‘നഷ്ടമായത് സ്വന്തം ചേച്ചിയെ’; മോഹൻലാൽ

കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ വിറങ്ങലിച്ച് മലയാള സിനിമാലോകം.നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു.

മോഹന്‍ലാല്‍ പങ്കു വച്ച ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ;

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.

അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ.

ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല.

പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.

അമ്മ മഴക്കാറിന്‌ കൺനിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു

കന്നിവെയിൽ പാടത്ത്‌ കനലെരിഞ്ഞു

ആ മൺകൂടിൽ ഞാൻ പിടഞ്ഞു…’

‘മാടമ്പി’ എന്ന സിനിമയിലെ ഈ ഗാനം മലയാളികൾ ഒരു കാലത്തും മറക്കില്ല.മോഹൻലാൽ കെ പി എ സി ലളിത കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രത്തിലെ ഗാനത്തിന്‍റെ  ഈ വരികൾ അമ്മ-മകൻ ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു.

അധികം സിനിമകളിൽ മോഹൻലാലിനൊപ്പം കെ പി എ സി ലളിത അഭിനയിച്ചിട്ടില്ലെങ്കിലും സ്ഫടികത്തിലെയും മാടമ്പിയിലേയും അമ്മ വേഷങ്ങൾ ജ്വലിച്ചു നിൽക്കുന്നവയാണ്. ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന, തേൻമാവിൻ കൊമ്പത്ത്,ഭരതം,വിയറ്റ് നാം കോളനി തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റെ സംഭാവനകളാണ്.

സംവിധായകനും നടനുമായ മകന്‍ സിദ്ദാര്‍ത്ഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റില്‍ ഇന്നലെ രാത്രി 10.30ന് ആയിരുന്നു കെപിഎസി ലളിതയുടെ (74) അന്ത്യം.

കരള്‍രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെപിഎസി ലളിതയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

രാവിലെ എട്ടു മുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും.

സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ സംസ്‌കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News