ഐ.എസ്.എല്‍ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം

ഐ.എസ്.എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്.

16 മത്സരങ്ങളിൽ നിന്നും ഇവാൻ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് 27 പോയിന്റാണ്. ടീമിന് ബാക്കി ഉള്ളത് ഹൈദരാബാദിനോട് ഉൾപ്പെടെ നാലേ നാലു മത്സരങ്ങൾ.

പോയിൻറ് പട്ടികയിലെ ആദ്യ 4 സ്ഥാനക്കാർ മാത്രമാണ് സെമിയിലെത്തുകയെന്നതിനാൽ അഡ്രിയാൻ ല്യൂണയ്ക്കും സംഘത്തിനും തുടർ വിജയം അഭിമാന പ്രശ്നമാണ്. മുംബൈ സിറ്റിയും ബെംഗളുരു എഫ്.സിയും ഒഡീഷ എഫ്.സിയും ശക്തമായ വെല്ലുവിളി ഉയർത്തി തൊട്ടുപിന്നിൽ തന്നെ ഉണ്ടെന്നതിനാൽ ചെറിയ അലസത പോലും ദോഷം ചെയ്യും.

എ.ടി.കെ മോഹൻ ബഗാനെതിരെ പുറത്തെടുത്ത അത്യുജ്വല പോരാട്ടവീര്യം ഒരു നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ടീമിന് നവോന്മേഷം പകർന്നിട്ടുണ്ട്. ഇതേ വരെ കപ്പെടുത്തിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സ്, ചരിത്രത്തിലാദ്യമായി കപ്പ് ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ്.

പോരാട്ടവീര്യത്തിൽ ഏറെ മുന്നിലാണ് ലെസ്കോവിച്ചും സിപോവിച്ചും ഖാബ്രയും അടങ്ങുന്ന പ്രതിരോധം. എ.ടി.കെ യ്ക്കെതിരെ ചുവപ്പ് കാർഡ് പെരീര ഡിയാസ് കൊമ്പന്മാരുടെ നിരയിൽ ഉണ്ടാകില്ല. പ്രഭ്ശുകൻ സിങ് ഗില്ലിന്റെ വിസ്മയ സേവുകളും ടീമിന് തുണയാകും.

ആക്രമണത്തിൽ ല്യൂണ തന്നെ മുന്നിൽ നിന്ന് നയിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത് ആദ്യപാദ വിജയത്തിന്റെ തനിയാവർത്തനമാണ്. അതേ സമയം ബർത്തലോമിയോ ഒഗ്ബച്ചെയുടെ അസാധാരണ ഗോളടി മികവിലാണ് നൈസാമുകളുടെ പ്രതീക്ഷ.

16 ഗോളുകളാണ് ഈ ഹൈദരാബാദ് എഫ് സി സ്ട്രൈക്കർ ഇതേ വരെ നേടിയത്. 17 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ലീഗിൽ നമ്പർ വണ്ണായി തുടരുന്ന ഹൈദരാബാദിന് ആദ്യപാദത്തിലെ തോൽവിക്ക് കണക്ക് തീർക്കണം. സീസണിൽ ഒട്ടേറെ ത്രില്ലറുകൾക്ക് വേദിയായ ബമ്പോളിം സ്റ്റേഡിയത്തിൽ വീണ്ടും ഒരു ബമ്പർ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here