സര്‍ക്കാരാണ് ശരി ; കണ്ണൂര്‍ വി സി പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു

കണ്ണൂർ സർവകലാശാല വി സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. സർക്കാർ നടപടിയിൽ  ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന സിംഗിൾ ബഞ്ചിൻ്റെ കണ്ടെത്തൽ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളി.

നിയമനം നിയമപരമാണെന്ന് അപ്പീൽ ഹർജി തള്ളിക്കൊണ്ട് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. നിയമനം രാഷ്ട്രീയ വിവാദമാക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനും ഗവർണ്ണർക്കും തിരിച്ചടിയായിരിക്കുകയാണ് ഡിവിഷൻ ബഞ്ചിൻ്റെ സുപ്രധാന ഉത്തരവ്.

സർക്കാർ ഉന്നയിച്ച എല്ലാ വാദമുഖങ്ങളും ഡിവിഷൻ ബഞ്ചും  അംഗീകരിച്ചു . പുനർ നിയമനം ആദ്യ നിയമനത്തിൻ്റെ തുടർച്ചയാണന്നും സെലക്ഷൻ കമ്മിറ്റി വഴിയുള്ള നിയമന നടപടികളുടെ ആവശ്യമില്ലന്നുമായിരുന്നു  സർക്കാരിൻ്റെ  വാദം.

അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഈ വാദം ഡിവിഷൻ ബഞ്ചും അംഗീകരിക്കുകയായിരുന്നു. 60 വയസ് പ്രായപരിധി ആദ്യ നിയമനത്തിന് മാത്രമാണ് ബാധകമെന്നും പുനർ നിയമനത്തിന് ബാധകമല്ലന്നും യുജിസി ചട്ടങ്ങളിൽ ഉയർന്ന പ്രായപരിധിയോ കാലാവധിയോ നിഷ്ക്കർഷിച്ചിട്ടില്ലന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതും കോടതി അംഗീകരിച്ചു.

നിയമനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സര്‍വ്വകലാശാലാ ചട്ടങ്ങള്‍ക്ക് വിധേയമായാണ് നടന്നതെന്ന് നേരത്തെ സിംഗിൾ ബഞ്ച് കണ്ടെത്തിയിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ അപ്പീൽ നൽകിയത്.

എന്നാൽ അപ്പീലും തളളിയതോടെ ഹർജിക്കാരുടെയും പ്രതിപക്ഷത്തിൻ്റെയും വാദങ്ങളുടെ മുനയൊടിഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.  ബിന്ദുവിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നു എന്നും ഇതോടെ വ്യക്തമാവുകയാണ്.

നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ നൽകിയ ഹർജി ലോകായുക്തയും തള്ളിയിരുന്നു. സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചതെന്ന് ആരോപിച്ച  പ്രതിപക്ഷത്തിനും വിഷയത്തിൽ പ്രതിപക്ഷത്തിനൊപ്പം നിന്ന ഗവർണർക്കും ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ് തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News