കിഴക്കൻ മേഖലയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി റഷ്യ

കിഴക്കൻ ഉക്രൈനിലെ ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ ജനകീയ റിപ്പബ്ലിക്കുകളെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചതിനുപിന്നാലെ യുദ്ധഭീതി കടുത്തു. ഉക്രൈന്‍ യുദ്ധസമാന സാഹചര്യത്തിലേക്ക്‌ നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

മേഖലയിലേക്ക്‌ കൂടുതൽ റഷ്യൻ പട്ടാളവും ടാങ്കറുകളും എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന്റെ ആദ്യപടിയാണിതെന്ന്‌ പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു. റഷ്യ ഉക്രൈനിലേക്ക്‌ അധിനിവേശം തുടങ്ങിക്കഴിഞ്ഞതായി ബ്രിട്ടനും അമേരിക്കയും കുറ്റപ്പെടുത്തി. ഉക്രൈനും കിഴക്കൻ മേഖലയിൽ കൂടുതൽ യുദ്ധസന്നാഹം ഒരുക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങി.

മേഖലകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച പ്രമേയത്തിൽ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ തിങ്കളാഴ്ച രാത്രിയാണ്‌ ഒപ്പിട്ടത്‌. ഇരു റിപ്പബ്ലിക്കുകളുടെയും തലവന്മാരുമായി സൗഹൃദ കരാറിൽ ഒപ്പിട്ടു. നീക്കത്തെ എതിർത്ത്‌ അമേരിക്ക ഡോൺബാസ്‌ മേഖലയിൽ ഉപരോധം ഏർപ്പെടുത്തി.

റഷ്യക്കുമേൽ കൂടുതൽ ഉപരോധം അടുത്തദിവസം പ്രഖ്യാപിക്കും. അഞ്ച്‌ റഷ്യൻ ബാങ്കിനും മൂന്ന്‌ ശതകോടീശ്വരർക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽനിന്ന്‌ പ്രകൃതിവാതകം എത്തിക്കുന്ന നോർഡ്‌ സ്‌ട്രീം 2 പൈപ്പ്‌ലൈൻ പദ്ധതി മരവിപ്പിക്കുന്നതായി ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌ പ്രഖ്യാപിച്ചു.

ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുന്നത്‌ ചർച്ച ചെയ്യുകയാണ്‌. യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. റഷ്യൻ നിലപാടിനെതിരെ മറ്റ്‌ അംഗരാജ്യങ്ങൾ രൂക്ഷ വിമർശം ഉന്നയിച്ചു.

യൂറോപ്യൻ യൂണിയനും അടിയന്തര യോഗം ചേർന്നു. ഡോൺബാസ്‌ മേഖലയിൽ അഞ്ചിടത്തായി ഉക്രൈന്‍ ബുക്‌ എം 1 വ്യോമവേധ മിസൈൽ യൂണിറ്റുകൾ സജ്ജമാക്കി. സ്വതന്ത്രമേഖലയിലേക്ക്‌ അഞ്ചുതവണ റോക്കറ്റ്‌ ആക്രമണം നടത്തി.

മേഖലയിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കില്ലെന്ന്‌ ഉക്രൈന്‍ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി വ്യക്തമാക്കി. ഉക്രൈനുമായി നയതന്ത്ര ബന്ധം തുടരാനാണ്‌ റഷ്യ ആഗ്രഹിക്കുന്നതെന്ന്‌ പുടിൻ വ്യക്തമാക്കി. ഡൊണെട്‌സ്ക്‌, ലുഹാൻസ്ക്‌ മേഖലയിൽ സമാധാനം ഉറപ്പാക്കാനാണ്‌ സൈനികരോട്‌ നിർദേശിച്ചത്‌. പഴയ സാമ്രാജ്യം പുനർനിർമിക്കാനുള്ള ശ്രമമാണ്‌ റഷ്യയുടേത്‌ എന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News