‘അവർക്കിനി ആശ്വാസമായി കിടന്നുറങ്ങാം’; വിഴിഞ്ഞം മതിപ്പുറത്ത് 320 വീടുകളുടെ താക്കോൽ കൈമാറി

വിഴിഞ്ഞം മതിപ്പുറത്ത് മൽസ്യത്തൊഴിലാളികൾക്കായി നിർമിച്ച 320  വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൈമാറി. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത് 72 കോടി രൂപ ചെലവിൽ 1032 വീടുകളും അനുബന്ധസൗകര്യങ്ങളും നിർമ്മിക്കാൻ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ടം മുൻപു തന്നെ പൂർത്തിയാക്കുകയും 222 വീടുകളും, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, പഠനകേന്ദ്രം എന്നിവ കൈമാറുകയും ചെയ്തതാണ്. രണ്ടാം ഘട്ടത്തിൽ നിർമ്മിച്ച വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഇന്നു കൈമാറിയത്.

നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വീടുകള്‍ക്കു പുറമെ 1,000 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കമ്മ്യൂണിറ്റി ഹാള്‍, പഠന കേന്ദ്രങ്ങള്‍, അംഗന്‍വാടി, ഹെല്‍ത്ത് ക്ലിനിക്കുകള്‍, നൈറ്റ് കിയോസ്കുകള്‍ എന്നിവയുണ്ടാകും.

കഴിഞ്ഞ 7 വര്‍ഷമായി ഒറ്റമുറി ടാര്‍പോളിന്‍ കൂരയില്‍ നരകയാതന അനുഭവിക്കുകയായിരുന്നു വിഴിഞ്ഞം ചേരിയിലെ മല്‍സ്യത്തൊഴിലാളികൾ. എന്നാൽ അതെല്ലാം ഇനി ഓർമ. മുഖത്ത് ഒരു ചിരിയുമായി പുതിയ വീടുകളിലേക്ക് മാറുന്ന സന്തോഷത്തിലാണ് ഇവിടുത്തെ കുടുംബങ്ങൾ.

നാലുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയാണ് കൈമാറുന്നത്‌. ഒരു മുറിയും അടുക്കളയും ഹാളും ബാത്റൂമും അടങ്ങുന്നതാണ് ഒരു ഫ്ലാറ്റ്. വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ കോർപറേഷൻ സൗജന്യമായി നൽകും. സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ഹെൽത്ത് സെന്റർ, അങ്കണവാടി, കളിസ്ഥലം എന്നിവയും ഭാവിയിൽ ഒരുക്കും.

സംസ്ഥാനത്തിന്റെയും നഗരസഭയുടെയും ഫണ്ട്‌ ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി 320 ഫ്ലാറ്റുകളാണ് നിർമിച്ചത്. അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാകുന്നതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലാണ് മതിപ്പുറം കോളനി നിവാസികൾ. കേരളത്തിൽ ഭവന രഹിതരായ എല്ലാവർക്കും വീട് എന്ന സംസ്ഥാന സർക്കാർ ലക്ഷ്യമാണ് ഇതിലൂടെ യാഥാർഥ്യമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here