കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ സാംസ്ക്കാരിക കേരളം

മലയാളിയുടെ പ്രിയപ്പെട്ട കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. ഓരോ മലയാളിയുടെയും വീട്ടിലെ ഒരംഗം എന്നപോലെ എല്ലാവരുടെയും മനസ്സിലെ നിറസാന്നിധ്യമായിരുന്നു കെ പി എ സി ലളിത.

പത്താം വയസുമുതൽ കലാരംഗത്ത് പ്രവർത്തിച്ച അവർ കേരളത്തിലെ ജനകീയ നാടകവേദിയായ കെ പി എ സി യിലൂടെയാണ് ജനമനസുകളിൽ നിറഞ്ഞത്. പിന്നീട് സിനിമാരംഗത്ത് സജീവമായി.

അറുന്നൂറോളം സിനിമകളിൽ അഭിനയിച്ചു.രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങൾ നേടി.

ഒരു മലയാള സിനിമയിൽ ഉടനീളം ശബ്ദം കൊണ്ടുമാത്രം അവർ അഭിനയിച്ചിട്ടുണ്ട്. ആ ശബ്ദം മലയാളിക്ക് ഏറെ സുപരിചിതവും ആയിരുന്നു. ‘കഥതുടരും’ എന്ന മനോഹരമായ ഒരു ആത്മകഥയും ലളിതയുടേതായിട്ടുണ്ട്.

നാടകനടി, സിനിമാനടി എന്ന നിലയിലെല്ലാം പേരെടുത്ത് നിൽക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തോടുള്ള കൂറ് അവർ ഉയർത്തിപ്പിടിച്ചു. രാഷ്ട്രീയ അഭിപ്രായം തുറന്നുപറയാനും സാമൂഹ്യമായ ഇടപെടൽ നടത്താനും കെ പി എ സി ലളിത മടിച്ചില്ല. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൻ ആയിരുന്നു.

മുഴുവൻ മലയാളികളുടെയും മനസ്സിൽ സങ്കടം നിറച്ചുകൊണ്ടാണ് കെ പി എ സി ലളിത വിടവാങ്ങിയത്. അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി എ വിജയരാഘവൻ പ്രതികരിച്ചു.

കെ.പി.എ.സി.ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്കാരിക മേഖലയിൽ അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നാടക-സിനിമ രംഗത്ത് അഭിനയിച്ച് ലോകപ്രശസ്തി നേടിയ കലാകാരി എന്ന നിലയിൽ കേരളം എന്നും കെ.പി.എ.സി ലളിതയെ ഓർക്കും . എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്ന ധീര വനിതയാണ് കെ.പി.എ.സി.ലളിത.

വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് അവരുമായി ഉണ്ടായിരുന്നത്. നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും കോടിയേരി ബാലകൃഷ്ണൻ കുറിച്ചു.

കെ.പി.എ.സി.ലളിതയുടെ നിര്യാണത്തിൽ സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അനുശോചിച്ചു. കലാകേരളത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ അഭിനേത്രിയായിരുന്നു കെ.പി.എ.സി.ലളിത.

അമ്മയായും സഹോദരിയായും തൊട്ട്‌ അയൽക്കാരിയായുമൊക്കെ നമ്മുടെ മനസ്സിൽ വിസ്മയം സൃഷ്ടിച്ച KPAC ലളിതയുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടമാണ് .

കൈയിൽ കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു KPAC ലളിത .കെ.പി.എ.സി ലളിതയുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടം തന്നെയാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News