രണ്ടരവയസുകാരിയ്ക്ക് പരിക്കേറ്റ സംഭവം; അമ്മയുടെ സഹോദരിയും ആണ്‍ സുഹൃത്തും കടന്നുകളഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

കാക്കനാട്ട് രണ്ടര വയസ്സുകാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തിലെ കേസില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നുവെന്ന് പൊലീസ്. ഒപ്പം താമസിച്ച ആന്റണി ടിജിന്‍ ഫ്‌ലാറ്റ് വാടകക്ക് എടുത്തത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണെന്ന് പൊലീസ് കണ്ടെത്തി.

കുഞ്ഞിനെ ആശുപത്രിയിലാക്കിയതിന് പിന്നാലെ ഇയാള്‍ ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുമൊത്ത് പുലര്‍ച്ചെ രണ്ടിന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.സാധനങ്ങള്‍ എല്ലാം ബാഗുകളിലാക്കി ഇവര്‍ ഇറങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ കാണാന്‍ സാധിക്കുന്നത്. സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവ് എന്നാണ് ഫ്‌ലാറ്റ് ഉടമയോട് പറഞ്ഞത്

ഞായറാഴ്ച രാത്രി എട്ടരയോടെ തലയില്‍ ബാന്‍ഡേജുമായി അമ്മ കുഞ്ഞിനെയും കൊണ്ടിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

അതേസമയം, കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കുഞ്ഞിന് പരുക്ക് പറ്റിയത് മര്‍ദ്ദനത്തിലൂടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. കുട്ടിയുടെ ശരീരത്തിലെ പരുക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പൊലീസിന് അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.

കുട്ടിയെ മര്‍ദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധുകൂടിയായ ആളാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News