പൊലീസ് സേനയിലെ സ്ത്രീ ചൂഷണം; ആര്‍ ശ്രീലേഖയ്ക്ക് മറുപടിയുമായി കേരള പൊലീസ് അസോസിയേഷന്‍

പൊലീസ് സേനയില്‍ സ്ത്രീ ഓഫീസര്‍മാര്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസം മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തിന് മറുപടിയുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു.

ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം ചെയ്തത് നേരിട്ടറിയാം എന്ന ശ്രീലേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇത്തരത്തിലൊരു കാര്യം നേരിട്ടു കണ്ടിട്ടും ഒരു ഡിഐജി എന്ന നിലയില്‍ എന്തു കൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് സി ആര്‍ ബിജു തന്റെ കുറിപ്പില്‍ ചോദിക്കുന്നു. ഈ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീര്‍ത്തും നിരുത്തരവാദിത്വത്തോടെയുള്ള സര്‍വ്വീസ് ജീവിതമായിരുന്നു ശ്രീലേഖയുടെതെന്നും വ്യക്തമാണെന്നും സി ആര്‍ ബിജു പറയുന്നു.

കേരളത്തിലെ വനിതാ IPS ഉദ്യോഗസ്ഥരെല്ലാം തന്നെ മികവോടെ പ്രവര്‍ത്തിക്കുന്ന, എല്ലാവരും അംഗീകരിക്കുന്നവര്‍ തന്നെയാണ് എന്ന കാര്യത്തിലും സേനാംഗങ്ങള്‍ക്ക് സംശയമില്ല.
ലിംഗ വ്യത്യാസമില്ലാതെ സബ് ഇന്‍സ്പക്ടര്‍ നിയമനം പോലും ആരംഭിച്ച നാടാണ് കേരളമെന്നും തന്റെ കുറിപ്പില്‍ സി ആര്‍ ബിജു വ്യക്തമാക്കുന്നു

സി ആര്‍ ബിജുവിന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ മാത്രം നേരേ ചൊവ്വേ പറഞ്ഞു കൊള്ളട്ടെ..

ഒരു ചാനലില്‍ മുന്‍ IPS ഓഫീസര്‍ ശ്രീമതി. R ശ്രീലേഖയുമായിട്ടുളള ഇന്റര്‍വ്യൂ കണ്ടു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതുപോലെ തന്നെ അത്തരം അഭിപ്രായങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്താനും എല്ലാവര്‍ക്കും അവകാശവുമുണ്ട്.

പ്രസ്തുത ഇന്റര്‍വ്യൂവില്‍ ശ്രീമതി. R ശ്രീലേഖ എന്ന ബഹുമാന്യയായ മുന്‍ IPS ഉദ്യോഗസ്ഥയുടെ അഭിപ്രായങ്ങളില്‍ സ്വന്തം ദുര്‍ബലതകള്‍ നിറഞ്ഞു നിന്നതായാണ് കാണാന്‍ കഴിഞ്ഞത്. അത് അവരുടെ വ്യക്തിപരമായ രീതികളാകാം. എന്നാല്‍ അതിനിടയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ കേട്ടില്ല, കണ്ടില്ല എന്ന് നടിക്കുവാന്‍ കഴിയില്ല എന്നതുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ മാത്രം നേരേ ചൊവ്വേ പറയാന്‍ ആഗ്രഹിക്കുന്നു.

ഒരു വനിതാ SI യോട് ഒരു DIG മോശമായി പെരുമാറി എന്ന് പറയുന്നത് മാഡം കേട്ടു. ഒരു DIG അത്തരത്തില്‍ തന്റെ സബോര്‍ഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതില്‍ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരിത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്. മാത്രമല്ല, ഈ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീര്‍ത്തും നിരുത്തരവാദിത്വത്തോടെയുള്ള സര്‍വ്വീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ…

പൊലീസ് ജോലികളുടെ ഭാഗമായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന സാഹചര്യമാണ് പോലീസിലുള്ളത്. വനിതകളുടെ സാന്നിധ്യം അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ജോലിക്കായി അര്‍ദ്ധരാത്രികളില്‍ പോലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കേണ്ടി വരുന്ന സാഹചര്യം ചിലയിടത്തെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുപോലെ ഡ്യൂട്ടി കഴിഞ്ഞ് അര്‍ദ്ധരാത്രികളില്‍ തിരിച്ച് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. പൊതുസമൂഹത്തിനായി ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴില്‍ മേഖലയാണ് പോലീസ് എന്ന ബോധം പോലും ഇല്ലാതെയാണ് ഇങ്ങനെ ഒരു പരാമര്‍ശം പോലീസിന്റെ ഉന്നത സ്ഥാനത്തിരുന്ന് അടുത്തൂണ്‍ പറ്റിയ മാഡത്തില്‍ നിന്നും ഉണ്ടായത്. ഇത്തരം ജല്പനങ്ങളിലൂടെ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ഒരു പക്ഷേ ഉണ്ടാകാം എന്നത് മാഡം ഓര്‍ക്കേണ്ടതായിരുന്നു. അഥവാ ഇങ്ങനെ ആരെങ്കിലും പെരുമാറുന്ന സഹചര്യം ഉണ്ടായാല്‍ അതിനെ സധൈര്യം നേരിടാന്‍ തന്റേടമുള്ളവരാണ് കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.

അതുപോലെ ഇങ്ങനെ പെരുമാറിയ DIG യുടെ പേര് വെളിപ്പെടുത്താത്തതിലൂടെ
ശ്രീമതി. R ശ്രീലേഖ അവര്‍കള്‍ സര്‍വീസില്‍ കയറിയ അന്നു മുതല്‍ വിരമിക്കുന്നതുവരെ സര്‍വ്വീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ IPS ഉദ്യോഗസ്ഥന്മാരേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും കാരണമായി എന്നത് പറയാതിരിക്കാന്‍ കഴിയില്ല..

ലോകമെങ്ങും സേനാ വിഭാഗങ്ങള്‍ പുരുഷാധിപത്യത്തിന്റെ കേന്ദ്രങ്ങള്‍ ആയിരുന്നു. അതില്‍ മാറ്റം വന്ന് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പൂര്‍ണ്ണവുമായിട്ടില്ല.
കേരളത്തില്‍ പോലീസിന്റെ താഴെത്തട്ടില്‍ മാത്രമായിരുന്നു ആദ്യ കാലത്ത് വനിതകള്‍ ഉണ്ടായിരുന്നത്. കേരളപ്പിറവിക്ക് ശേഷമാണ് പോലീസ് സേനയില്‍ വനിതാ സാന്നിധ്യം കൂടി കൂടി വന്നത്. അതില്‍ IPS തലത്തില്‍ കേരളത്തില്‍ ആദ്യമായി വന്ന വനിതാ ഉദ്യോഗസ്ഥ തന്നെയാണ് ആദ്യമായി വിരമിച്ച വനിതാ IPS ഉദ്യോഗസ്ഥയും. അവര്‍ തന്നെ വിരമിച്ച ശേഷം കേരള പോലീസിലെ മുഴുവന്‍ സഹോദരിമാരുടേയും ജീവിതത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ ഈ ഇന്റര്‍വ്യൂവിലൂടെ നടത്തിയത് അതിരുകടന്നു പോയി എന്ന് വേദനയോടെ പറയട്ടെ.
നിലവില്‍ കേരളത്തിലെ IPS ഉദ്യോഗസ്ഥരില്‍ നിരവധി വനിതകളുമുണ്ട്.
IPS അസോസിയേഷന്റെ സെക്രട്ടറി പദത്തിലുള്ളത് ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി IPS അവര്‍കളാണ്. കേരളത്തില്‍ റാങ്ക് വ്യത്യാസം ഇല്ലാതെ 100% ജീവനക്കാരും പൂര്‍ണ്ണമായും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ് ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി IPS എന്ന് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു.

കേരളത്തിലെ വനിതാ IPS ഉദ്യോഗസ്ഥരെല്ലാം തന്നെ മികവോടെ പ്രവര്‍ത്തിക്കുന്ന, എല്ലാവരും അംഗീകരിക്കുന്നവര്‍ തന്നെയാണ് എന്ന കാര്യത്തിലും സേനാംഗങ്ങള്‍ക്ക് സംശയമില്ല.
ലിംഗ വ്യത്യാസമില്ലാതെ സബ് ഇന്‍സ്പക്ടര്‍ നിയമനം പോലും ആരംഭിച്ച നാടാണ് കേരളം.
സിവില്‍ പോലീസ് ഓഫീസര്‍ വിഭാഗത്തിലും ലിംഗ വ്യത്യാസമില്ലാതെ നിയമനം നടത്തണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്ന പോലീസ് സംഘടനകള്‍ ഉള്ള നാടാണ് കേരളം.
ഈ നാട്ടിലാണ് പോലീസ് വകുപ്പിലെ വനിതകള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഒരു ചാനല്‍ ചര്‍ച്ചയിലൂടെ സ്വയം വിളിച്ചു പറഞ്ഞ് DGP സ്ഥാനത്തിരുന്ന് വിരമിച്ചൊരാള്‍ അപഹാസ്യയാകുന്നതത്.

അതുപോലെ തന്നെ പോലീസ് അസോസിയേഷനുകളേയും ഒരു അടിസ്ഥാനവുമില്ലാതെ അക്ഷേപിക്കുന്നതും കേട്ടു. ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 1979 മുതല്‍ കേരളത്തില്‍ പോലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ ആത്മാഭിമാനവും, മാന്യമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2005 ല്‍ MG കോളേജില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേയും, 2017 ല്‍ ഗവാസ്‌കര്‍ എന്ന പോലീസ് ഡ്രൈവറെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ അതിനെതിരേയും സംഘടനകള്‍ കൈക്കൊണ്ട നിലപാട് പൊതുസമൂഹത്തിന് അറിയാവുന്നതാണല്ലോ?
ഇത്തരത്തില്‍ നിലപാടുകള്‍ എടുക്കുന്ന പോലീസ് സംഘടനകള്‍ ഉള്ള കേരളത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം ഉണ്ടായതായി അറിവായാല്‍ ഏത് തരത്തിലായിരിക്കും സംഘടനകള്‍ പ്രതികരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയാല്‍ നന്നായിരിക്കും എന്ന് മാത്രമേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ..

സര്‍വ്വീസില്‍ ഇരിക്കെ ചെയ്യാന്‍ കഴിയുന്നത് ആത്മാര്‍ത്ഥമായി ചെയ്യുക. സര്‍വ്വീസില്‍ വിരാജിച്ച്, ഒന്നും ചെയ്യാന്‍ കഴിയാതെ വിരമിച്ച ശേഷം പോലീസ് സംവിധാനത്തെ ആകെത്തന്നെ തകര്‍ക്കുക എന്ന രീതിയില്‍ തരം താഴാതിരിക്കുക. ഇത് മാത്രമാണ് ഈ ഇന്റര്‍വ്യൂവിന് മറുപടിയായി കേരളത്തിലെ പോലീസ് സമൂഹത്തിന് ബഹുമാനപ്പെട്ട മുന്‍ DGP യോട്പറയാനുള്ളത്.

CR. ബിജു
ജനറല്‍ സെക്രട്ടറി
കേരള പോലീസ്
ഓഫീസേഴ്‌സ് അസോസിയേഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News