സമ്മേളന നഗരിയെ ആവേശക്കൊടുമുടിയിലാക്കാന്‍ വിപ്ലവഗാനങ്ങള്‍

സിപിഐ എം സംസ്ഥാന സമ്മേളനവേദിയില്‍ ഉത്സാഹം പകരാന്‍ വിപ്ലവഗാനങ്ങള്‍ ഒരുങ്ങുന്നു. ചെങ്കൊടി പറക്കുന്ന മണ്ണില്‍, ആവേശക്കൊടുമുടി തീര്‍ക്കുന്ന ഗാനങ്ങള്‍ നായരമ്പലത്തെ വീട്ടില്‍ സ്വന്തം സ്റ്റുഡിയോയില്‍ ചിട്ടപ്പെടുത്തുന്ന തിരക്കിലാണ് സംഗീതസംവിധായകന്‍ സെബി നായരമ്പലം. സ്വാഗതഗാനം ഉള്‍പ്പെടെ ആറു പാട്ടാണ് ഒരുക്കുന്നത്. പ്രഭാവര്‍മ, വയലാര്‍ ശരച്ചന്ദ്രന്‍, റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, കരിവെള്ളൂര്‍ മുരളി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്.

‘സലാം ലാല്‍സലാം, ഭാവികേരളം പടുത്തുയര്‍ത്തീടാന്‍ പടയ്ക്കിറങ്ങിന്‍ എന്ന സ്വാഗതഗാനം പ്രവര്‍ത്തകരെ ആവേശഭരിതമാക്കുമെന്ന പ്രതീക്ഷയിലാണ് സെബി. കരിവെള്ളൂര്‍ മുരളിയാണ് ഗാനം രചിച്ചത്. കലാഭവന്‍ സാബു, മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

മുരുകന്‍ കാട്ടാക്കടയുടെ ‘ഉയരെ ഉയരെ ഉയരെ ചെങ്കൊടികള്‍’, പ്രഭാവര്‍മയുടെ ‘ഒരു കൈത്തിരിയിലൊരായിരം ഉദയക്കതിരുകളുയരട്ടെ’ എന്നീ ഗാനങ്ങളും പ്രവര്‍ത്തകര്‍ നെഞ്ചേറ്റുമെന്ന വിശ്വാസത്തിലാണ് സെബി. റെക്കോഡിങ് പുരോഗമിക്കുകയാണ്. തബലയില്‍ ആനന്ദും പുല്ലാങ്കുഴലില്‍ ജോസഫും അകമ്പടിയേകുന്നു. വിഷ്ണു വിജയനാണ് റെക്കോഡിസ്റ്റ്. ബിനീഷ് ബാലന്‍ റിഥം പ്രോഗ്രാമിങ് ചെയ്യുന്നു.

തിങ്കളാഴ്ച പതാകദിനത്തിനായി മഹാരാജാസ് കോളേജ് വിദ്യാര്‍ഥികള്‍ പാടിയ ഗാനത്തിന്റെ റെക്കോഡിങ് പൂര്‍ത്തിയായി. എറണാകുളത്ത് ഡിസംബറില്‍ ജില്ലാ സമ്മേളനത്തിനായി മൂന്നു ഗാനങ്ങള്‍ സെബി ചിട്ടപ്പെടുത്തിയിരുന്നു. 1997ല്‍ സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് എറണാകുളം വേദിയായപ്പോള്‍ സെബിയും ഒപ്പമുണ്ടായിരുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സംഗീതസംവിധായകന്‍ ജി ദേവരാജന്‍ സംഗീതം പകര്‍ന്ന വിപ്ലവഗാനങ്ങള്‍ക്ക് വാദ്യവിന്യാസം നിര്‍വഹിച്ചത് സെബിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here