കൊന്നുകളഞ്ഞിട്ടും തോറ്റു പോകാത്ത ധീരതയാണ് ധീരജ്……….

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിൻ്റെ 22-ാം ജന്മദിനം എസ്.എഫ്.ഐ ആചരിച്ചത് വിപുലമായ പരിപാടികളോടെ. ഇടുക്കി എഞ്ചിനീയറിംഗ് കോളജിന്  മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു.

കൊന്നുകളഞ്ഞിട്ടും തോറ്റു പോകാത്ത ധീരതയാണ് ധീരജ് എന്ന മുദ്രവാക്യമുയർത്തി ജില്ലയിലെ 14 കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പിന്തിരിഞ്ഞോടാത്ത ധീരതയുടെ പേരാണ് ധീരജ്. 22 O2 2222. ഈ മാന്ത്രിക നമ്പറിൽ 22 – ആം പിറന്നാൾ ആഘോഷിക്കേണ്ടവനായിരുന്നു ധീരജ്. അക്കങ്ങളുടെ പ്രത്യേകതയിൽ ഒരു പക്ഷേ അവൻ്റെ കലാലയും ഈ പിറന്നാൾ ഏറ്റെടുക്കുമായിരുന്നു.

പക്ഷേ ഈ കലാലയത്തിന് അത്രമേൽ പ്രീയപ്പെട്ടവൻ്റെ ജൻമദിനം അവനില്ലാതെയാണ് അവൻ്റെ  കൂട്ടുകാർ ആചരിച്ചത്. പാട്ടും പൊട്ടിച്ചിരികളും നിറയേണ്ട മുഖങ്ങളിൽ മൗനം തളംകെട്ടി.

കോളജിന് മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളും പങ്കു ചേർന്നു.  ധീരജിൻ്റെ മരണത്തോട് എസ്.എഫ്.ഐ പകരം ചോദിക്കുക ആശയങ്ങൾ കൊണ്ടായിരിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു പറഞ്ഞു.

കലാലയത്തെ സജീവവും സർഗാത്മകവുമാക്കിയ ധീരജിൻ്റെ ഓർമകൾ സഹപാഠികൾ പങ്കുവെച്ചു. കഠാര രാഷ്ട്രീയത്തിൻ്റെ വക്താക്കളായ കെ.എസ്.യു കോൺഗ്രസ് നേതൃത്വം അവൻ്റെ സ്മരണകളെ പോലും ഭയപ്പെടുകയാണ്. അവൻ്റെ ഓർമകളെ അപമാനിക്കുവാൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും  വിദ്യാർഥികൾ പറഞ്ഞു.

ധീരജിൻ്റെ അച്ഛൻ രചിച്ച കവിതകളും അനുസ്മരണ പരിപാടിയിൽ വിദ്യാർഥികൾ ഈണം നൽകി അവതരിപ്പിച്ചു. ജില്ലയിലെ 14 ഏരിയാ കേന്ദ്രങ്ങളിലും എസ്.എഫ്.ഐ അനുസ്മരണ പരിപാടികൾ നടത്തി. ധീരജിൻ്റെ ജൻമദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണവിതരണവും എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here