വിമോചനത്തിന്റെ വാങ്‌മയം

ആധുനിക ലോകത്തിന്റെ വിമോചനത്തിന്റെ വാങ്മയമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മനുഷ്യവംശചരിത്രത്തെ വഴിതിരിച്ചുവിടുന്നതിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോളം പങ്കുവഹിച്ച മറ്റൊരു രാഷ്‌ട്രീയരചനയും ഉണ്ടാവില്ല. റൂസ്സോയുടെ സോഷ്യൽ കോൺട്രാക്റ്റും അമേരിക്കൻ ഭരണഘടനയും ഫ്രഞ്ച് പൗരാവകാശപ്രഖ്യാപനവും ഉൾപ്പെടെയുള്ള മറ്റേതൊരു രാഷ്ട്രീയ നയരേഖയേക്കാളും എത്രയോ ആഴത്തിൽ മനുഷ്യവംശഭാഗധേയത്തെ രൂപപ്പെടുത്തുന്നതിൽ അത് പങ്കാളിയായി. ബീഥോവിന്റെ ആറാം സിംഫണിയിലെന്നപോലെ ഉച്ചസ്ഥായിയിൽ മുഴങ്ങുന്നതെന്ന് ഉംബർട്ടോ എക്കോ വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സ്വാധീനം മഹാസമുദ്രങ്ങൾക്കും വൻകരകൾക്കും കുറുകെ സഞ്ചരിച്ചു. തങ്ങളുടെ വിമോചനസ്വപ്‌നങ്ങളുടെ തമ്പേറുകളും പടഹധ്വനികളും മാനിഫെസ്റ്റോവിലെന്നപോലെ മറ്റെവിടെയും ആധുനികമനുഷ്യവംശം കേട്ടിട്ടില്ല. 1917ലെ റഷ്യൻവിപ്ലവത്തിന് മുമ്പുതന്നെ നാൽപ്പതോളം ഭാഷകളിലായി മാനിഫെസ്റ്റോയുടെ 544 പതിപ്പ്‌ പ്രസിദ്ധീകൃതമായി. വിപ്ലവാനന്തരമുള്ള ഒരു നൂറ്റാണ്ടിനിടയിൽ ലോകത്തെ എല്ലാ ഭാഷകളിലേക്കും അത് സഞ്ചരിച്ചു. ആയിരക്കണക്കിന് പതിപ്പുകളും കോടിക്കണക്കിന് പ്രതികളുമായി ലോകത്തിന്റെ മുക്കിലും മൂലയിലും ഇടംനേടി. ബൈബിളും ഖുറാനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം അച്ചടിക്കപ്പെട്ട ഗ്രന്ഥം എന്ന് മാനിഫെസ്റ്റോയ്‌ക്ക്‌ കൈവന്ന വിശേഷണം ആലങ്കാരികമല്ല എന്നർഥം. മേൽപ്പറഞ്ഞ മതഗ്രന്ഥങ്ങളുടെ ചരിത്രം സഹസ്രാബ്‌ദങ്ങളുടേതാണെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടേത് ഒന്നേമുക്കാൽ നൂറ്റാണ്ടിന്റേതുമാത്രമാണെന്നുകൂടി നാം ഇതോടൊപ്പം ഓർക്കണം. മാനിഫെസ്റ്റോയിലെ വിമോചനസ്വപ്‌നങ്ങൾക്ക് ദൈവരാജ്യഭാവനകളേക്കാൾ വേഗതയുണ്ടായിരുന്നു!

ഒന്ന്

1847ലെ ശൈത്യകാലത്ത്, ലണ്ടനിൽനിന്ന്‌ നീതിമാൻമാരുടെ സംഘം (League of Just) എന്ന പുരോഗമന വിപ്ലവകാരികളുടെ കൂട്ടായ്‌മയുടെ പ്രതിനിധിയായി ജോസഫ്മോൾ ബ്രസൽസിലുള്ള മാർക്‌സിനെ കാണാനെത്തി. അസാധാരണമായ ഒരാവശ്യമാണ് തന്റെ സംഘടനയ്‌ക്കും അതിലെ അംഗങ്ങൾക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. മാർക്‌സും എംഗൽസും നീതിമാൻമാരുടെ സംഘത്തിൽ ചേരുകയും 1847 ജൂൺ 2–-9 തീയതികളിൽ ലണ്ടനിൽ നടക്കുന്ന ഒന്നാം കോൺഗ്രസിൽ പങ്കെടുക്കുകയും വേണം എന്നായിരുന്നു ആവശ്യം. മാർക്‌സും എംഗൽസും തങ്ങളുടെ രാഷ്‌ട്രീയ കാര്യപരിപാടി ആ സമ്മേളനത്തിൽ അവതരിപ്പിക്കണമെന്നും അത് നീതിമാൻമാരുടെ സംഘത്തിന്റെ ഔദ്യോഗിക രാഷ്‌ട്രീയ കാര്യപരിപാടിയായി പ്രസിദ്ധീകരിക്കാമെന്നും ജോസഫ്മോൾ മാർക്‌സിനെ അറിയിച്ചു. തങ്ങളുടെ രാഷ്ട്രീയവീക്ഷണത്തിന്റെ നിർവഹണത്തിന് ഒരു സംഘടിതപ്രസ്ഥാനം അനിവാര്യമാണെന്ന കാര്യം മാർക്‌സും എംഗൽസും അതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ലീഗ് ഓഫ് ജസ്റ്റ്–-നെ പുനഃസംഘടിപ്പിക്കാനും അതിനെ സൈദ്ധാന്തികമായി ബലിഷ്‌ഠമായ ഒരടിത്തറയിൽ പുനഃസ്ഥാപിക്കാനും കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെ ഒന്നാം കോൺഗ്രസിൽ പങ്കെടുക്കാമെന്ന് അവർ സമ്മതിച്ചു.

1847 ജൂൺ 2–-9 തീയതികളിലായി നടന്ന ഒന്നാം കോൺഗ്രസിൽ എംഗൽസ് പങ്കെടുത്തു. ലണ്ടനിൽ ഉണ്ടായിരുന്നുവെങ്കിലും മാർക്‌സിന് അതിൽ സംബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സമ്മേളനം സംഘടനയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിക്കുകയും ലീഗ് ഓഫ് ജസ്റ്റ് എന്നതിനു പകരം കമ്യൂണിസ്റ്റ് ലീഗ് എന്ന പേര് സ്വീകരിക്കുകയുംചെയ്‌തു. വർഗപരമായി വിഭജിതമായ ബൂർഷ്വാസമൂഹത്തെ തകർത്ത് വർഗരഹിതവും സ്വകാര്യസ്വത്തില്ലാത്തതുമായ ഒരു സമൂഹം സ്ഥാപിക്കുക എന്നത് കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കുകയുംചെയ്‌തു.

ഒന്നാം കോൺഗ്രസ് ലീഗിന്റെ വിശ്വാസപ്രഖ്യാപനം (Profession of Faith) എഴുതി തയ്യാറാക്കാൻ എംഗൽസിനെ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം കമ്യൂണിസ്റ്റ് ലീഗിന്റെ പരിപാടി എന്ന നിലയിൽ ഒരു നയരേഖ (Profession of Faith) തയ്യാറാക്കുകയുംചെയ്‌തു. ലീഗിന്റെ പാരീസ് ശാഖയിൽ മോസസ് ഹെസ് സമാനമായ ഒരു രേഖ അവതരിപ്പിക്കുകയും അതിനവിടെ അംഗീകാരം ലഭിക്കുകയുംചെയ്‌തിരുന്നു. അങ്ങേയറ്റം അപര്യാപ്തവും സൈദ്ധാന്തികമായി വലിയ പോരായ്‌മകൾ നിറഞ്ഞതുമായ ഒന്നായാണ് എംഗൽസിന് അതനുഭവപ്പെട്ടത്. അതിനെതിരെ അദ്ദേഹം നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചു. മോസസ് ഹെസിന്റെ കാര്യപരിപാടിയുടെ വിമർശനം കൂടി ഉൾപ്പെടുന്ന നിലയിൽ കമ്യൂണിസ്റ്റ് ലീഗിന്റെ രാഷ്‌ട്രീയ കാര്യപരിപാടി തയ്യാറാക്കാൻ പാരീസ് ശാഖ എംഗൽസിനെ ചുമതലപ്പെടുത്തി. കമ്യൂണിസത്തിന്റെ മൂലതത്ത്വങ്ങൾ (Profession of Faith) എന്ന പേരിൽ ചോദ്യോത്തരരൂപത്തിലാണ് അദ്ദേഹമത് തയ്യാറാക്കിയത്.

താൻ തയ്യാറാക്കിയ കാര്യപരിപാടിയുടെ പ്രബോധനസ്വഭാവത്തിലും ചോദ്യോത്തരരൂപത്തിലും എംഗൽസ് അതൃപ്തനായിരുന്നു. അതിനെ കൂടുതൽ സമഗ്രവും കെട്ടുറപ്പുള്ളതുമായ നയപ്രഖ്യാപനരേഖയായി മാറ്റേണ്ടതുണ്ടെന്ന് 1848 നവംബർ 23ന് എംഗൽസ് മാർക്‌സിനെഴുതുന്നുണ്ട്. 1848 നവംബർ 29 മുതൽ ഡിസംബർഎട്ടുവരെ കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസിൽ ലീഗ് കൈക്കൊള്ളേണ്ട രാഷ്ട്രീയ കാര്യപരിപാടിയെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. മാർക്‌സ്‌ മുന്നോട്ടുവച്ച കാഴ്‌ചപ്പാടിന് അവിടെ മേൽക്കൈ ലഭിച്ചതിനെ തുടർന്ന് കമ്യൂണിസ്റ്റ് ലീഗിന്റെ നയപ്രഖ്യാപനരേഖയുടെ കരട് തയ്യാറാക്കാൻ സമ്മേളനം മാർക്‌സിനെയും എംഗൽസിനെയും ചുമതലപ്പെടുത്തി. എംഗൽസ് തയ്യാറാക്കിയ രേഖയെ അടിസ്ഥാനപ്പെടുത്തി അന്തിമരൂപം തയ്യാറാക്കാനുള്ള ഉത്തരവാദിത്വം മാർക്‌സിനായിരുന്നു.

ലണ്ടനിൽനിന്ന് ബ്രസൽസിലെത്തിയ മാർക്‌സ്‌ ബഹുകാര്യവ്യഗ്രനായിരുന്നു. ജർമൻ വർക്കേഴ്സ് എഡ്യൂക്കേഷൻ അസോസിയേഷനിൽ രാഷ്ട്രീയ അർഥശാസ്‌ത്രത്തെക്കുറിച്ച് ക്ലാസുകൾ എടുത്തും ഡെമോക്രാറ്റിക് അസോസിയേഷന്റെ ശാഖ സ്ഥാപിക്കാൻ പണിപ്പെട്ടുമെല്ലാം കാലം കടന്നുപോയി. നയരേഖയുടെ കരട് ഫെബ്രുവരി ഒന്നിന് അയച്ചിരിക്കണം എന്ന കമ്യൂണിസ്റ്റ് ലീഗിന്റെ അന്ത്യശാസനം 1848 ജനുവരി 26ന് മാർക്‌സിനു കിട്ടി. മാർക്‌സിന്റെ സഹജമായ മടി അവസാനിച്ചത് അതോടെയാണ്. അതുവരെയുള്ള തന്റെ ആലോചനകളെയും എംഗൽസിന്റെ കുറിപ്പുകളെയും അടിസ്ഥാനമാക്കി മാർക്‌സ്‌ ഒറ്റയടിക്ക് മാനിഫെസ്റ്റോവിന്റെ അന്തിമരൂപം തയ്യാറാക്കി. 1848 ജനുവരി അവസാനവാരത്തിൽ, പിൽക്കാല മനുഷ്യവംശചരിത്രത്തിൽ ഇടിമുഴക്കം പോലെ നിറഞ്ഞുനിന്ന രാഷ്ട്രീയലഘുലേഖ അന്തിമരൂപത്തിലെത്തി. മാനിഫെസ്റ്റോവിന്റെ അന്തിമരൂപത്തിന്റെ കരട് ലഭ്യമായിട്ടില്ലാത്തതുകൊണ്ട്, മാനിഫെസ്റ്റോ മാർക്‌സ്‌ ഒറ്റയടിക്ക് എഴുതി തയ്യാറാക്കിയതാവണം എന്ന് എറിക് ഹോബ്സ്ബാം സൂചിപ്പിക്കുന്നുണ്ട്.

1848 ജനുവരി അവസാനദിവസങ്ങളിൽ മാനിഫെസ്റ്റോയുടെ ജർമൻ ഭാഷയിലുള്ള കരട് ബ്രസ്സൽസിൽനിന്ന് മാർക്‌സ്‌ ലണ്ടനിലേക്ക് അയച്ചു. ഫെബ്രുവരി 21ന് 23 പേജുള്ള ലഘുലേഖയുടെ രൂപത്തിൽ അത് പുറത്തുവന്നു. ലോകത്തിന്റെ രാഷ്ട്രീയചരിത്രത്തെയാകെ വഴിതിരിച്ചുവിടാൻപോന്ന ഒരു നയരേഖയുടെ ഒരുവിധ അടയാളങ്ങളും അതിലുണ്ടായിരുന്നില്ല. ‘മാനിഫെസ്റ്റോ ഓഫ് ദ കമ്യൂണിസ്റ്റ് പാർടി’ എന്ന ശീർഷകത്തിൽ, രചയിതാക്കളുടെ പേരില്ലാതെ, അനാർഭാടവും വിനീതവുമായ ഒരു പ്രസാധനമായിരുന്നു അത്. അന്ന് ലോകത്തെവിടെയും ആ പേരിൽ ഒരു പാർടി നിലവിൽ വന്നിട്ടില്ലായിരുന്നു. ലണ്ടനിലെ ബിഷപ് ഗേറ്റിൽനിന്ന് വർക്കേഴ്സ് എഡ്യൂക്കേഷൻ അസോസിയേഷനാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ഫ്ളെമിഷ്, ഡാനിഷ് ഭാഷകളിലും പ്രസിദ്ധീകരിക്കുമെന്ന് ആമുഖത്തിൽ പ്രസ്‌താവിച്ചിരുന്നെങ്കിലും ജർമനിൽമാത്രമാണ് അതാദ്യം പുറത്തിറങ്ങിയത്. ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങാൻ പിന്നെയും രണ്ടു വർഷങ്ങൾ. ഹെലൻ മക്ഫർലെയ്ൻ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ 1850ൽ ചാർട്ടിസ്റ്റ് മാസികയായ റെഡ് റിപ്പബ്ലിക്കനിലാണ് പ്രസിദ്ധീകൃതമായത്. തന്റെ പരിഭാഷയ്‌ക്കായി ഹെലൻ മക്ഫർലയ്ൻ മാർക്‌സും എംഗൽസുമായി ആശയവിനിമയം നടത്തിയിരുന്നു; പ്രത്യേകിച്ച് എംഗൽസുമായി. ആ ഇംഗ്ലീഷ് പരിഭാഷയിലാണ് അതുവരെ അജ്ഞാതകർതൃകമായി തുടർന്ന മാനിഫെസ്റ്റോയുടെ രചയിതാക്കളുടെ പേര് ആദ്യമായി വെളിവാക്കപ്പെട്ടതും.

ഇടിമുഴക്കം പോലുള്ള വാക്കുകളിൽ മാനിഫെസ്റ്റോ പിറന്നുവീണതിന് പിന്നാലെ യൂറോപ്പ് 1848ലെ വിപ്ലവത്തിലേക്ക് പൊട്ടിത്തെറിച്ചു. പാരീസിലെ തെരുവുകളിലാണ് ആദ്യം കലാപത്തിനു തീ പിടിച്ചത്. പിന്നീടത് യൂറോപ്പിലെ മിക്കവാറും രാഷ്ട്രങ്ങളിലേക്ക് പടർന്നു. മാനിഫെസ്റ്റോ ആ കലാപങ്ങളുടെ നേരിട്ടുള്ള പ്രഭവകാരണമായിരുന്നില്ല. എങ്കിലും ആസന്നമായ തൊഴിലാളിവിപ്ലവത്തെക്കുറിച്ചുള്ള മാനിഫെസ്റ്റോവിലെ പ്രവചനഗംഭീരമായ വാക്കുകൾക്ക് ആ കലാപത്തോടെ കൂടുതൽ മിഴിവുണ്ടായി. അവിചാരിതമായി രൂപപ്പെട്ട ഒരു നാഭീനാളബന്ധം 1848ലെ വിപ്ലവത്തിനും മാനിഫെസ്റ്റോയ്‌ക്കുമിടയിൽ നിലവിൽ വന്നു. വിപ്ലവം അടിച്ചമർത്തപ്പെട്ടതോടെ മാനിഫെസ്റ്റോ വിസ്‌മൃതിയിലായി. അതിന്റെ മൂന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നത് അർഥപൂർണമല്ലെന്ന് മാർക്‌സിനു തന്നെയും തോന്നി എന്നാണ് ഹോബ്സ്ബാം എഴുതുന്നത്. മൂലധനത്തിന്റെ രചനയ്‌ക്കായി ബ്രിട്ടീഷ് ലൈബ്രറിയിൽ മുങ്ങിത്താഴുന്ന 1850കളിലും 60കളിലും മാർക്‌സിന്റെ കൃതികളിലൊന്നുപോലും അച്ചടിയിൽ ഉണ്ടായിരുന്നില്ലെന്നും ഹോബ്സ്ബാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നോ രണ്ടോ പരിഭാഷകൾ റഷ്യനിലും മറ്റുമായി വന്നെങ്കിലും കാലത്തിന്റെ പ്രവാഹഗതിയിൽ അത് മുങ്ങിത്താണുപോയതായി പൊതുവെ കണക്കാക്കപ്പെട്ടു. 1848 വിപ്ലവങ്ങളുടെ പരാജയം മാനിഫെസ്റ്റോയെയും തൽക്കാലത്തേക്ക് പരാജയത്തിലാഴ്‌ത്തി.

മറ്റൊരു വിപ്ലവമാണ് മാനിഫെസ്റ്റോയെ ഉയർത്തെഴുന്നേൽപ്പിച്ചത്. 1871ലെ പാരീസ് കമ്യൂൺ. അത് നേരിട്ട തിരിച്ചടിക്കുശേഷവും മാർക്‌സ്‌ പാരീസ് കമ്യൂണിനെ അതിശക്തമായി പിന്തുണച്ചിരുന്നു. അതിനെ മുൻനിർത്തി എഴുതിയ ഫ്രാൻസിലെ ആഭ്യന്തരയുദ്ധം (Civil War of France) എന്ന കൃതിയിൽ മാർക്‌സ്‌ പാരീസ് കമ്യൂണിനെ വീറോടെ ഉയർത്തിപ്പിടിച്ചു. മാർക്‌സിന്റെ ജീവിതകാലത്ത് ഏറ്റവുമധികം പ്രചാരം കൈവന്ന അദ്ദേഹത്തിന്റെ രചനയും അതാണ്. അപ്പോഴേക്കും മാർക്‌സ്‌ ഒന്നാം ഇന്റർനാഷണലിന്റെ ഉന്നത നേതൃത്വത്തിൽ എത്തിയിരുന്നു. വിപ്ലവകാരികളുടെ വിചാരണവേളയിൽ സർക്കാർ പ്രോസിക്യൂട്ടർ പ്രതികളുടെ വിധ്വംസകനിലപാടുകളുടെ തെളിവായി മാനിഫെസ്റ്റോയിൽനിന്ന് ധാരാളമായി ഉദ്ധരിച്ചുചേർത്തിരുന്നു. കോടതിരേഖയിൽ വന്നതോടെ മാനിഫെസ്റ്റോ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് നിയമസാധുതയായി. 1872ൽ മാനിഫെസ്റ്റോയുടെ പരിഷ്‌കരിച്ച പുതിയ ജർമൻ പതിപ്പ് ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പേരിൽ നിലവിൽ വന്നു. പിൽക്കാലത്തെ മാനിഫെസ്റ്റോ പതിപ്പുകളുടെയെല്ലാം ആധാരമായത് ഇതാണ്. മനുഷ്യവംശത്തിന്റെ വിപ്ലവസ്വപ്‌നങ്ങളുടെ ശാശ്വത പ്രചോദനം പോലെ അതിന്റെ നിത്യജീവിതത്തിലേക്ക് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ യാത്രതുടങ്ങി.

രണ്ട്

എന്താണ് മാനിഫെസ്റ്റോയുടെ അനിവാര്യമായ കരുത്തിന്റെ ഹേതു? എഴുതപ്പെട്ട് നൂറ്റിയെഴുപത്തിയഞ്ച് വർഷം തികയുമ്പോഴും അത് മനുഷ്യവംശത്തെ ഗാഢമായി അഭിസംബോധന ചെയ്യുന്നതെന്തുകൊണ്ടാണ്? മാനിഫെസ്റ്റോ എഴുതപ്പെടുകയും അത് ഒന്നര നൂറ്റാണ്ടോളം ജീവിക്കുകയുംചെയ്‌ത കാലത്തിൽനിന്ന് തീർത്തും ഭിന്നമാണ് അതിന്റെ ചരിത്രജീവിതത്തിലെ അവസാനത്തെ കാൽനൂറ്റാണ്ട്. നവ ഉദാരീകരണവും ആഗോളതലത്തിലെ വലതുപക്ഷരാഷ്ട്രീയത്തിന്റെ വളർച്ചയും ലോകത്തിന്റെ ഘടനാബന്ധങ്ങളെയാകെ അഴിച്ചുപണിതിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഉദയപതനങ്ങളും മാർക്‌സിസത്തിന്റെ ഗതിഭേദങ്ങളും അവസാനത്തെ കാൽനൂറ്റാണ്ടിനെ തീർത്തും വ്യത്യസ്‌തമാക്കിയിരിക്കുന്നു.

എന്നിട്ടും മാനിഫെസ്റ്റോ തുടരുന്നു. പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് മൂന്നു കാരണം മാനിഫെസ്റ്റോയുടെ പ്രസക്തിക്ക് പിന്നിലുള്ളതായി പറയുന്നുണ്ട്. അതിലെ രാഷ്‌ട്രീയസന്ദേശത്തിന്റെ കരുത്താണ് അദ്ദേഹം സൂചിപ്പിക്കുന്ന ഒന്നാമത്തെ കാര്യം. മുതലാളിത്തത്തിലെ ആന്തരിക വൈരുധ്യങ്ങളെയും അതുളവാക്കുന്ന സാമൂഹ്യസംഘർഷങ്ങളെയും അതിനെ മറികടക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ചുള്ള മാനിഫെസ്റ്റോയിലെ മറയില്ലാത്ത പ്രഖ്യാപനങ്ങൾ ഒരുനിലയ്‌ക്കും പഴകാതെ തന്നെ തുടരുന്നു. മുതലാളിത്ത വളർച്ചയുടെ ഒരു ഘട്ടവും ഈ വൈരുധ്യങ്ങളെ പരിഹരിച്ചിട്ടില്ല. രാഷ്‌ട്രീയവും ധൈഷണികവുമായ മഹാപരിവർത്തനത്തിന്റെ പാഠമായി ഇന്നുമത് തുടരുന്നു.

രണ്ടാമത്തെ കാരണമായി ഐജാസ് അഹമ്മദ് ചൂണ്ടിക്കാണിക്കുന്നത് മാർക്‌സിന്റെ അനന്യവും വശ്യസുന്ദരവും വിശുദ്ധവുമായ ഭാഷാശൈലിയാണ്. ഏതെങ്കിലുമൊരു രാഷ്‌ട്രീയ ലഘുലേഖ, ഏതെങ്കിലുമൊരു രാഷ്‌ട്രീയ കാര്യപരിപാടി, ഇത്രമേൽ ഭാവബദ്ധമായി എഴുതപ്പെട്ടിട്ടില്ല. അതുൾപ്പെട്ട കാലയളവിന്റെ സമസ്‌ത വൈരുധ്യങ്ങളെയും പിറവിയെടുക്കാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള പ്രത്യാശകളെയും മാനിഫെസ്റ്റോ ആവിഷ്‌കരിക്കുന്നത് അനുഭവതീവ്രത മുറ്റിത്തഴച്ച വാക്കുകളിലാണ്.

മുതലാളിത്തത്തിന്റെ അനിവാര്യമായ ആന്തരിക വൈരുധ്യങ്ങളെയും അതിൽനിന്ന് പിറവിയെടുക്കാനിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള പ്രവചനത്തിന്റെയും അത്ഭുതകരമായ സംയോഗമാണ് മാനിഫെസ്റ്റോയുടെ മറ്റൊരു സവിശേഷത. മുതലാളിത്ത ഉൽപ്പാദനം പടിഞ്ഞാറൻ ദേശരാഷ്‌ട്രാതിർത്തികൾക്കുള്ളിൽ ചിതറിയ രൂപത്തിൽ അരങ്ങേറുന്ന കാലത്താണ് മൂലധനത്തിന്റെ വരാനിരിക്കുന്ന ആഗോളസഞ്ചാരത്തെയും അതിന്റെ രാഷ്‌ട്രീയഫലങ്ങളെയും കുറിച്ച് അത്ഭുതകരമായ ഉൾക്കാഴ്‌ചയോടെ മാനിഫെസ്റ്റോ പറഞ്ഞത്. ഐജാസ് അഹമ്മദ് സൂചിപ്പിക്കുന്നതുപോലെ രോഗനിർണയത്തിന്റെയും ഭാവിസമൂഹത്തിന്റെ സ്വഭാവനിർവചനത്തിന്റെയും ആശ്ചര്യകരമായ ഒത്തുചേരൽ അതിൽ കാണാനാവും. അതുവരെയുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തിയ സാമൂഹ്യവിഭാഗമായി ബൂർഷ്വാസിയെ പ്രതിഷ്‌ഠിച്ചുകൊണ്ടുതന്നെയാണ്, മനുഷ്യവംശത്തെ സർവനാശകമായ ഭാവിയിലേക്കു നയിക്കുന്ന ഒന്നായി മാർക്‌സ്‌ അതിനെ വിലയിരുത്തിയത്. സ്വന്തം പ്രതിച്ഛായയിൽ ലോകത്തെ പണിതെടുക്കുകയും പണത്തിന്റേതല്ലാത്ത മറ്റെല്ലാ ബന്ധങ്ങളെയും തച്ചുടയ്‌ക്കുകയും ചെയ്യുന്ന മൂലധനത്തിന്റെ പടപ്പാച്ചിലിനെ മാനിഫെസ്റ്റോയുടെ ദുരന്തഗംഭീരതയോടെ മറ്റൊരു കൃതിയും ആവിഷ്‌കരിച്ചിട്ടില്ല. ഖരമായതെല്ലാം ആവിയായിത്തീരുന്ന ( All that is solid melts into air) ഒരു സാമൂഹ്യചരിത്രസന്ദർഭത്തെക്കുറിച്ചുള്ള പ്രവചനനിർഭരമായ വാക്കുകൾ, പിൽക്കാലത്ത് സിഗ്മണ്ട് ബൗമൻ വിശേഷിപ്പിച്ചതുപോലെ, വരാനിരിക്കുന്ന മോഡേണിസ്റ്റ് ഭാവുകത്വത്തെയാകെ സംഗ്രഹിക്കുന്ന പദസംയുക്തമായി മാറി. നിലംപൊത്തുന്ന ലണ്ടൻ പാലത്തെക്കുറിച്ച് ടി എസ് എലിയറ്റും സർവവും ശിഥിലമാകുന്നതിനെക്കുറിച്ച് യേറ്റ്സും പിൽക്കാലത്ത് എഴുതിയതിനെയെല്ലാം പൂർവദർശനം ചെയ്യുന്നതാണ് മാനിഫെസ്റ്റോയിലെ വാക്കുകൾ എന്ന് ബൗമൻ പറയുന്നുണ്ട്. അവസാനിക്കാത്ത ഉൽപ്പാദനപ്പെരുപ്പംകൊണ്ട് ഭൂമിയെ ഒരു ചപ്പുകൂനയാക്കാനിരിക്കുന്ന മുതലാളിത്ത വളർച്ചയുടെ പ്രതിസന്ധിയെ, സാമ്രാജ്യത്വമോ മൂലധനത്തിന്റെ ലോകാന്തരസഞ്ചാരമോ ആഗോളകുത്തകകളോ നിലവിൽ വന്നിട്ടില്ലാത്ത ആദ്യകാലത്തുതന്നെ മാർക്‌സ്‌ ചൂണ്ടിക്കാട്ടി.

ചരിത്രത്തിന്റെ ഒരു സവിശേഷസന്ദർഭത്തിൽ എഴുതപ്പെട്ട രചനയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. നിശ്ചയമായും അതൊരു സത്യവേദപുസ്‌തകമല്ല. എറിക് ഹോബ്സ്ബാം ചൂണ്ടിക്കാട്ടുന്നതുപോലെ, അതിന്റെ പലഭാഗങ്ങൾക്കും ഇതിനകം കാലപ്പഴക്കം വന്നിട്ടുണ്ട്. ‘സോഷ്യലിസ്റ്റ് സാഹിത്യവും കമ്യൂണിസ്റ്റ് സാഹിത്യവും’ എന്ന ഭാഗത്തിന് കാലഹരണം സംഭവിച്ചതായി മാർക്‌സും എംഗൽസും 1872ൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഒരു മാർക്‌സിസ്റ്റ് സാമ്പത്തികശാസ്‌ത്രജ്ഞനായി പൂർണമായി സ്വയം പരിണമിക്കുന്നതിന് മുമ്പാണ് മാർക്‌സ്‌ അതെഴുതിയതെന്നും ഹോബ്സ്ബാം പറയുന്നു. അതെല്ലാം നിലനിൽക്കെത്തന്നെ ചരിത്രത്തെക്കുറിച്ചുള്ള ഭൗതികവാദസമീപനത്തിന്റെ ഏറ്റവും ഉജ്വലമായ ആവിഷ്‌കാരമായി മാറി എന്നതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അതുല്യതയുടെയും അനന്യതയുടെയും ആധാരം. മാർക്‌സിസത്തിന്റെ മാത്രമല്ല, മനുഷ്യവംശത്തിന്റെ തന്നെ ലോകാവബോധത്തിന്റെ ചരിത്രത്തിലെ ഒരു നിർണായകമുഹൂർത്തമായിരുന്നു അതിന്റെ പിറവി. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനെ ഒഴിവാക്കിക്കൊണ്ട് മനുഷ്യവംശത്തിന് പിന്നീട് സഞ്ചരിക്കാനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News