ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കും: മന്ത്രി കെ രാജന്‍

ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേൽ തീർപ്പ് കല്പിക്കാനാവുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ആയിരത്തോളം ജീവനക്കാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടും സ്ഥല പരിശോധനക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി കൊണ്ടും പരമാവധി അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞുവെന്നും മന്ത്രി രാജൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.

പ്രശ്നത്തിൻ്റെ ഗൌരവം കണക്കിലെടുത്താണ് ഒരു പ്രത്യേക യജ്ഞം തന്നെ ഇക്കാര്യത്തിൽ തുടങ്ങാൻ റവന്യു തീരുമാനിച്ചത്.മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും പൂർണ പിന്തുണ റവന്യു വകുപ്പിന് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.ഇത്രയും പ്രാധാന്യമേറിയ ഒരു പ്രഖ്യാപനം സഭയിൽ തന്നെ പ്രഖ്യാപിച്ചതിനെ സ്പീക്കർ അഭിനന്ദിച്ചു. ശ്ലാഘനീയ ഒരു കീഴ്വഴക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു. .

സര്‍ക്കാര്‍ ഉത്തരവിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്.

2000 ല്‍ അധികം അപേക്ഷകള്‍ തീര്‍പ്പാക്കാനുളള റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്, 2 ക്ലാര്‍ക്ക്, 1 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ ജീവനക്കാര്‍ അടങ്ങുന്ന ഒരു യൂണിറ്റ് അധിക ജീവനക്കാരെ നിയമിക്കും.

5000 – ല്‍ അധികം അപേക്ഷകള്‍ തീര്‍പ്പാക്കാനുളള 9 റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍, 1 ജൂനിയര്‍ സൂപ്രണ്ട്, 4 ക്ലാര്‍ക്ക്, 1 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും.

1000 – 2000 ഇടയ്ക്ക് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍, 2 ക്ലര്‍ക്ക് , 1 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും.

1000 ല്‍ താഴെ അപേക്ഷകള്‍ നിലനില്‍ക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍, നിലവിലുളള സ്റ്റാഫിന് പുറമേ, വകുപ്പിനുളളില്‍ നിന്നു തന്നെ അധിക ജീവനക്കാരെ വിന്യസിച്ച് അപേക്ഷകള്‍ തീര്‍പ്പാക്കണം. അപേക്ഷകളുടെ എണ്ണം 100-ന് മുകളില്‍ വരുന്ന വില്ലേജുകളില്‍, ഭൂമിയുടെ തരം മാറ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി, ഒരു ക്ലര്‍ക്കിനെ നിയമിക്കും.

18 ആര്‍.ഡി.ഒ. ഓഫീസുകളുടെ പരിധിയില്‍ വരുന്ന 51 താലൂക്കുകളില്‍ 1 ക്ലാര്‍ക്ക്, 3 സര്‍വ്വേയര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. അത്തരത്തില്‍ ആകെ 18 ജൂനിയര്‍ സൂപ്രണ്ടിന്റേയും, 819 ക്ലര്‍ക്ക്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും, 153 സര്‍വ്വേയരുടേയും അധിക തസ്തികകള്‍ സൃഷ്ടിക്കും.

വാഹന സൗകര്യം

വില്ലേജുകളില്‍ നിലവില്‍ യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ ഫീല്‍ഡ് പരിശോധനക്കായി, 2 വില്ലേജുകളില്‍ ഒരു വാഹനം എന്ന നിലയ്ക്ക്, 680 വില്ലേജുകളില്‍ വാഹനസൗകര്യം അനുവദിക്കും.

ഐ.റ്റി അനുബന്ധ സൗകര്യങ്ങള്‍

അഞ്ച് കോടി തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം രൂപ (5,99,93,000/- രൂപ) ചെലവഴിച്ച് കംപ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ തുടങ്ങിയവ വാങ്ങി നല്‍കും. ആറ് മാസത്തേക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് – 31,61,00,540 (മുപ്പത്തിയൊന്ന് കോടി അറുപത്തിയൊന്ന് ലക്ഷത്തി അഞ്ഞൂറ്റി നാല്‍പ്പത് രൂപ).

അപേക്ഷകള്‍ സാങ്കേതികതയില്‍ കുരുങ്ങി കിടക്കാതിരിക്കാന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യാനായി നിയമത്തിനുള്ളില്‍ നിന്നു കൊണ്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കുവാന്‍ റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലിലുള്ള അപേക്ഷകളില്‍ ജനുവരി 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കാന്‍ കഴിയാവുന്ന വിധത്തിലാണ് SOP തയ്യാറാക്കുന്നത്.

നിലവില്‍ ഓരോ ആര്‍.ഡി.ഒ ഓഫീസുകളിലുമുള്ള അപേക്ഷകള്‍ എക്സല്‍ ഷീറ്റിലേക്ക് മാറ്റി ഓരോ വില്ലേജുകളിലേയും പരിശോധനാ രേഖകള്‍ പ്രത്യേകമായി രേഖപ്പെടുത്തും. വില്ലേജുകളിലെ പരിശോധനക്കായി സമയക്ലിപ്തത നിജപ്പെടുത്തും.

വില്ലേജുകളില്‍ നിന്നുള്ള സ്ഥല പരിശോധനയ്ക്കായി 100 അപേക്ഷകളില്‍ കൂടുതലുള്ള വില്ലേജുകള്‍ക്ക് ഒരു വാഹനം എന്ന നിലയില്‍ 6 മാസത്തേക്ക് വാഹന സൗകര്യം നല്‍കും. പരിശോധനക്ക് ശേഷം അദാലത്തുകളിലൂടെ തരം മാറ്റ നടപടികള്‍ വേഗതയും ഒപ്പം സുതാര്യതയും ഉറപ്പു വരുത്തും. തരം മാറ്റവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന അനഭിലഷണീയമായ എല്ലാ പ്രവണതകളും ശക്തമായി ഇടപ്പെട്ട് ഇല്ലാതാക്കും.

6 മാസക്കാലം മിഷന്‍ മോഡില്‍ നടത്തുന്ന ഈ പ്രവര്‍ത്തനം എല്ലാ ആഴ്ചയിലൊരിക്കല്‍ ജില്ലാ കളക്ടറും മാസത്തിലൊരിക്കല്‍ ലാന്റ് റവന്യു കമ്മീഷണര്‍ വിലയിരുത്തും. ഓണ്‍ലൈന്‍ ആക്കിയ ശേഷം ലഭിച്ചിട്ടുള്ള അപേക്ഷകള്‍ കൃത്യമായി ഇടവേളകളില്‍ മന്ത്രി ഓഫീസില്‍ തന്നെ നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

മുന്‍പ് ഭൂമി തരംമാറ്റ അപേക്ഷകള്‍ കൈമാകര്യം ചെയ്യുന്നതില്‍ ചില അനഭഷണീയ പ്രവണതകള്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഓ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും മാറ്റി നിയമിക്കുകയുണ്ടായി. തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ ആര്‍ഡിഓ ഓഫീസിസുകളിലും ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ഒരേ സമയം മിന്നല്‍പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നും ഇനം മാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ ഒരുവിധ അനഭഷണീയമായ പ്രവണതകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

2018 ലെ‍ നിയമഭേദഗതി നിലവില്‍ വന്ന 30/12/17 മുതല്‍ 2021മാര്‍ച്ച് 31 വരെയുള്ള ദീര്‍ഘമായ 4 വര്‍ഷത്തിലേറെയുള്ള കാലയളവില്‍ 96674 അപേക്ഷകള്‍ മാത്രമാണ് ആര്‍ഡിഒ ഓഫീസുകളില്‍ ലഭിച്ചതെങ്കില്‍ 2021 ഏപ്രില്‍ 1 മുതല്‍ നാളിതു വരെയുള്ള 9 മാസ കാലയളവില്‍ മാത്രം ഒരു ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 2017 ഡിസംബര്‍ 30 മുതല്‍ 2021 മാര്‍ച്ച് വരെ 35303 അപേക്ഷകളാണ് തീര്‍പ്പാക്കിയിട്ടുള്ളത്.

ഇതില്‍ ബാക്കിയുള്ള 61371 അപേക്ഷകളും 2021 ഏപ്രില്‍ 1 നു ശേഷം ലഭിച്ച 94511 അപേക്ഷകളും ചേര്‍ത്തുള്ള 155852 അപേക്ഷകളില്‍ 40754 അപേക്ഷകള്‍ കഴിഞ്ഞ 9 മാസം കൊണ്ട് മാത്രം തീര്‍പ്പാക്കിയിട്ടുണ്ട്.
2017 നും 2021 മാര്‍ച്ചിനും ഇടയിലുള്ള 4 വര്‍ഷംകൊണ്ട് 35303 അപേക്ഷകളാണ് തീര്‍പ്പാക്കിയതെങ്കില്‍, 2021 ഏപ്രില്‍ മുതല്‍ ഉള്ള 9 മാസക്കാലയളവില്‍ മാത്രം 40754 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായിട്ടുണ്ട്.

2021 ഏപ്രില്‍ മാസത്തിനു ശേഷം അനിയന്ത്രിതമായി ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകള്‍ ആര്‍ ഡി ഒ ഓഫീസുകളില്‍ ലഭിച്ചപ്പോള്‍ തന്നെ കൂടുതലായി 7 ജീവനക്കാരെ വീതം ഓരോ ആര്‍ഡിഒ ഓഫീസുകളില്‍ വിന്യസിച്ചു കൊണ്ട് ഗൗരവമായി ഇടപെടല്‍ നടത്തിയതുകൊണ്ടാണ് നാല്‍പ്പതിനായിത്തിലധികം അപേക്ഷകള്‍ ഇക്കഴിഞ്ഞ 9 മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

കൂടാതെ 2022 ജനുവരി മുതല്‍ ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാറ്റിയിട്ടുള്ളതുമാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ധാരാളമായി വന്നു കൊണ്ടിരിക്കുന്ന തരം മാറ്റ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയില്ലായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News