വിപുലമായ ജനകീയ അടിത്തറ – സഹകരണ മേഖലയുടെ ശക്തി , അത് തകര്‍ക്കാനാകില്ല; വി.എന്‍.വാസവന്‍

സാധാരണക്കാരൻ എപ്പോഴൊക്ക പ്രയാസങ്ങൾ നേരിടുന്നുവോ അപ്പോഴൊക്കെ സഹായ ഹസ്തവുമായി ആദ്യം ഓടിയെത്തുന്ന പ്രസ്ഥാനമാണ് സഹകരണമേഖലയെന്നും അതിനാൽ ഈ പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറ തകര്‍ക്കാന്‍ ആർക്കും കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.

ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ 42-ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അംഗ സമാശ്വാസ ഫണ്ട് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിപുലമായ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണിത്. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഈ മേഖലയ്‌ക്കെതിരായി വലിയ പ്രചരണങ്ങള്‍ നടത്തിയെങ്കിലും അതിലൊന്നും കുലുങ്ങാതെ സഹകാരികള്‍ സംയമനത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാൽ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണ പ്രസ്ഥാനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു വരികയാണെന്നും അതിന്റെ ആദ്യ പടിയെന്നോണം കോ- ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

പ്രൈമറി സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഐ.ടി ഇന്‍ഗ്രേഷനാണ് അടുത്തത്. ഇത്തരത്തില്‍ ന്യൂ ജെന്‍ ബാങ്കുകളോട് മത്സരിക്കത്തക്ക വിധത്തിലുള്ള നൂതന സേവനങ്ങളെല്ലാം സഹകരണ മേഖലയും നടപ്പാക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സഹകരണമേഖലയും യോജിച്ച് ഗ്രാമീണ അന്തരീക്ഷത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന നാനാതരത്തിലുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി അതിന്റെ ഉത്പാദനവും സംഭരണവും വിതരണവും ഒരേ തരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. ഗ്രാമീണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ മേഖലയിലെ സര്‍പ്ലസ് ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും നാടിന്റെ വികസനത്തില്‍ പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് അതിനുള്ള അവസരമൊരുക്കിക്കൊടുക്കുക എന്ന ശ്രദ്ധേയമായ സംഭാവന കൂടി സഹകരണ പ്രസ്ഥാനങ്ങള്‍ നല്‍കുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

നാടിന്റെ വികസനത്തിലെ ഒരു ശക്തി സ്രോതസാണ് സഹകരണമേഖല. ഏത് മേഖലയുടെ വികസനത്തിനും സഹകരണമേഖലയുടെ കൈത്താങ്ങുണ്ടാകും. കെ.എസ്.ആര്‍.ടി.സി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലിശയിളവുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കി വരുന്നത് സഹകരണ മേഖലയാണ്.

കൊവിഡ് കാലത്ത് ഗതാഗത മേഖല നേരിട്ട പ്രതിസന്ധിയില്‍ കെ.എസ്.ആര്‍.ടിസിയെ സമയോചിതമായി സഹായിച്ചുവെന്നത് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 31 വരെയാണ് സഹകരണ നിക്ഷേപ സമാഹരണ യജ്ഞം. ‘സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിനായി ‘ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 6,000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. കേരള ബാങ്ക് 1,025 കോടി രൂപയും മറ്റ് ബാങ്കുകള്‍ 4,975 കോടി രൂപയും വിവിധ നിക്ഷേപങ്ങളിലൂടെ സമാഹരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News