ദിലീപിന്റെ 6 ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു

വധശ്രമ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുളള പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചു. ഹൈക്കോടതിയില്‍ നിന്നും ആലുവ മജിസ്ട്രേറ്റ് വഴി തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ അയച്ച ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലമാണ് ലഭിച്ചത്. കേസില്‍ നിര്‍ണായക തെളിവാകാന്‍ സാധ്യതയുളള വാട്‌സാപ്പ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം.

ദിലീപ്‌ ഉപയോഗിച്ചിരുന്ന ഐഫോൺ 13 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ്‌, വിവോ, സഹോദരൻ അനൂപ് 2017ൽ ഉപയോഗിച്ച ഹുവായ്‌, 2020ൽ ഉപയോഗിച്ച  റെഡ്‌മി 9, ടി എൻ സുരാജ്‌ ഉപയോഗിച്ച ഹുവായ്‌ ഫോണ്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന ഫലമാണ്‌ ലഭിച്ചത്‌. ഈ ആറ്‌ ഫോണുകളാണ്‌ മുദ്രവച്ച കവറിൽ ജനുവരി 31ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്‌ പ്രതികള്‍ കൈമാറിയത്‌.

ഹൈക്കോടതിയിൽനിന്ന് ഫോണുകൾ ആലുവ മജിസ്‌ട്രേട്ട്‌ കോടതിയിൽ എത്തിക്കുകയും തുടർന്ന്‌ ഇവ പരിശോധിക്കാൻ തിരുവനന്തപുരം ഫോറൻസിക് ലാബിലേയ്‌ക്ക്‌ അയക്കുകയായിരുന്നു. വധഗൂഢലോചന കേസില്‍ നിര്‍ണായമാകാന്‍ സാധ്യതയുള്ള വാട്‌സാപ്പ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണുകളില്‍ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. റിപ്പോര്‍ട്ടില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഗുരുതരമെങ്കില്‍ ദിലീപിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ ദിലീപിനെ അടുത്തയാഴ്‌ച വീണ്ടും ചോദ്യം ചെയ്തേക്കും. നിലവില്‍ കൂട്ടുപ്രതികളായ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സുരാജ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്‌ നോട്ടീസ് നൽകിയിട്ടുണ്ട്‌. സുരാജിനോട് തിങ്കളാഴ്ചയും അനൂപിനോട് ബുധനാഴ്ചയും ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം ദിലീപ്‌ 2017മുതല്‍ 2021 ഓഗസ്റ്റ് വരെ ഉപയോഗിച്ച ഐഫോൺ സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ദിലീപ്‌ ഇല്ലെന്ന്‌ പറഞ്ഞ ഈ ഫോണിൽനിന്ന്‌ 2000 വിളികൾ പോയതിന്‍റെ സിഡിആർ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകിയിരുന്നു. ഗൂഢാലോചന നടത്തിയതിനും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സൂക്ഷിച്ചതിനും പൾസർ സുനിക്ക്‌ ക്വട്ടേഷൻ നൽകിയതിനുമെല്ലാമുള്ള തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് അന്വേഷകസംഘത്തിന്‍റെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel