പ്രതിനിധി സമ്മേളനം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും; സമ്മേളന രേഖയ്‌ക്ക്‌ അന്തിമരൂപം നൽകി; കോടിയേരി ബാലകൃഷ്‌ണൻ

സിപിഐ എം സംസ്ഥാന സമ്മേളന രേഖയ്‌ക്ക്‌ അന്തിമരൂപം നൽകിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മാർച്ച്‌ ഒന്നിന്‌ സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും. സെമിനാറുകൾ മറൈൻ ഡ്രൈവിൽത്തന്നെ മറ്റ്‌ വേദികളിൽ നടക്കുമെന്നും കോടിയേരി പറഞ്ഞു.

മാർച്ച്‌ നാലിന്‌ മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം നടക്കും. എകെജി സെന്ററിൽ സോളാർ പ്ലാന്റിന്റെ ഉട്‌ഘാടനം നിർവഹിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി. യെച്ചൂരിക്ക്‌ പുറമേ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്‌, പിണറായി വിജയൻ, എം എ ബേബി, രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് നോക്കിയതെന്നും കോടിയേരി പറഞ്ഞു.

ഗവർണറും സർക്കാരും തമ്മിൽ എന്തെങ്കിലും സംഘർഷത്തിന്‌ പാർട്ടി ആഗ്രഹിക്കുന്നില്ല. ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട്‌ എന്തെങ്കിലും ചെയ്യാൻ പുറപ്പെട്ടാൽ അതിന്‌ അനുവദിക്കില്ല. സഭാ സമ്മേളനത്തിന്‌ മുൻപായി മുഖ്യമന്ത്രി ഗവർണറെ കണ്ടതിൽ തെറ്റില്ല. സർക്കാർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ ഗവർണർ ഇടപെടുന്നത്‌ ശരിയല്ല.

പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ പറഞ്ഞിട്ടില്ല. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. നിലവിൽ മറ്റ്‌ പ്രതിസന്ധിയില്ല. പ്രശ്‌നം പരിഹരിക്കുന്നതിനാണ്‌ സർക്കാർ മുൻതൂക്കം നൽകുന്നത്‌. ഗവർണർസ്ഥാനം വേണ്ട എന്നാണ്‌ സിപിഐ എമ്മിന്റെ നിലപാട്‌. എന്നാല്‍ ഫെഡറല്‍ സംവിധാനത്തില്‍ രാജ്യത്ത് ഗവര്‍ണര്‍ പദവിയുണ്ട്. അതുകൊണ്ട് അതനുസരിച്ച് മുന്നോട്ടുപോകുന്നു.

1984 മുതൽ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. മാറി മാറി വന്ന എല്ലാ ഗവൺമെന്റുകളും അംഗീകരിച്ചതാണത്. 5 വർഷത്തേക്കാണ് പേഴ്‌സ‌ണൽ സ്റ്റാഫിന് നിയമനം. അത് 2 വർഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവർണർക്ക് പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് വിവരം ലഭിച്ചത്.

കാര്യങ്ങൾ മനസിലാക്കാനാണ് ഗവർണർ ചോദിച്ചതെങ്കിൽ അതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ തീരുമാനത്തിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു. കാര്യങ്ങൾ നടത്തി കൊണ്ടുപോകാൻ പേഴ്സണൽ സ്റ്റാഫ് വേണം.

അതുകൊണ്ടാണ് നഗര സഭാ ചെയർ പേഴ്‌സൺ മാർക്കും പിഎമാരെ നൽകുന്നത്. ഗവർണർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ അതിനെ സിപിഐ എം എതിർത്തിട്ടുണ്ട്. ആ നിലപാട് തുടർന്നുമുണ്ടാകും, കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News