പൂർണ ആരോഗ്യം നിലനിർത്താൻ, അനുലോം വിലോം പ്രാണായാമം ശീലിക്കാം

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗമാണ് യോഗ ശീലിക്കുന്നത്. യോഗയിൽ അനുലോം വിലോം എന്ന ശ്വസന രീതി ശീലിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം.

മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ പണ്ടുമുതലേ നമ്മളിൽ പലരും യോഗ ശീലമാക്കി വരുന്നുണ്ട്. ഒട്ടനേകം ആരോഗ്യ ആനുകൂല്യങ്ങൾ നൽകാൻ ശേഷിയുള്ളതാക്കി വയ്ക്കാനായി തലമുറകളായി ആളുകൾ ഇത് പരീക്ഷിക്കുന്നുണ്ട്. യോഗയുമായി ബന്ധപ്പെട്ട ഏറ്റവും ജനപ്രിയമായത് ശ്വസന വ്യായാമങ്ങൾ ആയിരിക്കും. അതിലൊന്നാണ് അനുലോം വിലോം എന്ന ശ്വസന രീതി.

പ്രാണായാമത്തിൻ്റെ ഗണത്തിൽ പെടുത്താവുന്ന ഇത് ചെയ്യാനായി വിരലുകളുടെ സഹായം മാത്രമേ ആവശ്യമുള്ളൂ. രണ്ട് നാസാരന്ധ്രങ്ങൾക്കിടയിൽ മാറിമാറി ശ്വാസോച്ഛ്വാസം നടത്തുന്നതിലൂടെ എളുപ്പത്തിൽ ഈ വ്യായാമം ചെയ്യാം. ശരീരത്തെ മുഴുവൻ പോസിറ്റീവിറ്റി കൊണ്ട് നിറക്കുന്നത് മുതൽ ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യുന്നതിന് ഈ ശ്വസന രീതി നിങ്ങളെ സഹായിക്കും. ആരോഗ്യകാര്യത്തിൽ ഈ വ്യായാമം നൽകുന്ന നേട്ടങ്ങൾ എന്തെല്ലാമെന്നറിയാം.

സമ്മർദ്ദം കുറയ്ക്കാം

ഈ വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള പ്രവർത്തനശേഷി മെച്ചപ്പെടുത്താനും കഴിയും. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ഒരു പരിധിവരെ അകറ്റി നിർത്താനും ഇത് നമ്മെ സഹായിക്കുന്നു. നമ്മുടെ തലച്ചോറിന്റെ പ്രവർത്തന ശേഷിയെ മെച്ചപ്പെടുത്താൻ പോലും ഇത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ന്യൂറോളജിക്കൽ രോഗ സാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാനും തലവേദന മൈഗ്രെയ്ൻ ലക്ഷണങ്ങൾ നിയന്ത്രിച്ച് നിർത്താനും കോപം നിയന്ത്രിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമെല്ലാം ഇത് സഹായം ചെയ്യുമെന്ന് പറയപ്പെടുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്താൻ

ശരീരഭാഗങ്ങളും മനസ്സും ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നതിന് രക്തചംക്രമണം ശരീരത്തിൽ ഉടനീളം കൃത്യമായി നടക്കേണ്ടത് പ്രധാനമാണ്. പ്രാണായാമം ചെയ്യുന്നത് വഴി രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായിച്ചുകൊണ്ട് ശരീരത്തിലെ മുഴുവൻ നാഡി ഞരമ്പുകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ നിയന്ത്രിച്ചു നിർത്താനും ഇതിന് കഴിയും.

ഹൃദയാരോഗ്യത്തിന്

അനുലോം വിലോം എന്ന പ്രാണായാമ ശ്വസന രീതി ശരീരത്തെ ശുദ്ധീകരിക്കുന്നതും തടസ്സമില്ലാത്തതുമായ രക്തചക്രമണം ഉറപ്പാക്കുന്നതുമായ ഒന്നാണ്. ഹൃദയത്തിന്റെ പ്രവർത്തന ശേഷി മെച്ചപ്പെടുത്തുന്ന ഇത് ധമനികളെ ശുദ്ധീകരിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ HDL കൊളസ്ട്രോൾ, LDL കൊളസ്ട്രോൾ എന്നിവ ശരീരത്തിൽ സ്വീകാര്യമായ അളവിലാക്കി നിലനിർത്താനും സഹായം ചെയ്യും.

സൗന്ദര്യം നിലനിർത്താൻ

ആഴത്തിലുള്ള ഈ ശ്വസന വ്യായാമം അവയവങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും ശരീരത്തിൻറെ ബാഹ്യസൗന്ദര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ചർമ കോശങ്ങളെ സജീവമാക്കുകയും പുതുമ വർദ്ധിപ്പിക്കുകയും മന്ദത അകറ്റുകയും ചെയ്യുന്നു. നമ്മുടെ വൈകാരികതയെ സ്വാധീനിക്കാനും മാനസികനില ഉയർത്താനും കൂടുതൽ സമയം പോസിറ്റീവായിരിക്കാനും മുഖകാന്തിയും ചർമത്തിന് തിളക്കവും നേടാനും ഇത് ശരീരത്തെ പ്രേരിപ്പിക്കുന്നു.

​നല്ല ദഹനത്തിന്

ഈ നിയന്ത്രിത ശ്വസന രീതിക്ക് ആമാശയത്തിലെ അണുബാധകൾ, മലബന്ധ പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. ഇത് ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും അമിതഭാരം പൊണ്ണത്തടി തുടങ്ങിയ ലക്ഷണങ്ങളെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യും. ആരോഗ്യമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനോടൊപ്പം ഈ ശ്വസന വ്യായാമരീതി പിന്തുടരുകയും ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, പോസിറ്റീവ് എനർജി ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here