കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623; ഇപ്പോഴത്തെ സർക്കാരിൽ 478, ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? ജോണ്‍ ബ്രിട്ടാസ് എം പി

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും അവരുടെ പെൻഷനുമാണ് ഇപ്പോൾ സർക്കാരിനെതിരെ ഗവർണർ ഉൾപ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഈ അവസരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കണക്കുകൾ നിരത്തി മറുപടി കൊടുക്കുകയാണ് ജോൺ ബ്രിട്ടാസ് എം പി.

പേഴ്‌സണൽ സ്റ്റാഫ് എന്നത് കേരളത്തിൽ മാത്രമുള്ള എന്തോ സംവിധാനമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി പറയുന്നു .ഒന്നും കിട്ടാത്തതുകൊണ്ട് ചില മാധ്യമങ്ങൾ നൽകിയ “തിരിച്ചറിവുകൾ” ഗവർണർ പറയുന്നു എന്നേയുള്ളൂ.

കേന്ദ്രസർക്കാറിൽ നൂറുകണക്കിന് ആളുകളാണ് രാഷ്ട്രീയ നിയമനങ്ങൾ നേടുന്നത്.കൺസൾട്ടന്റസും ‌ ഉപദേശകരുമായി വന്നിട്ടുള്ളവർ തന്നെ ആയിരത്തിലേറെയാണ്. ഏറ്റവും കൂടുതൽ ദുരുപയോഗത്തിന് വിധേയമാകുന്ന പദവിയാണ് ഗവർണർ സ്ഥാനം എന്ന് സർക്കാരിയ കമ്മീഷൻ ഉൾപ്പെടെയുള്ള സമിതികൾ തെളിച്ചു പറഞ്ഞിട്ടുണ്ട്.കേവലം ആചാരപരമായ അനുഷ്ഠാനങ്ങൾ മാത്രം നിർവഹിക്കാനുള്ള നമ്മുടെ ഗവർണർക്ക് വേണ്ടിയുള്ള സഹായികളുടെ എണ്ണം 159! സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ 35 പേർ . കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623 ,ഇപ്പോഴത്തെ സർക്കാരിൽ 478 .ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

ജോൺ ബ്രിട്ടാസ് എം പിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം

പ്രസക്തമല്ലാത്ത വിഷയങ്ങളിൽ
വിവാദങ്ങൾ സൃഷ്ടിച്ച് അതിൽ അഭിരമിക്കുന്ന രീതിയോട് മലയാളിക്ക് ഏറെ പഥ്യമാണ് എന്ന് പലരും ആക്ഷേപിക്കാറുണ്ട് . ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന വിവാദമാണ് പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ളത്.അതിലേക്ക് വരുന്നതിനു മുൻപ് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ.

രാഷ്ട്രീയം ഉള്ളവർക്ക് ജോലിലഭിക്കാൻ പാടില്ല,ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്തുകൊണ്ടും ജോലിക്ക് അയോഗ്യരാണ് ….. ഇത്തരത്തിലുള്ള അറുപിന്തിരിപ്പൻ രാഷ്ട്രീയ വാദങ്ങളാണ് മാധ്യമങ്ങളിൽ നിറയുന്നത്.ബഹുകക്ഷി സംവിധാനത്തെ മുൻനിർത്തിയുള്ള പാർലമെൻററി ജനാധിപത്യം ആണ് നമ്മുടെ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ വിജയിച്ചവർ സർക്കാർ രൂപീകരിക്കും അവരുടെ നയങ്ങൾ നടപ്പിലാക്കാൻ മന്ത്രിസഭയും അനുബന്ധ സംവിധാനങ്ങളും ഉണ്ടാകും.മന്ത്രിമാർക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങൾ ആണുള്ളത്.അത് നിർവഹിക്കാൻ അവർക്ക് സഹായികൾ ഉണ്ടാവും.അതിൽ നിശ്ചിത ശതമാനം പ്രത്യേക കാലയളവിലേക്ക് നിയമിക്കപ്പെടുന്നവരാണ്.

അവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം.അവർ ഒരു രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിച്ചു എന്നത് അയോഗ്യതയായി കാണുന്നതാണ് ഹിമാലയ മണ്ടത്തരം.രാഷ്ട്രീയ പാർട്ടി നേതാക്കൾ അല്ലെ ലോകത്തിലെ ഒട്ടുമിക്കവാറും ഭരണകർത്താക്കൾ?
ഏറ്റവും ശക്തമായ ജനാധിപത്യമെന്ന്
നമ്മുടെ മാധ്യമ വിശാരഥൻമാർ വിശേഷിപ്പിക്കുന്ന അമേരിക്കയിൽ “Spoil System” എന്ന ഒരു സംവിധാനം തന്നെ ഉണ്ടായിരുന്നു.

പുതിയ പ്രസിഡൻറ് അധികാരത്തിലേറുമ്പോൾ ആയിരക്കണക്കിന് ഭരണകക്ഷിക്കാർ മർമപ്രധാന സർക്കാർ തസ്തികകളിൽ അവരോധിക്കപ്പെടും. കുറച്ചു മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിപ്പോഴും തുടരുന്നുണ്ട്.പഴ്സണൽ സ്റ്റാഫ് എന്നത് കേരളത്തിൽ മാത്രമുള്ള എന്തോ സംവിധാനമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.

ഒന്നും കിട്ടാത്തതുകൊണ്ട് ചില മാധ്യമങ്ങൾ നൽകിയ “തിരിച്ചറിവുകൾ” ഗവർണർ പറയുന്നു എന്നേയുള്ളൂ.കേന്ദ്രസർക്കാറിൽ നൂറുകണക്കിന് ആളുകളാണ് രാഷ്ട്രീയ നിയമനങ്ങൾ നേടുന്നത്.കൺസൾട്ടന്റസും ‌ ഉപദേശകരുമായി വന്നിട്ടുള്ളവർ തന്നെ ആയിരത്തിലേറെയാണ്.

ഏറ്റവും കൂടുതൽ ദുരുപയോഗത്തിന് വിധേയമാകുന്ന പദവിയാണ് ഗവർണർ സ്ഥാനം എന്ന് സർക്കാരിയ കമ്മീഷൻ ഉൾപ്പെടെയുള്ള സമിതികൾ തെളിച്ചു പറഞ്ഞിട്ടുണ്ട്.കേവലം ആചാരപരമായ അനുഷ്ഠാനങ്ങൾ മാത്രം നിർവഹിക്കാനുള്ള നമ്മുടെ ഗവർണർക്ക് വേണ്ടിയുള്ള സഹായികളുടെ എണ്ണം 159! സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ 35 പേർ . കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623 ,ഇപ്പോഴത്തെ സർക്കാരിൽ 478 .ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? വിവാദകാർക്ക് നല്ല നമസ്കാരം

സർക്കാരിനെതിരെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നടത്തുന്ന കടന്നാക്രമണത്തിനു പിന്നിൽ രാഷ്‌ട്രീയ ഗൂഢോദ്ദേശ്യമാണുള്ളത്. ബിജെപിയുടെ സജീവ പ്രവർത്തകനും സംസ്ഥാന കമ്മിറ്റി അംഗവുമായ ആളെ അഡീഷണൽ പിഎ ആയി നിയമിച്ചശേഷമാണ്‌ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘പാർട്ടി കേഡർ’ വളർത്തുകയാണെന്ന്‌ ഗവർണർ ആരോപിക്കുന്നത്‌.

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണൽ സ്റ്റാഫിന്‌ ചുരുങ്ങിയത്‌ രണ്ടു വർഷം കാലാവധിയുണ്ടെങ്കിൽ പെൻഷന്‌ അർഹതയുണ്ടെന്ന്‌ 1994 സെപ്‌തംബർ ഇരുപത്തിമൂന്നിനാണ്‌ സർക്കാർ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പുറപ്പെടുവിച്ച ഉത്തരവിന്റെ പേരിലാണ്‌ ഗവർണർ സർക്കാരിനെ പഴിചാരുന്നത്‌. രണ്ടു വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റി ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്നെന്ന ഗവർണറുടെ ആരോപണവും അടിസ്ഥാനരഹിതമാണ്.

2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം ഒരാളെപ്പോലും ഇത്തരത്തിൽ പെൻഷൻ നൽകാനായി മാറ്റിയിട്ടില്ല.പേഴ്‌സണൽ സ്റ്റാഫ്‌ നിയമനത്തിലും സ്റ്റാഫിന്റെ എണ്ണം, നിയമനരീതി എന്നിവ സംബന്ധിച്ചും കൃത്യമായ വ്യവസ്ഥകളുണ്ട്‌. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ 26 പേരേയുള്ളൂ. പ്രതിപക്ഷ നേതാവിന്‌ 14. ഒരു മന്ത്രിക്ക്‌ ആകെ 25 പേഴ്‌സണൽ സ്റ്റാഫേ പാടുള്ളൂവെന്ന്‌ നിശ്ചയിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. നിലവിൽ മന്ത്രിമാർക്കുള്ളത്‌ ഇരുപതിൽത്താഴെ സ്റ്റാഫ്‌ മാത്രം. ആകെയുള്ള 362 പേഴ്‌സണൽ സ്റ്റാഫുകളിൽ പകുതിയിലേറെപ്പേരും സർവീസിൽ നിന്നുള്ളവരാണ്‌.

സർക്കാർ സർവീസിൽനിന്ന്‌ പേഴ്‌സണൽ സ്റ്റാഫിൽ ചേരുന്നവർക്ക്‌ സ്വാഭാവികമായും പെൻഷന്‌ അർഹതയുണ്ട്‌. അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിമാരിൽ പകുതിയിലേറെപ്പേരും സർവീസിൽനിന്നുള്ളവർ. ഇവർക്കാണ്‌ ഉയർന്ന പെൻഷൻ ലഭിക്കുക. പേഴ്‌സണൽ സ്റ്റാഫിൽ ഇല്ലെങ്കിലും ഇവരുടെ പെൻഷൻ തടയാനുമാകില്ല. പിഎ, പ്യൂൺ, കുക്ക്‌ തുടങ്ങിയ തസ്‌തികകളിലാണ്‌ കൂടുതലും നേരിട്ട്‌ നിയമനം. ഈ തസ്‌തികകളിൽ 3350 രൂപയാണ്‌ മിനിമം പെൻഷൻ. ഇതൊക്കെ മറച്ചുവച്ചാണ്‌ ബിജെപി കേന്ദ്രത്തിൽനിന്ന്‌ തയ്യാറാക്കിയ തിരക്കഥ പ്രകാരം ഗവർണർ ആരോപണം ഉയർത്തുന്നത്‌.പെൻഷൻ നൽകുന്നതും മറ്റും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഗവർണർ എന്നത്‌ ഭരണഘടനാ പദവി മാത്രമാണെന്നിരിക്കെ, സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാകില്ല. ഇതിനുമുമ്പ്‌ ഒരു ഗവർണറും പെൻഷൻ തടയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News