കോ‍ഴിക്കോട് കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടുപേർ പിടിയില്‍

കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടുപേർ ഫോറസ്റ്റിൻ്റെ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അജ്മല്‍ റോഷന്‍, ഓമശ്ശേരി സ്വദേശി സഹല്‍ എന്നിവരെ താമരശ്ശേരി ഫോറസ്റ്റ് സംഘമാണ് പിടിയിലായത്. വനപാലകരെ കണ്ട് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

വിദേശത്ത് നിന്നും എത്തിച്ച നാലര കിലോ തിമിംഗല ചര്‍ദിയുമായാണ് രണ്ടുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കോഴിക്കോട് കിഴക്കോത്ത് സ്വദേശി അജ്മല്‍ റോഷന്‍, ഓമശ്ശേരി നീലേശ്വരം സ്വദേശി സഹല്‍(27) എന്നിവരെ കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച് ഫോറസ്റ്റ് സംഘമാണ് പിടികൂടിയത്.

കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ, യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ പി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് തിമിംഗല ചര്‍ദി പിടികൂടിയത്. ഇന്ത്യയില്‍ ഇത് കൈവശം വെക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.

കിലോക്ക് 55 ലക്ഷം രൂപ വില നിശ്ചയിച്ച് കൈമാറാനുള്ള ശ്രമത്തിനിടെയാണ് വനപാലകര്‍ ഇവരുടെ കാറ് വളഞ്ഞത്. തിമിംഗല ചര്‍ദിയുമായി അജ്മാല്‍ റോഷന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. ഇതോടെ സഹല്‍ കാറുമായി രക്ഷപ്പെട്ടു.

ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ കാറ് മതിലില്‍ ഇടിച്ചു. ഇറങ്ങി ഓടിയ സഹലിനെ വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിദേശത്ത് നിന്നാണ് തിമിംഗല ചര്‍ദി എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. ഇവര്‍ സഞ്ചരിച്ച കാറും ഫോറസ്റ്റ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here