ലളിതം സുന്ദരം ഈ ജീവിതം….

എന്നും വിപ്ലവത്തോടൊപ്പമായിരുന്നു കെ പി എ സി ലളിത. ജനകീയ നാടക വിപ്ലവത്തിന് കോപ്പുകൂട്ടിയ ആ നാലക്ഷരം പിന്നീടവര്‍ പേരിനോടു തുന്നിച്ചേര്‍ത്തു. സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു കെപിഎസി ലളിതയുടെ അച്ഛന്‍. ചങ്ങനാശ്ശേരി സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന കെ അനന്തന്‍ നായര്‍ക്ക് മഹേശ്വരി അമ്മ എന്ന തന്റെ മകളെ കലാകാരിയാക്കാനായിരുന്നു ആഗ്രഹം. മഹേശ്വരി അമ്മയുടെ കുട്ടിക്കാലം ദാരിദ്ര്യ പൂര്‍ണമായിരുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയകാലത്ത് കലാമണ്ഡലം ഗംഗാധരന്‍ മാഷിന്റെ കീഴിലെ നൃത്തപഠനമാണ് ലളിതയെ കലാരംഗത്തെത്തിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അച്ഛനുള്ള അടുപ്പമാണ് ലളിതയെ കെ പി എ സി യില്‍ നയിച്ചത്. കെ പി എ സി യില്‍ എത്തിയ ശേഷം തോപ്പില്‍ഭാസിയുടെ ശിക്ഷണവും ഇഎംഎസും ഇ കെ നായനാരും അച്യുതമേനോനും ഒക്കെ ആയുള്ള സൗഹൃദവും കെപിഎസി ലളിതയെ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരിയാക്കി. പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ എന്ന് എക്കാലവും വിപ്ലവകാരികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഗാനത്തിന് ചുവടുവെച്ചായിരുന്നു ലളിതയുടെ തുടക്കം.

സഖാവ് ലളിത എന്ന് ആദ്യം വിളിച്ചത് ഇഎംഎസ് ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ലളിത. പാര്‍ട്ടി സമ്മേളനങ്ങളില്‍ ആവേശമായി നിരവധി തവണ സ്വാഗത ഗാനം ആലപിക്കാനുള്ള ചുമതലയും കെപിഎസി ലളിതയ്ക്ക് ആയിരുന്നു. നാടക വണ്ടികള്‍ കാണുമ്പോള്‍ സഖാക്കള്‍ ഓടി കൂടുന്നത് മനസ്സിലെന്നും ആവേശമായിരുന്നു ലളിതയ്ക്ക്. പേരിനു മുന്നേ ലളിത കൊണ്ടുനടന്ന ആ നാലക്ഷരം അഭിനയത്തികവിന്റെയും അനുഭവത്തിന്റെയും മാത്രമായിരുന്നില്ല, ലളിത പിന്തുടര്‍ന്ന അടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രത്യേയ ശാസ്ത്ര ബോധം കൂടിയായിരുന്നു.

ചോരയുറക്കും വരെ ഞാന്‍ നിങ്ങളുടെ സഖാവാണെന്ന് കയര്‍ തൊഴിലാളികളോടും കര്‍ഷകത്തൊഴിലാളികളും വിളിച്ചുപറയാന്‍ സെല്ലുലോയ്ഡിന്റെ ഗ്ലാമറൊന്നും ലളിതയ്ക്ക് തടസ്സമായിരുന്നില്ല. നവലിബറല്‍ നിഷ്പക്ഷരുടെ സോഷ്യല്‍ മീഡിയയിലെ പങ്കു ചേരലുകളായിരുന്നില്ല ലളിതയ്ക്ക് കമ്മ്യൂണിസം, അതൊരു വിശ്വാസവും ബോധവും ആയിരുന്നു. ആ ബോധത്തിനും വിശ്വാസത്തിനും സിപിഐഎം അവസാനം വരെ കെപിഎസി ലളിതയെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. ഇനി ഉറക്കെ രാഷ്ട്രീയം പറയാന്‍ ലളിതയില്ല, എങ്കിലും വിപ്ലവത്തിന്റെ പൊന്നരിവാളായി ലളിത ഉദിച്ചു നില്‍ക്കും…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News