മനസു മരവിച്ചിട്ടില്ലാത്ത മാനവികന്‍

ശാന്തമായ പെരുമാറ്റം, സൗമ്യമായ മുഖഭാവം. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഇല്ലാത്ത ചിരിച്ച മുഖം. ഈ മെലിഞ്ഞുണങ്ങിയ വെള്ളത്താടിക്കാരന്‍ വെറും ഒരു സാധാരണക്കാരന്‍ അല്ല. അമേരിക്കന്‍ ഗവണ്‍മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരന്‍. പേര് കല്യാണസുന്ദരം. തമിഴ്‌നാട് തിരുനെല്‍വേലിയിലെ മേലക്കരിവേലംകുളത്തുകാരന്‍.

കല്യാണസുന്ദരം എന്ന ഈ മനുഷ്യനെ നമ്മില്‍ പലര്‍ക്കും അറിയില്ല. മുപ്പത് വര്‍ഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം ഇക്കാലയളവിലെല്ലാം തന്റെ മുഴുവന്‍ ശമ്പളവും പാവങ്ങള്‍ക്കായി ചെലവഴിച്ചു. പത്തു ലക്ഷത്തോളം വരുന്ന പെന്‍ഷന്‍ പണവും ഇതേ രീതിയില്‍ ചെലവഴിച്ചു. തന്റെ ഒരു ആയുഷ്‌കാലം കൊണ്ട് നേടിയതെല്ലാം സമൂഹനന്മക്കായി ഉപയോഗിച്ചതിന് അമേരിക്കന്‍ ഗവണ്‍മെന്റ് ‘Man of the Millennium’ ബഹുമതി നല്‍കി ആദരിച്ചു .

ബഹുമതികളിലും പ്രസിദ്ധിയിലും കല്യാണസുന്ദരം മഞ്ഞളിച്ചില്ല. ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും ദരിദ്രര്‍ക്ക് നല്‍കി. സ്വന്തം ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നത് ഹോട്ടലില്‍ ജോലിയും വസ്ത്രങ്ങള്‍ അലക്കിയുമാണ് . ജോലികള്‍ കഴിയുബോള്‍ റെയില്‍വേ പ്ലാറ്റ്ഫോമുകളിലും റോഡരികിലുള്ള ഇരിപ്പിടങ്ങളിലും അന്തിയുറങ്ങും. രാവിലെ ഇതേ ജോലികളിലേക്ക് മടങ്ങും. തന്റെ സഹായം ആവശ്യമുള്ളിടത്ത് എത്തിക്കും.

കല്യാണ സുന്ദരത്തിന്റെ ദാനപ്രവൃത്തികള്‍ കേട്ടറിഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അദ്ദേഹത്തെ തന്റെ പിതാവായി ദത്തെടുത്തു. രജനിയെ തന്റെ മകനായി സ്വീകരിച്ചെങ്കിലും ആ മകന്റെ കുടുംബത്തില്‍ കഴിയാന്‍ കല്യാണസുന്ദരം തയ്യാറല്ല. ഇഷ്ടം ജീവിതം ഇല്ലാത്തവര്‍ക്കൊപ്പം അവരില്‍ ഒരാളായി കഴിയുന്നതാണ്.

തമിഴ്‌നാട്ടിലെ മേലാകരിവേലംകുളം എന്ന സ്ഥലത്താണ് കല്യാണ സുന്ദരം ജനിച്ചത്. ചെറുപ്പത്തിലേ പിതാവ് നഷ്ട്ടപ്പെട്ട അദ്ദേഹത്തിന് എല്ലാം അമ്മയായിരുന്നു. കൊടിയ ദാരിദ്യം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സാധാരണക്കാരിയായ ആ സ്ത്രീ മകനെ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി എന്നും നിലകൊള്ളണമെന്ന് പഠിപ്പിച്ചു. അമ്മയുടെ വാക്കുകളാണ് ജീവിതത്തിലുടനീളം അദ്ദേഹത്തിന് പ്രചോദനമായത്. തമിഴില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത കല്യാണസുന്ദരം പഠനത്തിലും മികവ് പുലര്‍ത്തി.

കല്യാണസുന്ദരത്തിന്റെ സാമൂഹിക സേവനത്തിന്റെ തുടക്കം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗമായിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധം നടക്കുന്ന സമയത്ത് യുദ്ധഫണ്ടിലേയ്ക്കുള്ള സംഭാവനയായി സ്വര്‍ണ്ണ ചെയിന്‍ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജിന് നല്‍കി. അവിടെ നിന്ന് ആരംഭിച്ച സാമൂഹിക പ്രവര്‍ത്തനം ഇന്നും തുടരുകയാണ്. വിവാഹം കഴിച്ചാല്‍ തനിക്കൊരിക്കലും ഇത്രത്തോളം സാമൂഹിക സേവനം ചെയ്യാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട് അദ്ദേഹം ഒരു കുടുംബസ്ഥനല്ല. കോളേജ് പഠനകാലത്ത് മറ്റു കുട്ടികള്‍ക്ക് ട്യൂഷനെടുത്തു. കുറേ കാലം ഹോട്ടലില്‍ ജോലി ചെയ്തു. വസ്ത്രങ്ങള്‍ അലക്കി, പിന്നീട് കോളേജ് ലൈബ്രേറിനായി . ലൈബ്രേറിയന്‍ ജോലിയില്‍ നിന്നുള്ള വിരമിക്കലിനു ശേഷം അദ്ദേഹം ‘പാലം’ എന്ന സംഘടന ആരംഭിച്ചു. പേര് പോലെ തന്നെ സമൂഹത്തെ സഹായിക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും സഹായം ലഭിക്കേണ്ടവര്‍ക്കും ഇടയിലെ ‘പാല’മായി തന്നെ കല്യാണസുന്ദരവും ‘പാലം’ സംഘടനയും നിലകൊള്ളുന്നു.

അവിടെയും ഒതുങ്ങുന്നില്ല കല്യാണസുന്ദരത്തിന്റെ കഥ. ലൈബ്രറി സയന്‍സില്‍ ഗോള്‍ഡ് മെഡലിസ്റ്റും സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഈ മഹത്‌വ്യക്തി. ഐക്യരാഷ്ട്രസംഘടനയുടെ 20ാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാള്‍, കേംബ്രിഡ്ജിലെ ‘ദി ഇന്റര്‍നാഷണല്‍ ബയോഗ്രഫിക്കല്‍ സെന്റര്‍’ ലോകകുലീനരിലെ ഒരാള്‍, ആജീവനാന്ത സേവനത്തിനുള്ള റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മികച്ച ലൈബ്രേറിയനുള്ള BAPASI അവാര്‍ഡ്, കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മികച്ച ലൈബ്രേറിയന്‍ അവാര്‍ഡ്, അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ‘മാന്‍ ഓഫ് ദ മില്ലേനിയം’ എന്നീ ബഹുമതികളും നിരവധി അംഗീകാരങ്ങളും തേടിയെത്തി . ഇവയ്‌ക്കൊന്നും വലിയ പരിഗണന കൊടുക്കാതെ മറ്റുള്ളവരുടെ വിശപ്പകറ്റിയും നഗ്‌നത മറച്ചും കണ്ണീരോപ്പിയും ഈ പുണ്യാത്മാവ് ഇന്നും നില കൊള്ളുന്നു.

തനിക്കു ലഭിച്ച പണമെല്ലാം സാമൂഹിക സേവനത്തിനായി വിനിയോഗിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന വിശഷണം കല്യാണ സുന്ദരത്തിനുണ്ട്. ഒന്ന് കിട്ടിയാല്‍ അത് രണ്ടാക്കാനും നാലാക്കാനും ആര്‍ത്തി പിടിച്ചോടുന്നവര്‍ക്കും എത്ര ശമ്പളം കിട്ടിയാലും അതൊന്നും മതിയാകാതെ കൈക്കൂലി വാങ്ങുന്നവര്‍ക്കും അഴിമതി നടത്തുന്നവര്‍ക്കുമുള്ള തിരിച്ചറിവും പാഠപുസ്തകവുമാണ് കല്യാണസുന്ദരത്തിന്റെ ജീവിതം.
കല്യണസുന്ദരനാകാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കു. അദ്ദേഹത്തിനു മുമ്പോ പിമ്പോ ഇനിയൊരു കല്യാണ സുന്ദരം ഉണ്ടാകില്ല എന്നതും സത്യമാണ്.

‘മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടു പോകുന്നില്ല, ജനിക്കുമ്പോഴും ആരും ഒന്നും കൊണ്ടു വരുന്നുമില്ല. പിന്നെന്തിനാണ് ഇടയ്ക്കുള്ള കുറച്ച് സമയം സ്വന്തമല്ലാത്തവയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്’ ?

                                                                                                       -കല്യാണസുന്ദരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here