ഇന്ധനവിലവർധനവും സൈബർ ആക്രമണവും പേടിച്ച് അമേരിക്ക

റഷ്യൻ ഉക്രേനിയൻ സംഘർഷ ഭീഷണി നിലനിൽക്കെ ഇന്ധനവിലവർധനവിനേയും സൈബർ ആക്രമണത്തെയും പേടിക്കുകയാണ് അമേരിക്ക. റഷ്യൻ ഉക്രേനിയൻ സംഘർഷം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണെങ്കിലും അതിൽ നിന്നുണ്ടാകുന്ന ആഘാതം നമ്മളിലെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് ഇതിന്റെ സൂചന നൽകിയത്. ഉക്രൈനിൽ റഷ്യൻ അധിനിവേശം ഉണ്ടായാൽ അമേരിക്കൻ ജനത അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രതിസന്ധികളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഈ സാഹചര്യത്തിൽ രാജ്യത്ത്‌ പെട്രോൾ വില ക്രമാതീതമായി ഉയരുവാൻ സാധ്യതയുണ്ടെന്നും അത് മുൻകൂട്ടി കാണണമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നും ബൈഡൻ അറിയിച്ചു.

ഓഹരിവിപണിയിലെ തകർച്ച സാമ്പത്തിക വളർച്ച നിരക്കിലെ കുറവ് എന്നിവ ഇപ്പോൾ തന്നെ അമേരിക്കയിൽ അനുഭവപ്പെട്ടു തുടങ്ങി. പെട്രോൾ-പാചക വാതക വിലയിലുള്ള വർദ്ധനവിന് പ്രധാന കാരണം ഓയിൽ ഉല്പാദനത്തിന്റെ പ്രഥമ സ്ഥാനം റഷ്യയ്ക്കാണ് എന്നുള്ളതാണ്. എന്നാൽ ആവശ്യത്തിനനുസരിച്ചുള്ള എണ്ണ ഉത്പാദനം ഇപ്പോളില്ല. ഒരു ബാരൽ എണ്ണയ്ക്ക് 120 മുതൽ 150 ഡോളറിലേയ്ക്ക് ഉയരുമെന്ന് വിപണിയിലെ വിദഗ്ധർ അനുമാനിക്കുന്നു.

അമേരിക്കയിലെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി പുറത്തുവിട്ടത് കണക്കനുസരിച്ച് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ്‌ വില സൂചിക കുത്തനെ ഉയർന്നു. പണപ്പെരുപ്പം 7.5 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇത് 10 ശതമാനം എത്താമെന്നും പറയുന്നു.

റഷ്യൻ ഉക്രേനിയൻ സംഘർഷ സാധ്യത മൂലം ആഴ്ചകളായി നിലനിൽക്കുന്ന അമേരിക്കൻ ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അടുത്തമാസം അമേരിക്കയിലെ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here