പ്രമേഹ രോഗികളെ പരിചരിക്കേണ്ടത് എങ്ങനെ?

വീട്ടില്‍ പ്രമേഹരോഗി ഉണ്ടെങ്കില്‍ അവര്‍ക്കു കുടുംബാംഗങ്ങള്‍ മാനസികമായ ശക്തി നല്‍കണം.
ജീവിതശൈലീക്രമീകരണങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കുക്കുകയും വ്യായാമം ചെയ്യാനായുള്ള സൗകര്യം ചെയ്തു കൊടുക്കുകയും വേണം. ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ നല്‍കണം.

രോഗി മരുന്നു കഴിച്ചിട്ടുണ്ടോ (പ്രത്യേകിച്ചു ഷുഗര്‍ കൂടുതല്‍ താഴ്ന്നു പോകാന്‍ സാധ്യതയുള്ള മരുന്നുകളോ അല്ലെങ്കില്‍ ഇന്‍സുലിനോ പോലുള്ള ഔഷധങ്ങളോ എടുക്കുന്ന വ്യക്തിയാണെങ്കില്‍), അതിനുശേഷമുള്ള ഭക്ഷണം കഴിച്ചോ എന്നെല്ലാം ഉറപ്പുവരുത്തണം. കൂടാതെ ഇടക്കിടെ ഷുഗര്‍നില പരിശോധിച്ച്, സുരക്ഷിതമായ അളവാണെന്നു ഉറപ്പുവരുത്തണം. ഹൈപ്പോഗ്ലൈസീമിയ വരാന്‍ സാധ്യതയുള്ളവരാണെങ്കില്‍ 100 എംഎല്‍ പഴച്ചാര്‍ കഴിക്കുന്നത് നല്ലതാണ്. ഏതു പഴച്ചാറാണെങ്കിലും കുഴപ്പമില്ല. എന്നാല്‍ ജ്യൂസ് കുടിക്കുന്നതിന്റെ പ്രഭാവം 15-20 മിനിറ്റേ നിലനില്‍ക്കുകയുള്ളൂ. അതിനുള്ളില്‍ ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാനും ശ്രമിക്കണം.

പ്രമേഹം ഉണ്ടെന്നു കണ്ടെത്തിയാല്‍ ഭക്ഷണരീതികളില്‍ കാര്യമായ മാറ്റം വേണ്ടിവരില്ല. കഴിക്കുന്ന അളവിലാണ് കാര്യം. പ്രമേഹം വന്നുകഴിഞ്ഞാല്‍ ഭക്ഷണപദാര്‍ഥങ്ങളുെട അനുപാതം മാത്രമെ മാറ്റേണ്ടതുള്ളൂ. ഉദാഹരണത്തിന് വീട്ടില്‍ ചോറും അവിയലും ഉണ്ടെങ്കില്‍ ചോറിന്റെ അളവുപോലെ അവിയലും അവിയല്‍ എടുക്കുന്ന അളവില്‍ ചോറും എടുക്കുക.

കൃത്യമായി ചികിത്സ പിന്തുടരുന്ന വ്യക്തിയാണെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പ്രമേഹനില പരിശോധിക്കാം. ഇന്‍സുലിന്‍ എടുക്കുന്ന രോഗി കൂടുതല്‍ തവണ പരിശോധിക്കണം. വീട്ടില്‍ ഗ്ലൂക്കോമീറ്റര്‍ വാങ്ങിവയ്ക്കാം. ഈ അളവുകള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കുന്നതും നല്ലതാണ്. കൃത്യമായി ആശുപത്രിയില്‍ പോകുന്ന കാര്യവും ഓര്‍ക്കണം.

പ്രായമായശേഷം രോഗം കണ്ടെത്തുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കണം. പ്രത്യേകിച്ച് വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് മാനസികസമ്മര്‍ദം കൂടുതലായി അനുഭവപ്പെടുക. സ്ഥിരവരുമാനമില്ലാത്തവര്‍ക്ക് ഡോക്ടറെ കാണാനും മരുന്നുകള്‍ വാങ്ങാനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. ഇതു മനസ്സിലാക്കി വേണം കുടുംബത്തിലുള്ള ബാക്കി അംഗങ്ങള്‍ രോഗിയോട് പെരുമാറാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News