇങ്ങനെ ഒരു സ്ഥലത്ത് ജോലി ചെയ്താൽ കൊള്ളാം എന്നുണ്ടോ? എങ്കിൽ നേരെ ബെൽജിയത്തിലേക്ക് വിട്ടോ.

അടുത്തിടെ ഈ യൂറോപ്യൻ രാജ്യത്ത് പ്രഖ്യാപിച്ച തൊഴിൽ വിപണി പരിഷ്കാരങ്ങളുടെ ഭാഗമായി ബെൽജിയത്തിലെ തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യുന്ന രീതി അവലംബിക്കാനുള്ള അവസരമുണ്ട്. മേലധികാരി വിളിക്കുമോ, വിളിച്ചിട്ട് എടുത്തില്ലെങ്കിൽ എന്തെങ്കിലും പ്രത്യാഘാദമുണ്ടാകുമോ എന്ന പേടി കൂടാതെ ജോലി സമയം കഴിഞ്ഞാൽ ഫോൺ ഓഫാക്കി വയ്ക്കാം. ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ജോലി സമയത്തിന് ശേഷം അവഗണിക്കാനും ജീവനക്കാർക്ക് ഇനി അവകാശമുണ്ട്.

മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കാൻ ജീവനക്കാർ വർക്ക് വീക്കിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരും. അതായത് അധിക അവധിക്കായി ജോലി ചെയ്യുന്ന നാല് ദിവസം 38 മണിക്കൂർ പ്രവൃത്തി സമയം പൂർത്തീകരിക്കണം. വേരിയബിൾ വർക്ക് ഷെഡ്യൂളുകൾ അഭ്യർത്ഥിക്കാനും തൊഴിലാളികൾക്ക് കഴിയും.

അതേസമയം,കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെ ഇത് സഹായിക്കുമെന്ന് ബെൽജിയൻ തൊഴിൽ മന്ത്രി പിയറി-യെവ്സ് ഡെർമഗ്നെ പറഞ്ഞു. വിവാഹമോചിതരോ വേർപിരിഞ്ഞവരോ ആയ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സംരക്ഷണം പങ്കിടുന്ന ഈ നിർദ്ദേശം പ്രയോജനപ്പെടുമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു.

തൊഴിലുടമകൾക്ക് നാല് ദിവസത്തെ പ്രവൃത്തി ദിവസം എന്ന തൊഴിലാളിയുടെ അഭ്യർത്ഥന നിരസിക്കാൻ കഴിയും. എന്നാൽ എന്തുകൊണ്ടാണ് അത് നിരസിക്കുന്നത് എന്നത് ന്യായമായി രേഖാമൂലം വ്യക്തമാക്കണം. 20ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ തൊഴിലുടമകൾക്കും പുതിയ നിയമം ബാധകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here