ലോക സാമൂഹിക നീതി ദിനം; ചില ഓര്‍മപ്പെടുത്തലുകള്‍

ഇന്ന് ലോക സാമൂഹിക നീതി ദിനം. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം നിലനിര്‍ത്താനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിന്റെ പല കോണിലും വിവേചനവും അതേത്തുടര്‍ന്നുള്ള കലാപങ്ങളും നിലനില്‍ക്കുമ്പോള്‍ ഈ ദിനത്തിന്റെയും ഇത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന്റെയും പ്രസക്തി വര്‍ധിക്കുന്നു.

2007 ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹിക നീതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ‘ Achieving Social Justice through Formal Employment’ എന്നതാണ് 2022 ലെ തീം. തൊഴിലിടങ്ങളിലെ അസമത്വം ഒഴിവാക്കുകയും അതുവഴി സാമൂഹിക നീതി ഉറപ്പു വരുത്തുകയും ദാരിദ്ര്യം ഇല്ലാതാക്കുകയുമാണ് ഈ പ്രമേയത്തിന്റെ ഉദ്ദേശ്യം. അപ്രതീക്ഷിതമായി വന്ന മഹാമാരി നിരവധി കുടുംബങ്ങളെയാണ് വരുമാനമില്ലാതാക്കി ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടത്.

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കാനും ഈ പ്രമേയം ലക്ഷ്യമിടുന്നുണ്ട്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനും ഏവര്‍ക്കും തുല്യ അവസരം ഉറപ്പു വരുത്താനും ഈ മുദ്രവാക്യത്തിലൂടെ കഴിയണമെന്നും യു എന്‍ ആവശ്യപ്പെടുന്നു.

കോവിഡ് കാലത്ത് കോര്‍പ്പറേറ്റുകളുടെ വരുമാനം വര്‍ധിക്കുകയും സാധാരണക്കാരന്റെ വരുമാനം നിലയ്ക്കുകയുമാണ് ചെയ്തത്. അദാനിയുടെ സമ്പത്ത് കോവിഡ് കാലയളവില്‍ വന്‍ തോതില്‍ വര്‍ധിക്കുകയുണ്ടായി. 2020 മാര്‍ച്ചില്‍ 4.91 ബില്യണ്‍ ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 90 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 1800 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.

വികസിത രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള കോവിഡ് വാക്സിനേഷന്‍ ലഭ്യതയുടെ അന്തരവും ഇത്തരം വിവേചനങ്ങളുടെ ബാക്കിപത്രമാണ്. പ്രത്യേകിച്ച്, ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ വാക്സിനേഷന്‍ നിരക്ക് തികച്ചും നിരാശാജനകമാണ്. ഈ അന്തരം ഒമൈക്രോണ്‍ വ്യാപനത്തില്‍ ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നുമുണ്ട്.

ഇത്തരം ദിനങ്ങളില്‍ ഐക്യരാഷ്ട്ര സഭ പോലും വിവിധ മേഖലകളില്‍ സമത്വം കൊണ്ടുവരാനും നീതി ഉറപ്പാക്കാനും കഴിയാതെ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News