തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ ഗവേണന്‍സ് സംവിധാനം ഒരുക്കും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനും വേണ്ടി ആധുനിക ഇ ഗവേണന്‍സ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമ്പതോളം ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളും എന്‍.ഐ.സി., ഐ ടി മിഷന്‍, ഐ.ഐ.ഐ.ടി.എം.കെ തുടങ്ങിയ ഏജന്‍സികളുടെ സോഫ്റ്റ് വെയറുകളും സംയോജിപ്പിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഇതിന്റെ നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ളത്. ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനായി കെ.ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ബാബു (റിട്ട. ഐ.എ..എസ്.) ചീഫ് മിഷന്‍ ഡയറക്ടറായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മറ്റ് വിഷയ സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിക്കും.

മറ്റ് ഏജന്‍സികളുടെ സോഫ്റ്റ് വെയറുകള്‍ കൂടി ഉപയോഗപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഇ ഗവേണന്‍സ് മേഖലയിലെ വിവിധ ഏജന്‍സികളായി ഐ.കെ.എം., എന്‍.ഐ.സി., ഐ.ടി മിഷന്‍, ഐ.ടി മേഖലയിലെ ഗവേഷക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഇ ഗവേണന്‍സ് കണ്‍സോര്‍ഷ്യം രൂപീകരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഇ ഗവേണന്‍സ് കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

ആധുനിക സാങ്കേതിക വിദ്യകളായ ക്ലൗഡ് കമ്പ്യൂട്ടറിംഗ്, ഡേറ്റ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ്, വെര്‍ച്വല്‍ ആന്റ് ഓഗ്മെന്റേഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയവയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുക.

ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ അതിവേഗതയിലും കൃത്യതയോടെയും പൊതുജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ലഭ്യമാക്കാന്‍ കഴിയും.

തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന ജോലി ഭാരം ലഘൂകരിക്കുന്നതിനൊപ്പം ഒട്ടേറെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലുള്ള പ്രയാസങ്ങള്‍ക്കും പരിഹാരം കാണാനാവും. 6 മാസത്തിനകം തന്നെ പ്രാഥമിക സേവനങ്ങള്‍ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. ഒരു വര്‍ഷത്തിനകം മുഴുവന്‍ സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ വിന്യാസം ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ലോകോത്തര ഐ ടി സ്ഥാപനമായി വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഐ ടി മേഖലയിലെ സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News