അഭിനയ വിസ്മയം നടി കെപിഎസി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച അഭിനയ വിസ്മയം നടി കെപിഎസി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തിയ്യറ്ററിലും,വടക്കാഞ്ചേരി നഗരസഭാ ആസ്ഥാനത്തും  പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് അന്ത്യാജ്ഞലിയർപ്പിക്കാനെത്തിയത്.

വടക്കാഞ്ചേരിയിലെ പൊതു ദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു  സംസ്കാരം. 2 മണിയോടെയാണ്  കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കൂടിയായിരുന്ന കെ.പി.എ.സി ലളിതയുടെ ഭൗതീക ശരീരം   റീജിയണല്‍ തിയ്യറ്ററില്‍ എത്തിച്ചത്.

വിലാപയാത്ര എത്തും മുൻപ് തന്നെ അക്കാദമി അങ്കണവും പരിസരവും ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. കളക്ടർ ഹരിത വി കുമാർ സംസ്ഥാന സര്‍ക്കാരിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. ചലച്ചിത്ര താരം  ഇന്നസെൻ്റ്, സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ,   സഫടികം ജോർജ്, ടിനി ടോം, വിദ്യാധരൻ മാസ്റ്റര്‍,  തുടങ്ങി ചലച്ചിത്ര സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ നാടക അക്കാദമിയിൽ വച്ച് അന്തിമോപചാരമർപ്പിച്ചു.

ഗ്രാമത്തിൻ്റെ മുഖം കൊത്തിവച്ചതു പൊലെയാണ് കെ.പി.എ.സി ലളിത എന്നാണ് ഇന്നസെൻ്റ് അനുസ്മരിച്ചത്. വിവിധ അക്കാദമി  പ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരും   കെ പി എ സി ലളിതയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

അക്കാദമിയിലെ  പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ ഭൗതിക ശരീരവുമായി  വടക്കാഞ്ചേരിയിലേക്ക് യാത്രയായി. തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് ഒരു മണിക്കൂർ നീണ്ട പൊതു ദർശനം. ആദരാസൂചകമായി ഉച്ചമുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് ദുഖചാരണത്തിലായിരുന്നു വടക്കാഞ്ചേരി.

പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ  ലളിതയോടുള്ള സ്നേഹവായ്‌പ് പ്രകടമാകുന്നതായിരുന്നു ഇവിടെയെത്തിയ ആളുകളുടെ ഒഴുക്ക്. ഇവിടത്തെ പൊതു ദര്‍ശനത്തിന് ശേഷം സാസ്കാര ചടങ്ങുകള്‍ക്കായി മ്യതദേഹം കെ.പി.എ.സി ലളിതയുടെ ഓർമകൾ നിറഞ്ഞ വീട്ടിലേക്കെത്തിച്ചു.

തൻ്റെ പ്രിയ സഹപ്രവർത്തകയ്ക്ക്  കവിയൂര്‍ പൊന്നമ്മ, അന്തിമോപചാരം അർപ്പിക്കാനെത്തിയത് ഹ്യദയഭേദകമായിരുന്നു.  തുടര്‍ന്ന് നടന്ന ആചാര ചടങ്ങുകൾക്കും ഔദ്യോഗിക ബഹുമതികൾക്കും ശേഷം 6  മണിക്ക് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതക്ക് തീ കൊളുത്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here