മൂന്നാറില്‍ കാട്ടുകൊമ്പന്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍; നാട്ടുകാര്‍ ഭീതിയില്‍

മൂന്നാറില്‍ കാട്ടുകൊമ്പന്‍മാര്‍ തമ്മില്‍ മണിക്കൂറുകള്‍ കൊമ്പുകോര്‍ത്തത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്‍മാര്‍ തമ്മിലാണ് പോരടിച്ചത്. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും പാലത്തിന്റെ കൈവിരികളും തേയിലച്ചെടികളും നശിപ്പിച്ചു.

മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാവുകയാണ്. നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശനും, ചില്ലി കൊമ്പനും തമ്മില്‍ പോരടിക്കുകയും പ്രദേശത്ത് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. കൊമ്പനാനകള്‍ തമ്മിലുള്ള പോര്‍വിളി മുറുകിയതോടെ പ്രദേശവാസികളും ഭീതിയിലായി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കലിയിളകിയ കാട്ടാനകള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ത്തു. സമീപത്തെ പാലത്തിന്റെ കൈവിരികള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടാനകള്‍ തേയിലച്ചെടികളും നശിപ്പിച്ചു. കാട്ടാന ശല്യം ഏറിവരികയാണെന്നും വനംവകുപ്പിന്റെ ഫലവത്തായ ഇടപെടല്‍ ഉണ്ടാകണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ പറഞ്ഞു.

പ്രദേശത്ത് കാണപ്പെട്ട രക്തക്കറ കൊമ്പന്‍മാര്‍ പരസ്പരം ആക്രമിക്കുന്നതിനിടെയുണ്ടായതാണെന്നാണ് സൂചന. പരിക്കേറ്റ ആനയെ കണ്ടെത്താന്‍ വനപാലകര്‍ ശ്രമമാരംഭിച്ചു. വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്കയാണ് പ്രദേശവാസികള്‍ പങ്ക് വെയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here