ആറാട്ട് ഡീ​ഗ്രേഡ് ചെയ്യാൻ ആസൂത്രിത ശ്രമം ; സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം, 6 പേര്‍ക്കെതിരെ കേസ്

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിൽ സിനിമക്കെതിരെ ചിലർ വ്യാജ പ്രചാരണവുമായി രം​ഗത്തെത്തി.ആറാട്ട് തർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

ക്രീയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ

എല്ലാ സിനിമകൾക്കും നേരിടുന്നൊരു പ്രതിസന്ധി തന്നെയാണ് ആറാട്ടും നേരിടുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകർക്ക് സിനിമയെ വിമർശിക്കാനുള്ള അധികാര അവകാശങ്ങളുണ്ട്. പ്രേക്ഷകരാണ് ജനാധിപത്യത്തിൽ രാജാക്കന്മാർ, ഞങ്ങളെല്ലാം അവരുടെ വിധി കാത്ത് നിൽക്കുന്ന പ്രജകൾ മാത്രമാണ്.

ഇവിടെ സംഭവിക്കുന്നത് സിനിമ പോലും കാണാതെയുള്ള വിമർശനങ്ങളാണ്. ആറാട്ട് തിയേറ്ററിനകത്ത് നിന്ന് ഷൂട്ട് ചെയ്ത്, രണ്ടു പേര് കിടന്ന് ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആകമാനം പ്രചരിച്ചിട്ടുണ്ട്. ആ വീഡിയോക്ക് എതിരെ കോട്ടക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ തിയേറ്ററിലെ കളക്ഷൻ കേട്ടാൽ നിങ്ങൾ ഞെട്ടും, അത്രയും ഹൗസ് ഫുൾ ഷോകൾ ആ തിയേറ്ററിലുണ്ട്.

ഇതെല്ലം എന്തിന്റെ പേരിലാണെങ്കിലും, ആരാധകർ തമ്മിലുള്ള യുദ്ധമെന്ന് പറയാം, മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ മുകളിലെന്ന് വേണമെങ്കിലും പറയാം, എന്താണെങ്കിലും തൊഴു കയ്യുകളോടെ നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമേയുളളൂ, ക്രിയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നത്.

എനിക്ക് ഈ അവസരത്തിൽ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുവാൻ കഴിയുന്നത് പ്രേക്ഷകരിൽ ഞങ്ങൾക്കുള്ള വിശ്വാസം പാലിക്കപ്പെട്ടു എന്നുള്ളതുകൊണ്ടാണ്. ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ കൊടുക്കാതെ ഒന്നര വർഷത്തോളമായി ഞാനീ സിനിമ ഹോൾഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അതെന്തുകൊണ്ടാണ്? തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ കാണേണ്ട സിനിമയാണ് ആറാട്ട്.

ഞാൻ പല ആവർത്തി പറഞ്ഞതാണ് ഇതിനകത്ത് നിങ്ങൾ കനപ്പെട്ട കണ്ടന്റ് നോക്കേണ്ട ആവശ്യമില്ല, വലിയൊരു കഥാഗതി നോക്കേണ്ട കാര്യമില്ല, ഗൗരവപരമായ ഒരു വിഷയവും ഇതിൽ ചർച്ച ചെയ്യുന്നില്ല, ഇതൊരു മോഹൻലാൽ സിനിമ എന്ന രീതിയിൽ കണ്ടു പോകേണ്ട സിനിമയാണ്. അങ്ങനെയൊരു സിനിമ തിയേറ്ററിൽ കൂട്ടം കൂട്ടമായി ആളുകൾ കൊവിഡിന് ശേഷം വന്നിരുന്ന് പോപ്‌കോൺ കഴിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാണണമെന്നുള്ള അതിയായ ആഗ്രഹത്തിന് മുകളിൽ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണ്.

പ്രേക്ഷകരിലും തിയേറ്ററിലുമുണ്ടായിരുന്ന ആ വിശ്വാസം പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തോടെ എനിക്ക് തിരിച്ച് തന്നതിൽ വലിയ സന്തോഷമുണ്ട്. ആ സന്തോഷത്തിനു മുന്നിൽ നിങ്ങൾ ചൂണ്ടിക്കാണിച്ച ചെറിയ പ്രശ്നങ്ങളെ മറക്കുകയാണ്.

ആറാട്ടിനെതിരെ സമൂഹ മാധ്യമങ്ങളിലും വ്യാജപ്രചാരണം നടക്കുകയാണ്. ആറുപേര്‍ക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു.

ഫെബ്രുവരി 18നാണ്​ സിനിമ റിലീസ് ചെയ്തത്. സിനിമ പ്രദർശനത്തിനിടെ ആറ്​ യുവാക്കൾ ഉറങ്ങുന്നതും ലൂഡോ കളിക്കുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമ മോശമാണെന്നും കാണാൻ ആളില്ലെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണം. ഇത് സിനിമയെയും തീയറ്ററിനെയും അവഹേളിക്കുന്നെന്ന് കാണിച്ചാണ് പരാതി.

മറ്റൊരു സിനിമ പ്രദർശനത്തിനിടെ റെക്കോഡ് ചെയ്ത ഭാഗം മോഹൻലാൽ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്ന പടത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.പിന്നാലെ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് കോട്ടക്കൽ പൊലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News